മെസിയേക്കാൾ മികച്ചവൻ മാനെയാണ്! തുറന്നു പറഞ്ഞ് ഫ്രഞ്ച് ഇതിഹാസം
2019ലെ ഫിഫ ബെസ്റ്റ് പുരസ്‌കാരം ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയേക്കാള്‍ അര്‍ഹിച്ചത് ലിവര്‍പൂളിനു വേണ്ടി ആ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സാഡിയോ മാനെയായിരുന്നെന്നാണ് മുന്‍ ഫ്രഞ്ച് ഇതിഹാസതാരമായ അലൈന്‍ ഗിരെസെ. വോട്ടിങ്ങില്‍ ലിവര്‍പൂള്‍ സഹതാരങ്ങളായ വിര്‍ജില്‍ വാന്‍ഡൈക്കിനും മുഹമ്മദ് സലാക്കും യുവന്റസ് സൂപ്പര്‍ താരം ക്രിസ്ത്യാനോക്കും പിറകില്‍ അഞ്ചാമതായിട്ടാണ് മാനെ എത്തിയത്.
2013 മുതല്‍ 2015 വരെ മാനെയെ സെനഗലില്‍കോച്ചായിരിക്കുമ്പോള്‍ പരിശീലിപ്പിച്ചയാളാണ് ഗിരെസെ. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാതില്‍ വലിയ പങ്കു വഹിച്ച മാനെയാണ് ഫിഫ ബെസ്റ്റ് പുരസ്‌കാരം കൂടുതല്‍ അര്‍ഹനായിരുന്നതെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
‘ഞാന്‍ തീര്‍ച്ചയായും മാനെയെ മെസിയേക്കാള്‍ മുന്നില്‍ വിലയിരുത്തുന്നു. സെനഗലില്‍ ഞാന്‍ ഹെഡ് കോച്ചായിരുന്ന സമയത്ത്സാഡിയോ ചെറുപ്പമായിരുന്നെങ്കിലും ലോകത്തിലെ തന്നെ മികച്ച കളിക്കാരനായിത്തീരാനുള്ള പ്രതിഭ അവനിലുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ പ്രതിഭയുടെ ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുന്നു.’ ഗിരെസെ പറഞ്ഞു.
ബാഴ്‌സലോണയെ ലാലിഗ ജേതാക്കളാകുകയും ചാമ്പ്യന്‍ ലീഗ് സെമി വരെയെത്തിക്കുകയും ചെയ്തതിനാണ് ആറാം തവണയും ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരത്തിന് മെസി അര്‍ഹനായത്.
മൂന്നു വട്ടം ഫ്രാന്‍സിലെ മികച്ച കളിക്കാരുള്ള പുരസ്‌കാരം നേടിയിട്ടുളള താരമാണ് ഗിരെസെ. കഴിഞ്ഞ ഓഗസ്റ്റ് വരെ തുനിഷ്യയുടെ പരിശീലകനായിരുന്നു. വോട്ട് ചെയ്യാനുള്ള അവസരമുണ്ടായിരുന്നെങ്കിലും തനിക്ക് പകരം മറ്റാരോ ആണ് അത് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ക്രിസ്ത്യാനോ, വാന്‍ഡൈക്ക്, മെസി എന്ന ക്രമത്തിലാണ് ടുനീഷ്യക്ക് വേണ്ടി എന്റെ പേരില്‍ വോട്ട് പോയതെങ്കിലും ബാലറ്റ് ചീട്ടു പോലും എനിക്ക് കിട്ടിയില്ലെന്നും ഇത് എങ്ങനെ സംഭവിച്ചെന്നറിയില്ലെന്നും ഗിരെസ്സെ പരാതിപ്പെട്ടു. വോട്ട് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ മെസിക്ക് മുകളില്‍ കൂടുതല്‍ അര്‍ഹനായ മാനെയുണ്ടാവുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.