ഇനി എടികേയിലേക്കോ, ഷട്ടോരിയോട് പറയാനുളളത്, നിലപാട് വ്യക്തമാക്കി സഹല്‍

കേരള ബ്ലാസ്റ്റേഴ്‌സിലെ മലയാളി സൂപ്പര്‍ താരമാണ് സഹല്‍ അബ്ദുല്‍ സമദ്. ലോക്ഡൗണിലും തിരക്കിലാണ് താരം. പരിശീലനവും വര്‍ക്കൗട്ടും മുടക്കരുത്, അനിയന്‍ സല്‍മാനൊപ്പം ഫിഫ19, പിഇഎസ് വിഡിയോ ഗെയിം കളിക്കണം, നെറ്റ്ഫ്‌ലിക്‌സില്‍ മണി ഹെയ്സ്റ്റ് സീരീസ് കാണണം. ഇതിനിടെ, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കോവിഡ് സെന്ററില്‍ വൊളന്റിയറുമായി. അധികം സംസാരിക്കുന്ന ശീലമില്ലാത്ത സഹല്‍ ആ പതിവു തെറ്റിച്ച് മനോരമയ്ക്ക് അഭിമുഖവും നല്‍കി.
സഹല്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എടികെയിലേക്ക് മാറുന്നതിനെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. എന്നാല്‍ 2022 വരെ ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ടെന്നും ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുന്നതാണ് സന്തോഷമെന്നുമായിരുന്നു സഹലിന്റെ മറുപടി.
കഴിഞ്ഞ സീസണില്‍ വേണ്ടത്ര അവസരം കിട്ടിയില്ലെന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിന് കുറച്ചു സമയമേ കളിക്കാന്‍ കഴിഞ്ഞുള്ളൂ എന്നതു സത്യമാണെന്ന് പറയുന്ന സഹല്‍ പക്ഷേ ഏതാണ്ട് എല്ലാ മത്സരങ്ങളിലും അവസരം കിട്ടിയെന്നും അതില്‍ സന്തുഷ്ടനാണെന്നും കൂട്ടിച്ചേര്‍ത്തു.
സഹലിനെതിരെ ആരോപണം ഉന്നയിച്ച കോച്ച് എല്‍കോ ഷാട്ടോരിയെക്കുറിച്ച് എന്താണു പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍ കോച്ച് എല്‍കോ വളരെ മികച്ച രീതിയില്‍ കളി പറഞ്ഞു തന്നിരുന്നു എന്നായിരുന്നു സഹലിന്റെ മറുപടി. കളിക്കാരനെന്ന നിലയില്‍ മെച്ചപ്പെടുന്നതിന് ആവശ്യമായ ഒട്ടേറെക്കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് പഠിക്കാനായെന്നും അദ്ദേഹം ഉദ്ദേശിച്ച തലത്തിലേക്കെത്താന്‍ ഞാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
ബ്ലാസ്റ്റേഴ്‌സിന് പുതിയ കോച്ചും സപ്പോര്‍ട്ടിങ് സ്റ്റാഫും ഒപ്പം മാനേജ്‌മെന്റ് തന്നെയും മാറുന്നതായി വാര്‍ത്തകള്‍ വന്നല്ലോ എന്ന ചോദ്യത്തിന് മോഹന്‍ ബഗാനെ ഐ ലീഗ് ചാംപ്യനാക്കിയ കോച്ചാണല്ലോ കിബു വിക്കൂനയെന്നും . മികച്ച നേട്ടങ്ങള്‍ പേരിലുള്ള അദ്ദേഹത്തിനു കീഴില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും സഹല്‍ പറയുന്നു. എന്നാല്‍ മാനേജ്‌മെന്റ് മാറ്റത്തെക്കുറിച്ച് ചനിക്ക് അറിയില്ലെന്നും മലയാളി താരം പറഞ്ഞു.
സഹലിനോടുളള മറ്റ് ചോദ്യങ്ങളും ഉത്തരങ്ങളും
ബ്രസീല്‍ താരം കക്കാ, ജര്‍മന്‍ താരം മെസൂട് ഓസില്‍ എന്നിവരുടെ ശൈലിയുമായി സഹലിന്റെ കളിയെ ചേര്‍ത്തു വയ്ക്കുന്നുണ്ട് ആരാധകര്‍. സഹലിന്റെ ഇഷ്ടങ്ങള്‍ പറയൂ?
ഇങ്ങനെയൊക്കെ കേള്‍ക്കുന്നതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്. പക്ഷേ അവരെ കണ്ടു പഠിക്കാനല്ലേ പറ്റൂ. കളിക്കുന്നതു നമ്മള്‍ തന്നെയാണല്ലോ. എന്റെ ഇഷ്ട പൊസിഷന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡാണ്. എന്റെ കംഫര്‍ട് സോണ്‍ ആണത്. ഇഷ്ടതാരം ലയണല്‍ മെസ്സിയാണ്. 2014 ലോകകപ്പിലെ അര്‍ജന്റീനയുടെ എല്ലാ കളികളും വീണ്ടും കാണാന്‍ ഇഷ്ടമാണ്. ഫൈനല്‍ പരാജയത്തിന്റെ സങ്കടം ഇപ്പോഴും നെഞ്ചിലുണ്ട്. യൂട്യൂബില്‍ മെസിയുടെ കളികളുടെ ഷോര്‍ട്ട് വിഡിയോകള്‍ വീണ്ടും വീണ്ടും കാണും.
കേരളത്തില്‍ കളിച്ചു വളര്‍ന്നയാളല്ല സഹല്‍. ചെറുപ്പം യുഎഇയിലായിരുന്നല്ലോ… എന്തൊക്കെയാണ് അവിടുത്തെ ഫുട്‌ബോള്‍ അനുഭവങ്ങള്‍..?
അല്‍ ഐനില്‍ ആയിരുന്നു ചെറുപ്പം. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫുട്‌ബോള്‍ കളി തുടങ്ങിയത്. എട്ടാം ക്ലാസിലായപ്പോഴാണ് അക്കാദമിയില്‍ ചേര്‍ന്നത്. പ്ലസ് ടു കഴിഞ്ഞ് പഠനം അവിടെ തുടരണോ കേരളത്തിലെത്തണോ എന്ന് കണ്‍ഫ്യൂഷനടിച്ചു നിന്നപ്പോള്‍ ഉപ്പയും ചേട്ടനുമാണ് നാട് ആണ് നല്ലതെന്ന് ഉപദേശം തന്നത്. അതൊരു വഴിത്തിരിവായി.<
ഇന്നേ വരെയുള്ള കരിയറില്‍ സഹലിന്റെ ‘ഡ്രീം കം ട്രൂ’ മൊമന്റ് ഏതാണ്..?
നാഷനല്‍ ക്യാംപിലേക്കുള്ള പട്ടികയില്‍ ആദ്യമായി പേരുവന്നതും, അരങ്ങേറ്റ മത്സരവുമാണ് ‘ഡ്രീം കം ട്രൂ’ ലിസ്റ്റില്‍ ആദ്യത്തേത്. അനസ് എടത്തൊടികയോടാണ് ഇന്ത്യന്‍ ടീമില്‍ ഏറ്റവും അടുപ്പം. ഞങ്ങള്‍ റൂം മേറ്റ്‌സുമായിരുന്നു. ഇഷ്ടതാരം സുനില്‍ ഛേത്രി തന്നെ. 2019 സെപ്റ്റംബറില്‍ ഖത്തറിനെതിരെ ദോഹയില്‍ ഇന്ത്യയുടെ ലോകകപ്പ് ക്വാളിഫയര്‍ ആണ് ഇഷ്ട മത്സരം. അന്ന് എനിക്ക് നന്നായി കളിക്കാനായി എന്നു വിശ്വസിക്കുന്നു