ഇന്ത്യയിലേക്ക് വരുന്നത് എന്റെ സ്വപ്നം, തുറന്ന് പറഞ്ഞ് സാദിയോ മാനെ

ഒരിക്കല്‍ ഇന്ത്യയിലേക്ക് വരുകയെന്നത് തന്റെ സ്വപ്‌നമാണെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ സൂപ്പര്‍ താരം സാദിയോ മാനെ. പ്രീമിയര്‍ ലീഗിന്റെ ഇന്ത്യന്‍ ആരാധകരോടായി തത്സമയം സംസാരിക്കുന്നതിനിടെയാണ് സാദിയോ മാനെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

‘ഒരിക്കല്‍ ഇന്ത്യയിലേക്ക് വരുകയെന്നത് എന്റെ സ്വപ്നമാണ്. യൂട്യൂബിലും മറ്റും ഇന്ത്യയെക്കുറിച്ച് ഞാന്‍ ഒത്തിരി കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. തീര്‍ച്ചയായും എനിക്ക് അവയൊക്കെ വലിയ താല്‍പര്യമുളള സംഗതിയാണ്. സ്വന്തം വീട്ടിലിരുന്ന് ഞങ്ങളെ പിന്തുണക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ സാദിയോ മാനെ പറഞ്ഞു.

ലിവര്‍പൂള്‍ ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായ സാദിയോ മാനെ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലിവര്‍പൂളിനായി നടത്തിയത്. സാദിയോ മാനെയുടെ വെളിപ്പെടുത്തല്‍ ആവേശപൂര്‍വ്വമാണ് ഇന്ത്യയിലെ ലിവര്‍പൂള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് വളരെയധികം ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. ലീഗില്‍ കളിക്കുന്ന എല്ലാ ക്ലബുകള്‍ക്കും ഇന്ത്യയില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ട്. ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന വമ്പന്‍ ആരാധക പിന്തുണക്കുള്ള നന്ദി പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ പലപ്പോളും പരസ്യമായി പ്രകടിപ്പിക്കാറുണ്ട്.

ദീപാവലി, ഓണം, പൊങ്കല്‍ മുതലായ രാജ്യത്തെ പ്രധാന ആഘോഷ ദിവസങ്ങളില്‍ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ക്ലബ്ബുകള്‍ ആശംസയറിയിക്കുന്നതും പതിവായിരിക്കുന്നു. ഇന്ത്യയിലെ പ്രധാന താരങ്ങളുടെ വിശേഷ ദിനങ്ങളിലും ആശംസകളുമായി പ്രീമിയര്‍ ലീഗ് ക്ലബുകള്‍ എത്താറുണ്ട്. ഏറ്റവും ഒടുവില്‍സന്ദേഷ് ജിങ്കന് ജന്മദിനാശംസകള്‍ നേര്‍ത്ത് ചെല്‍സി ക്ലബ് വരെ രംഗത്തെത്തിയിരുന്നു.

You Might Also Like