സഹലിന് പകരം മൂന്ന് താരങ്ങള്‍, ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വന്‍ ഓഫറുമായി ഐഎസ്എല്‍ ക്ലബ്

കേരള ബ്ലാസ്റ്റേഴ്‌സിനായി കളിയ്ക്കുന്ന മലയാളി യുവതാരം സഹല്‍ അബ്ദുല്‍ സമദിനെ സ്വന്തമാക്കാന്‍ മറ്റൊരു ഐഎസ്എല്‍ ക്ലബ് ശ്രമിച്ചതായി റിപ്പോര്‍ട്ട. സഹലിനെ വിട്ട് നല്‍കിയാല്‍ പകരം അവരുടെ മൂന്ന് താരങ്ങളെ നല്‍കാമെന്ന ഓഫറാണ് ഈ ക്ലബ് ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ വെച്ചത്.

എന്നാല്‍ ഈ ഓഫര്‍ ബ്ലാസ്റ്റേഴ്‌സ് നിരസിക്കുകയായിരുന്നത്രെ. ഏത് ക്ലബാണ് സഹലിനായി ബ്ലാസ്റ്റേഴ്‌സിനെ സമീപിച്ചതെന്ന് വ്യക്തമല്ല.

2017-18 സീസണില്‍ ക്ലബിനായി അരങ്ങേറിയ സഹല്‍ പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ മുഖമായി മാറുകയായിരുന്നു. ആകെ 51 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിഞ്ഞ താരം ഒരു ഗോള്‍ നേടുകയും അഞ്ച് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സഹല്‍ ക്ലബുമായുള്ള കരാര്‍ നീട്ടിയിരുന്നു. 2025 വരെയാണ് താരത്തിന് ക്ലബുമായി കരാറുള്ളത്.

അതേസമയം, സീസണു മുന്നോടിയായി ചില മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്പാനിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്‌കസ് ബ്ലാസ്റ്റേഴ്‌സിലെത്തിയിരുന്നു.

ഐഎസ്എലിലെ വിവിധ ക്ലബുകളില്‍ നിന്നടക്കം ഓഫറുകള്‍ ഉണ്ടായിരുന്നിട്ടും വാസ്‌കസ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുകയായിരുന്നു. എത്ര വര്‍ഷത്തേക്കാണ് കരാറെന്നോ എത്രയാണ് കരാര്‍ തുകയെന്നോ വ്യക്തമല്ല. എങ്കിലും ഒരു സീസണിലേക്കുള്ള സൈനിങ് ആണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഭൂട്ടാനീസ് റൊണാള്‍ഡോ എന്നറിയപ്പെടുന്ന ചെഞ്ചോയും കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു. ഒരു വര്‍ഷത്തെ കരാറിലാണ് താരം ഐലീഗ് ക്ലബായ പഞ്ചാബ് എഫ്‌സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മുന്‍പ് ബെംഗളൂരു എഫ്‌സിക്കായി താരം കളിച്ചിരുന്നു.

You Might Also Like