കോഹ്ലിയ്ക്ക് പ്രതിരോധം തീര്‍ത്ത് പാക് സൂപ്പര്‍ താരം, അസംബന്ധങ്ങള്‍ വിളിച്ച് പറയരുത്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേക്കാള്‍ കേമന്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണാണെന്ന ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്റെ അഭിപ്രായത്തെ പരിഹസിച്ച് പാക് മുന്‍ താരം സല്‍മാന്‍ ബട്ട്. ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ലാത്ത വോണാണ് കോഹ്ലിയെ വിലയിരുത്തുന്നതെന്ന് ബട്ട് പരിഹസിച്ചു.

‘കോഹ്ലിയെയും വില്ല്യംസണിനെയും താരതമ്യം ചെയ്തിരിക്കുന്നത് ആരാണെന്നു നോക്കൂ, മൈക്കല്‍ വോണ്‍. അദ്ദേഹം തീര്‍ച്ചയായും ഇംഗ്ലണ്ടിന്റെ വളരെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നു. ടെസ്റ്റില്‍ വോണ്‍ മികച്ച ബാറ്റ്‌സ്മാനായിരുന്നു, പക്ഷെ ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല.’

‘ഓപ്പണറായി കളിച്ചിട്ടുപോലും ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലുമില്ലാത്ത നിങ്ങളുടെ അഭിപ്രായപ്രകടനം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഒരു സംവാദത്തെ ഇളക്കിവിടുന്ന കാര്യങ്ങള്‍ പറയാന്‍ വോണിനു കഴിവുണ്ട്. കൂടാതെ ഒരു വിഷയം പരമാവധി നീട്ടിക്കൊണ്ടുപോവാന്‍ ആളുകള്‍ക്കും ഒരുപാട് സമയവുമുണ്ട്.’

‘വില്ല്യംസണ്‍ മഹാനായ താരമാണ്. അക്കാര്യത്തില്‍ സംശയമില്ല. പക്ഷെ ബാറ്റിംഗില്‍ കോഹ്ലിയും വില്ല്യംസണും തമ്മില്‍ വലിയ അന്തരമുണ്ട്. കോഹ്ലിയുടെ സ്റ്റാറ്റസും പെര്‍ഫോമന്‍സും പ്രത്യേകിച്ചും റണ്‍ചേസിലെ പ്രകടനവും അവിശ്വസനീയമാണ്. നിലവില്‍ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഈ യുഗത്തില്‍ ഇത്രയുമധികം സെഞ്ച്വറികള്‍ നേടിയിട്ടുള്ള മറ്റൊരാളും ലോക ക്രിക്കറ്റില്‍ ഇല്ല’ ബട്ട് പറഞ്ഞു

 

You Might Also Like