സഹല്‍ ഗോളുകള്‍ അടിച്ച് കൂട്ടും, ആഷിഖ് വേഗത കൊണ്ട് ഞെട്ടിക്കും, ബൂട്ടിയയുടെ പ്രവചനം
ഇന്ത്യന്‍ യുവതാരങ്ങളായ ബ്രെണ്ടന്‍ ഫെര്‍ണാണ്ടസ്, അനിരുദ്ധ് താപ്പ, ആഷിക്ക് കരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നവരെ പ്രശംസകൊണ്ട് മൂടി ഫുട്‌ബോള്‍ ഇതിഹാസം ബൈജിംഗ് ബൂട്ടിയ. ഇന്‍സ് സൂപ്പര്‍ ലീഗിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവിലെത്തിയപ്പോഴാണ് ബൂട്ടിയ യുവതാരങ്ങളെ പേരെടുത്ത് പ്രശംസിച്ചത്.
മിഡ്ഫീല്‍ഡില്‍ നിന്ന് ഗോളുകള്‍ നേടുന്ന ഒരു മികച്ച താരമാവാന്‍ സഹല്‍ അബ്ദുല്‍ സമദിന്റെ കഴിയുമെന്ന് ബൂട്ടിയ വിലയിരുത്തുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വിരമിക്കലിന് ശേഷം ഇന്ത്യന്‍ ടീമിലെ മികച്ച ഗോള്‍ വേട്ടക്കാരനായി സഹല്‍ അബ്ദുല്‍ സമദ് മാറുമെന്നും ബൈച്ചുങ് ബൂട്ടിയ പ്രവചിക്കുന്നു.
സഹല്‍ ഒരിക്കല്‍ ഗോള്‍ നേടി തുടങ്ങിയാല്‍ മികച്ച ഫിനിഷറായി മാറാനുളള ആത്മവിശ്വാസം അവനെ തേടിയെത്തുമെന്നും ബൂട്ടിയ കരുതുന്നു. ഇന്ത്യന്‍ ടീമില്‍ സുനില്‍ ഛേത്രിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ സഹലിന് കഴിയുമെന്നും ഇന്ത്യന്‍ ഫുട്ബാളിന്റെ ഭാവി വാഗ്ദാനമാണ് സഹലെന്നും ബൂട്ടിയ കൂട്ടിച്ചേര്‍ത്തു. സുനില്‍ ഛേത്രിയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കുക സന്ദേഷ് ജിങ്കനോ. ഗുര്‍പ്രീത് സിംഗ് സന്ദുവോ ആയിരിക്കുമെന്നും ബൂട്ടിയ പറഞ്ഞു.
എഫ്‌സി ഗോവയുടെ യുവതാരം ബ്രണ്ടന്‍ ഫെര്‍ണാഡസ് തകര്‍പ്പന്‍ പ്രകടനമാണ് കഴിഞ്ഞ സീസണില്‍ കാഴ്ച്ചവെച്ചതെന്ന് പറഞ്ഞ ബൂട്ടിയ മികച്ച ഫുട്‌ബോള്‍ കളിയ്ക്കുന്ന താരമാണ് അവനെന്നും കൂട്ടിചേര്‍ത്തു. താപ്പ ദേശീയ ടീമിനായി കാഴച്ചവെക്കുന്ന പ്രകടനം ശ്രദ്ധേയമാണെന്നാണ് ബൂട്ടിയയുടെ വിലയിരുത്തല്‍.
പരിക്കിനോട് പടവെട്ടി തിരിച്ചെത്തിയ താരമാണ് മലയാളി താരം ആഷിഖ് കരുണിയന്‍ എന്ന് പറയുന്ന ബൂട്ടിയ അദ്ദേഹത്തിന്റെ വേഗതയേയും കഴിവിനേയും പ്രശംസകൊണ്ട് മൂടി.