ഹൈദരാബാദിന്റെ നീതികേടിന് ചുട്ടമറുപടി നല്‍കി സാഹ, ഖേദിച്ച് വാര്‍ണര്‍

ഐപിഎല്‍ 13ാം സീസണില്‍ ഇത്രയും നാള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ പുറത്തിരുത്തിയതില്‍ നായകന്‍ വാര്‍ണര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകും. അവസരം കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ 45 പന്തില്‍ 87 റണ്‍സാണ് സാഹ അടിച്ച് കൂട്ടിയത്. അതും 12 ഫോറും രണ്ട് സിക്‌സിന്റേയും സഹായത്തോടെ.

സീസണിന്റെ ആരംഭം മുതല്‍ ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും 10 കളികളിലും പുറത്തിരിക്കുക… അതില്‍ തുടര്‍ച്ചയായി 9 കളികളും ഉള്‍പ്പെടും… മോശം പ്രകടനങ്ങളുമായി ടീം പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തില്‍ മാത്രമാണ് സാഹയെ ഹൈദരാബാദ് പരിഗണിച്ചത്.

അതും ടീമിന്റെ നെടുന്തൂണായ ഇംഗ്ലിഷ് താരം ജോണി ബെയര്‍‌സ്റ്റോയുടെ പകരക്കാരനായി. ഏതൊരു താരത്തിന്റെയും മനസ്സു മടുപ്പിക്കുന്ന, സമ്മര്‍ദ്ദമേറ്റുന്ന ഇത്തരമൊരു പരീക്ഷണ ഘട്ടത്തിലും സാഹയിലെ പോരാളി യുഎഇയില്‍ ഉണരുകയായിരുന്നു.

തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത് എന്ന അവസ്ഥയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുന്ന സണ്‍റൈസേഴ്‌സ് നിരയില്‍ ഇന്ന് തകര്‍ത്തടിച്ച് ആരാധകരെ വിരുന്നൂട്ടിയ വിസ്മയം. ആ ഇന്നിങ്‌സ് അര്‍ഹിച്ച സെഞ്ചുറിയിലേക്ക് എത്താതെ പോയതില്‍ സാഹയേക്കാള്‍ നിരാശ ആരാധകര്‍ക്കാണ്.

‘വൃദ്ധിമാന്‍ സാഹ വക സ്മാര്‍ട്ട് ബാറ്റിങ്. പന്തിന്റെ ലൈനും ലെങ്തും മനസ്സിലാക്കിയശേഷം അദ്ദേഹം സ്വന്തം ഷോട്ടുകള്‍ കൂടുതല്‍ മികച്ചതാക്കി. കണ്ണുംപൂട്ടിയുള്ള അടികള്‍ ഒന്നുമില്ല. സാഹയുടെ ബാറ്റിങ് ആദ്യം മുതല്‍ അവസാനം വരെ ഞാന്‍ നന്നായി ആസ്വദിച്ചു…!’ ഐപിഎല്‍ 13ാം സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം കണ്ട് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചിട്ട വാക്കുകള്‍! സീസണിലെ ആദ്യ മത്സരം കളിച്ച വൃദ്ധിമാന്‍ സാഹയെന്ന ബംഗാളി താരത്തിന് ഇതിലും വലിയ സര്‍ട്ടിഫിക്കറ്റ് എന്തുണ്ട്!

സീസണില്‍ ഇതിനു മുന്‍പ് ഒരേയൊരു കളിയിലാണ് സാഹയ്ക്ക് അവസരം ലഭിച്ചത്. അന്ന് മനീഷ് പാണ്ഡെ (51), ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 36) എന്നിവര്‍ക്കു പിന്നില്‍ ടീമിനായി കൂടുതല്‍ റണ്‍സ് നേടിയത് സാഹയായിരുന്നു. എന്നിട്ടും പിന്നീടങ്ങോട്ട് അവസരങ്ങളൊന്നും ലഭിച്ചില്ല. ഒടുവില്‍ ടീം പുറത്താകലിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും അവസരം കൈവന്നത്. അത് മുതലാക്കാന്‍ സാഹയ്ക്കായി.

You Might Also Like