ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ താരമാണ് സഹല്‍: ഇന്ത്യന്‍ ഓസിലിനെ കുറിച്ച് വികൂന

മലയാളി താരങ്ങളേയും ഇന്ത്യന്‍ യുവതാരങ്ങളേയും പ്രശംസകൊണ്ട് മൂടി പുതിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന. താരങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് കിബു വികൂന പ്രശംസിച്ചത്. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇപ്പോള്‍ സ്‌പെയിനിലുളള വികൂന മലയാളി താരങ്ങളെ പ്രശംസിച്ചത്.

ഇതില്‍ ബ്ലാസറ്റേഴ്‌സ് താരം സഹല്‍ അബ്ദുസമദിനെ ഫന്റാസ്റ്റിക് എന്ന് വിശേഷിപ്പിച്ച കിബു വികൂന ഇന്ത്യന്‍ കളിക്കാരില്‍ സഹലിന്റെ ‘ക്വാളിറ്റി’ വേറിട്ട് നില്‍ക്കുന്നതായും കൂട്ടിചേര്‍ത്തു. മറ്റൊരു മലയാളി താരം രാഹുല്‍ വേഗത്തില്‍ കളിയ്ക്കാന്‍ കഴിവുളള താരമാണെന്ന് പറഞ്ഞ വികൂന അദ്ദേഹം ഏത് പൊസിഷനിലും കളിയ്ക്കാന്‍ കെല്‍പുളള താരമാണെന്നും കൂട്ടിചേര്‍ത്തു.

‘സഹല്‍ അബ്ദുല്‍ സമദ്, കെ.പി. രാഹുല്‍, ജാക്‌സണ്‍ സിങ്, നോങ്ദംബാ നവോറെം എന്നീ യുവാക്കളില്‍ പ്രതീക്ഷയുണ്ട്. രാഹുല്‍ ‘വെരി ഫാസ്റ്റ്’ പ്ലെയറാണ്. ഏതു പൊസിഷനിലും കളിക്കും. ‘ഫന്റാസ്റ്റിക്’ ആണു സഹല്‍. ഇന്ത്യന്‍ കളിക്കാരില്‍ സഹലിന്റെ ‘ക്വാളിറ്റി’ വേറിട്ടുനില്‍ക്കുന്നു. നവോറെം കഴിഞ്ഞ സീസണില്‍ ഏറെ മെച്ചപ്പെട്ടു. വളര്‍ച്ച തുടരട്ടെ. ജാക്‌സണും വളര്‍ച്ചയുടെ പാതയിലാണ്’ വികൂന പറഞ്ഞു.

അതെസമയം ഇസ്റ്റഗ്രാമില്‍ ലൈവിലെത്തിയ വികൂന സഹലിനെ വീണ്ടും പ്രശംസകൊണ്ട് മൂടി. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരമാണ് സഹലെന്നാണ് വികൂന പറഞ്ഞത്. ‘സഹലില്‍ ഞാന്‍ സന്തുഷ്ടനാണ്. അദ്ദേഹം ഒരു ഫന്റാസ്റ്റിക്ക് കളിയ്ക്കാരനാണ്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സഹല്‍. ഇത്തരത്തുളള കളിയ്ക്കാരെ എനിയ്ക്ക് ഏറെ ഇഷ്ടമാണ്. അവന് കളിയ്ക്കാന്‍ പറ്റുന്ന വിധത്തിലുളള ഒരു സാഹചര്യം ടീമിലുണ്ടാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവന്‍ മികച്ചൊരു താരമാണ്’ വികൂന പറഞ്ഞു.

ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറിയ സഹല്‍ ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ്. എന്നാല്‍ ഷറ്റോരിയ്ക്ക് കീഴില്‍ സഹലിന് കാര്യമായ അവസരമൊന്നും ലഭിച്ചിരുന്നില്ല.

എന്തുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ‘സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഫോണില്‍ വിളിച്ചു. ക്ലബ് പ്രസിഡന്റുമായി സംസാരിച്ചു. നല്ല ആരാധകരുള്ള ടീം. നല്ല അവസരം. നല്ല കോച്ചായി വളരാനുള്ള വെല്ലുവിളി. സ്‌റ്റൈലുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന വിശ്വാസം’ വികൂന പറഞ്ഞ് നിര്‍ത്തി.

You Might Also Like