സഹലിന് വന്‍ പിന്തുണയുമായി ഷറ്റോരി, വിമര്‍ശകരറിയാന്‍

Image 3
FootballISL

തന്റെ ഇഷ്ട പൊസിഷനില്‍ കളിക്കാന്‍ സാധിക്കുന്നതോടെ ഇനിയുളള മത്സരങ്ങളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മുന്‍ പരിശീലകന്‍ എല്‍കോ ഷറ്റോരി. എടികെ മോഹന്‍ ബഗാനെതിരായ മത്സരം വിലയിരുത്തിയാണ് ഷറ്റോരി ഇക്കാര്യം നിരീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണില്‍ സഹലിന് ഷറ്റോരി വേണ്ട അവസരങ്ങള്‍ നല്‍കിയില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യ സീസണില്‍ എമര്‍ജിങ് പ്ലേയറായ സഹലിനെ ഷറ്റോരി പൊസിഷന്‍ മാറ്റി കളിപ്പിച്ചതും താരത്തിന്റെ മോശം പ്രകടനത്തിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ എന്ന പൊസിഷന് പകരം, വിങ്ങിലും, സെക്കന്‍ഡ് സ്ട്രൈക്കറായുമാണ് സഹലിനെ ഷറ്റോരി ഇറക്കിയത്. ഏഴാം സീസണില്‍ വികുനക്ക് കീഴില്‍ സഹല്‍ തന്റെ പ്രിയപ്പെട്ട പൊസിഷനിലാണ് ആദ്യ മത്സരം കളിച്ചത്. എങ്കിലും കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താതെ സഹല്‍ നിരാശപ്പെടുത്തി.

വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സഹലിനെ പൊസിഷന്‍ മാറ്റി കളിപ്പിച്ചത് എന്നാണ് ഷറ്റോരി പറയുന്നത്. ഇത്തവണ ഇഷ്ട റോളില്‍ കളിക്കാന്‍ സാധിക്കുന്നതോടെ സഹലിന് മികവ് കാണിക്കാനാവും എന്ന് പ്രതീക്ഷിക്കുന്നതായും ഷറ്റോരി പറഞ്ഞു.

37 കളികളാണ് സഹല്‍ ഇതുവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്. എന്നാല്‍ ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് ഇതുവരെ സഹലിന് സ്വന്തം പേരില്‍ കുറിക്കാനായത്. ക്ലബിന്റെ സൂപ്പര്‍ താരമായി സഹലിനെ ഉയര്‍ത്തി കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഈ സീസണ്‍ സഹലിന് ഏറെ നിര്‍ണായകമാണ്.