സഹലിനെ റാഞ്ചാന്‍ മുംബൈയും എടികെയും ബംഗളൂരുവും എറിഞ്ഞത് കോടികള്‍, ഇത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം

സഹല്‍ അബ്ദുസമദുമായി കേരള ബ്ലാസ്‌റ്റേഴ്‌സിന് 2025 വരെ കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞത് വന്‍ നേട്ടമായാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. നാളത്തെ താരമെന്ന് ഐഎം വിജയനും ബൈചുംഗ് ബൂട്ടിയയും ഉള്‍പ്പെടെയുളള താരങ്ങളെല്ലാം വിലയിരുത്തി കഴിഞ്ഞ സഹലിനെ സ്വന്തമാക്കാന്‍ വന്‍ ക്ലബുകള്‍ നടത്തിയ നീക്കങ്ങള്‍ അറിയുമ്പോഴാണ് ഈ ഡീലിന്റെ വലിപ്പമറിയൂ.

സഹലിനെ റാഞ്ചാന്‍ ഇന്ത്യയിലെ വന്‍ ക്ലബുകളെല്ലാം തന്നെ വലിയ ഓഫറുകളുമായി രംഗത്തെത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയും ലയിച്ചൊന്നായ എടികെ മോഹന്‍ ബഗാനും കരുത്തരായ എഫ്‌സി ഗോവയും ബംഗളൂരു എഫ്‌സിയും എല്ലാം ഉള്‍പ്പെട്ടിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.

എന്നാല്‍ ഓഗ്‌ബെചെ അടക്കം മറ്റ് താരങ്ങളോടെല്ലാം സാലറി കുറക്കാന്‍ ആവശ്യപ്പെട്ട ബ്ലാസ്റ്റേഴ്‌സ് സഹലിന് ബ്ലാസ്റ്റേഴ്‌സില്‍ തുടരാന്‍ വാഗ്ദാനം ചെയ്തത് ഒരോ വര്‍ഷവും കോടികളാണ്. ഇതോടെയാണ് സഹലും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ 2025 വരെ ദീര്‍ഘകാലത്തെ കരാര്‍ സാധ്യമാകുന്നത്. കരാറിന്റെ നീളത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും ദീര്‍ഘിച്ച സൈനിംഗ് ആയി സഹലിന്റേത് ഇത് മാറി.

‘കുട്ടിക്കാലം മുതലുള്ള ഏറ്റവും വലിയ അഭിനിവേശവും പ്രതിബദ്ധതയുമാണ് ഫുട്‌ബോള്‍. എന്റെ പ്രൊഫഷണല്‍ കരിയറിന്റെ തുടക്കം മുതല്‍, കെബിഎഫ്സിയുടെ ജേഴ്‌സിയണിഞ്ഞ് ആവേശഭരിതരായ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചു. വരും വര്‍ഷങ്ങളില്‍ ക്ലബിനും എനിക്കും വേണ്ടി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതാണ് എന്റെ നാട്, എന്റെ ആളുകള്‍, എന്റെ വീട്. ഞാന്‍ ഇവിടെതന്നെ തുടരും’ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ നീട്ടിയതിനെ കുറിച്ച് സഹല്‍ പറഞ്ഞത് ഇപ്രകാരമാണ്.

നേരത്തെ നിഷു കുമാറിനെ ബംഗളൂരുവില്‍ നിന്ന് അഞ്ച് കോടിയോളം രൂപ മുടക്കി 2024 വരെ ബ്ലാസറ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. കൂടാതെ ഹക്കുവിനും ജെസ്സലിനും എല്ലാം മികച്ച കരാര്‍ നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇതിനോടകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.

You Might Also Like