സഹലിന്റെ മണിയറയില്‍ മൊഞ്ചത്തിയെത്തി, ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം വിവാഹിതനാകുന്നു

ഇന്ത്യന്‍ ഫുട്ബാള്‍ ടീം താരവും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരവുമായ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹത്ത് ആണ് വധു. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ സഹല്‍ തന്നെയാണ് സന്തോഷവിവരം പുറത്തുവിട്ടത്.

‘എന്റെ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങള്‍ ഞങ്ങള്‍ ഔദ്യോഗികമാക്കുകയും ചെയ്തു’ വിവാഹ നിശ്ചയ ചിത്രത്തോടൊപ്പം സഹല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

താരത്തിന്റെ വിവാഹ വാര്‍ത്ത കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചു. പുതിയ യാത്ര ആരംഭിക്കുമ്പോള്‍ സഹലിനും വധുവിനും ആശംസകള്‍ നേരുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് എഫ്.ബിയില്‍ കുറിച്ചു.

സഹലിന്റെ പോസ്റ്റിന് താഴെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിലെയും ബ്ലാസ്റ്റേഴ്സിലെയും സഹതാരങ്ങളും ആരാധകരും ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഫൈനലില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സുപ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സഹല്‍. ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോടാണു ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ നടന്ന എഎഫ്സി കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ വിജയ ഗോള്‍ നേടിയതും സഹലാണ്.

You Might Also Like