; )
കേരള ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം സഹല്‍ അബ്ദുസമിദുമായുളള കരാര്‍ 2025 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് സഹലുമായുളള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് പുതുക്കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ബ്ലാസ്‌റ്റേഴ്‌സുമായി 2022 വരെ കരാറുളള താരമാണ് സഹല്‍. ഇതാണ് മൂന്ന് വര്‍ഷം കൂടി നീട്ടി 2025 വരെ ആക്കിയിരിക്കുന്നത്. അതെസമയം കരാര്‍ വിഷദാംശങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സഹലിനെ കൂടാതെ നിരവധി ഇന്ത്യന്‍ യുവതാരങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ പുതുക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകകന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ ഏറ്റവും താരമൂല്യമുളള കളിക്കാരനാണ് നിലവില്‍ സഹല്‍. സഹലുമായി 2025 വരെ കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച യുവതാരം വരും വര്‍ഷങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിന്റെ പോസ്റ്റര്‍ ബോയ് ആകും എ്ന്നുറപ്പായി.
സഹലിനെ പോലുള്ളവര്‍ക്ക് തന്റെ ഗെയിംപ്ലാനിംഗില്‍ വലിയ റോള്‍ ഉണ്ടായിരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ കിബു വികൂന ഇതിനോടകം സൂചന നല്‍കിയിട്ടുണ്ട്. ‘അയാളൊരു ഫന്റാസ്റ്റിക് പ്ലെയറാണ്, ഞാന്‍ കണ്ടതില്‍ മികച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍. അദ്ദേഹത്തിന് ഇനിയും മെച്ചപ്പെടാന്‍ സാധിക്കും. ബ്ലാസ്റ്റേഴ്‌സില്‍ അതിനുള്ള സാഹചര്യമുണ്ട് വികുന പറഞ്ഞു.
നേരത്തെ സഹല്‍ ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. എടികെയിലേക്കോ അറബ് ക്ലബുകളിലേക്കോ ആയിരിക്കും സഹല്‍ പോകുക എന്നായിരുന്നു വാര്‍ത്തകള്‍. സഹലിനെ എന്ത് വില കൊടുത്തും സ്വന്തമാക്കുമെന്ന് ബംഗളൂരുവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് സഹല്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.