സൂപ്പര്‍ താരം തിരിച്ചെത്തും, ഓസീസ് പര്യടനത്തിന് മുമ്പ് ഇന്ത്യയ്ക്ക് ആവേശ വാര്‍ത്ത
ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ തേടി ആശ്വാസ വാര്‍ത്ത. ടെസ്റ്റ് പരമ്പരയില്‍ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ കളിയ്ക്കും. സാഹ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. യുഎഇയില്‍ നടന്ന ഐപിഎല്ലിനിടെയാണ് സാഹയ്ക്ക് പരിക്കേറ്റത്.
ബിസിസിഐ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ആളുകള്‍ക്കറിയില്ല. ബിസിസിഐ പരിശീലകര്‍ക്കും ഫിസിയോയ്ക്കും സാഹയ്ക്കും അറിയാം അദേഹത്തിന്റെ ഇരു തുടകളുടേയും മസിലിന് പരിക്കാണെന്ന്. ടെസ്റ്റ് പരമ്പരയ്ക്കായി ഫിറ്റാകും എന്നുള്ളതു കൊണ്ടാണ് സാഹ ഓസ്ട്രേലിയയിലേക്ക് പോയത്. നിശ്ചിത ഓവര്‍ പരമ്പരകളില്‍ സാഹ കളിക്കുന്നില്ല. തുടമസിലിന് പരിക്കേറ്റ മറ്റൊരു താരമായ രോഹിത് ശര്‍മ്മ 70 ശതമാനം മാത്രമാണ് ഫിറ്റായിരിക്കുന്നത്. അതുകൊണ്ടാണ് താരത്തെ ഏകദിന-ടി20 പരമ്പരകളില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നും ഗാംഗുലി പറഞ്ഞു.
ഡിസംബര്‍ 17ന് അഡ്ലെയ്ഡില്‍ പകല്‍-രാത്രി മത്സരത്തോടെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. അഡ്ലെയ്ഡില്‍ രോഹിത്തും സാഹയും കളിക്കും എന്നാണ് ഗാംഗുലിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
നാല് ടെസ്റ്റുകളാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും.