കൊടുങ്കാറ്റിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സഹലിന് ആകുമോ? നൂല്‍പാലത്തില്‍ മലയാളി താരം

Image 3
FootballISL

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഡച്ച് പരിശീലകന്‍ ഷറ്റോരിയ്ക്ക് കീഴിയില്‍ അരങ്ങേറിയ താരമാണ് മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്. പ്രതീക്ഷിച്ചതുപോലെ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ഈ 22കാരന്‍ പ്രതിഭകൊണ്ടും ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ സഹലിന് കാര്യമായ അവസരം കോച്ച് എല്‍കോ ഷറ്റോരി നല്‍കിയിരുന്നില്ല.

ഐ എസ് എല്ലില്‍ തുടരെ മൂന്നാം സീസണിലും പ്ലേ ഓഫ് റൗണ്ടിലെത്താതെ ബ്ലാസ്റ്റേഴ്സ് സീസണ്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ ഷറ്റോരിയെ പുറത്താക്കിയ മാനേജുമെന്റ് പുതിയ പരിശീലകനാക്കി ഐ ലീഗില്‍ ബഗാനെ കിരീടത്തിലെത്തിച്ച സ്പാനിഷ് പരിശീലകന്‍ കിബു വികൂനയെ കൊണ്ട് വരുകയും ചെയ്തു.

ഇതോടെ സഹലിന്റെ ഭാവിയെന്താകും എന്നായിരുന്നു ആരാധകരുടെ ആകാംക്ഷ. ആ ആശങ്കയ്ക്ക് വിരാമമിട്ട് തന്റെ ടീമിലെ പ്രധാന താരങ്ങളിലൊരാളാകും സഹലെന്ന് വികൂന പ്രഖ്യാപിക്കുകയും ചെയ്തു.

സഹലിനെ പോലുള്ളവര്‍ക്ക് തന്റെ ഗെയിംപ്ലാനിംഗില്‍ വലിയ റോള്‍ ഉണ്ടായിരിക്കുമെന്ന സൂചനയാണ വികൂന ഇതിനോടകം നല്‍കിയിരിക്കുന്നത്. സഹലൊരു ഫന്റാസ്റ്റിക് പ്ലെയറാണ്, താന്‍ കണ്ടതില്‍ മികച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍. സഹലിന് ഇനിയും മെച്ചപ്പെടാന്‍ സാധിക്കും. ബ്ലാസ്റ്റേഴ്‌സില്‍ അതിനുള്ള സാഹചര്യമുണ്ടെന്നും വികുന നിരീക്ഷിക്കുന്നു.

സഹലിനെ സംബന്ധിച്ച് ഇതോടെ അടുത്ത സീസണ്‍ ഏറെ നിര്‍ണ്ണായകമാണ്. സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് സൂപ്പര്‍ താരമായി സഹല്‍ ഉയരുമോ, അതോ പ്രതീക്ഷയുടെ അമിത ഭാരം സഹലിന്റെ പ്രതിഭയെ തളര്‍ത്തുമോ. ഇക്കാര്യത്തിലെ ഉത്തരമെല്ലാം അടുത്ത സീസണിലുണ്ടാകും. സഹലിന് തിളങ്ങാനായാല്‍ ഇന്ത്യയ്ക്ക് ലക്ഷണമൊത്തൊരു അറ്റാക്കറെ ലഭിച്ചെന്ന് ലഭിച്ചെന്ന് നമുക്ക് ആശ്വസിക്കാം. വികൂനയ്ക്ക് കീഴില്‍ സഹല്‍ അത്ഭുതം കാട്ടുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

അടുത്ത സീസണില്‍ തന്റെ മുഖ്യ ആയുധങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന സൂചനയും വികുന നല്‍കി. വിംഗര്‍മാരായി രാഹുല്‍ കെപിയും നോംഗ്ദാംബ നോറെം, മിഡ്ഫീല്‍ഡറായി ജീക്‌സന്‍ സിംഗ് എന്നിവര്‍ക്ക് വലിയ റോളുണ്ടാകും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളില്‍ ജീക്‌സന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് വികുന ഓര്‍ത്തെടുത്തു. ബഗാനെതിരെ ആരോസിന് വേണ്ടി രാഹുല്‍ നല്‍കിയ അസിസ്റ്റ് വികുന മറന്നിട്ടില്ല.

ബഗാനില്‍ തന്റെ ടീമിലുണ്ടായിരുന്നവരെല്ലാം ഐ എസ് എല്‍ കളിക്കാന്‍ മിടുക്കുള്ളവരായിരുന്നു- വികുന പറഞ്ഞു. പരിചയ സമ്പന്നരായ സന്ദേശ് ജിംഗാന്‍, ഓഗ്‌ബെചെ എന്നിവരെ കുറിച്ചും കോച്ച് വികുന ചാറ്റില്‍ പരാമര്‍ശിച്ചു.