ബ്ലാസ്‌റ്റേഴ്‌സ് കണ്ണുരുട്ടി, അഗ്യൂറോ കമന്റ് ചെയ്ത ചിത്രത്തോട് സഹല്‍ ചെയ്തത്
ഇന്‍സ്റ്റഗ്രാമില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജെഴ്‌സി അണിഞ്ഞ ചിത്രം പോസ്റ്റ് ചെയ്തതോടെ വൈറലായ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുസമദ് പുലിവാല്‍ പിടിച്ചിരിക്കുകയാണ്. കരാറിലുളള ഒരു താരം മറ്റൊരു ക്ലബിന്റെ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെ ചൊടിപ്പിച്ചതാണ് സഹലിന് വിനയായത്.
ഇതോടെ സഹല്‍ വൈറലായ ആ ചിത്രം തന്നെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു. രണ്ട് ലക്ഷത്തോളം ആളുകള്‍ ലൈക്ക് ചെയ്ത ചിത്രമാണ് സഹല്‍ ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് അതൃപ്തി കാരണം ഡിലീറ്റ് ചെയ്തത്. ഈ ചിത്രത്തില്‍ സാക്ഷാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും അവരുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയും എല്ലാം കമന്റ് ചെയ്തിരുന്നു.
മാത്രമല്ല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവരുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലും ഈ ചിത്രം പങ്കുവെച്ചിരുന്നു. എന്നാല്‍ പ്രീമിയര്‍ ലീഗിന്റെ പേജില്‍ ഇപ്പോഴും ചിത്രമുണ്ട്. നാല്‍പതിനായിരത്തിലധികം ആളുകളാണ് ഇവിടെ ഈ ചിത്രത്തിന് മാത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജെഴ്‌സി സഹല്‍ ധരിച്ചതാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെ പ്രകോപിപ്പിച്ചത്. സിറ്റി ഗ്രൂപ്പിന് നിലവില്‍ ഐഎസ്എല്ലില്‍ തന്നെ സ്വന്തമായി ക്ലബ് ഉളളപ്പോള്‍ സഹലിന്റെ ചെയ്തി ഒരു നിലക്കും വെച്ച്‌പൊറുപ്പിക്കാനാകില്ലെന്ന് മാനേജുമെന്റ് നിലപാട് എടുക്കുകയായിരുന്നു. ഇതോടെ താരം ചിത്രം ഡിലീറ്റ് ചെയ്യാന്‍ തയ്യാറായി.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സഹല്‍ 2025 വരെ തങ്ങളുമായി കരാറുളള താരമാണ്. സഹലില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായത് ക്ലബ് മാനേജുമെന്റിനെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. നേരത്തേയും പല താരങ്ങളും മാധ്യമങ്ങളില്‍ അഭിമുഖത്തിന് വരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജെഴ്‌സി അണിയാത്തതിന്റെ പേരില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏതായാലും സഹലിനെ സംബന്ധിച്ച് താരത്തിന്റെ റീച്ച് എത്രത്തോളമുണ്ടെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ കാണിക്കാനുളള അവസരമായി മാറി ആ ചിത്രം.