സച്ചിന്റെ നിര്‍ണായക സമയത്ത് പിറന്ന അവിശ്വസനീയ സെഞ്ച്വറി, 90 കിഡ്‌സിന് മറക്കാനാകുമോ

Image 3
CricketTeam India

കെ നന്ദകുമാര്‍പിള്ള

ക്രിക്കറ്റില്‍ നിര്‍ണായക സമയത്ത് കളിക്കുന്ന മികച്ച ഇന്നിങ്സുകളും, അതിലൂടെ നേടുന്ന വിജയങ്ങളും എക്കാലവും ഓര്‍മ്മിക്കപ്പെടും. അത്തരം ഒരുപാട് മത്സരങ്ങളും, ഇന്നിങ്സുകളും നമുക്ക് ചരിത്രത്തില്‍ കാണാനാകും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അത്തരമൊരു ഇന്നിഗ്സും വിജയവുമായാണ് ഇന്നിവിടെ ഞാന്‍ കുറിക്കുന്നത്.

വര്‍ഷം 1997. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ടെസ്റ്റ് – ഏകദിന പരമ്പരകരകള്‍ക്കായി സൗത്ത് ആഫ്രിക്കയില്‍ എത്തി. ദര്‍ബണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 100, 66 എന്നീ സ്‌കോറുകളില്‍ പുറത്തായി നാണം കേട്ട തോല്‍വി ഏറ്റു വാങ്ങിയ ഇന്ത്യ, കേപ്പ് ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റിലും ആദ്യ ഇന്നിങ്‌സില്‍ 58 / 5 എന്ന നിലയില്‍ അടുത്ത തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ സച്ചിന്‍ – അസര്‍ കൂട്ടുകെട്ട് നടത്തിയ പ്രത്യാക്രമണത്തിലൂടെ 222 റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു. ആ ടെസ്റ്റും പരാജയപ്പെട്ടെങ്കിലും, കുറച്ചെങ്കിലും ആത്മാഭിമാനം വീണ്ടെടുക്കാന്‍ ടീമിന് സാധിച്ചു. ജോഹാന്നസ്ബര്‍ഗിലെ മൂന്നാം ടെസ്റ്റില്‍, വിജയത്തിന്റെ പടിവാതിലില്‍ നിന്ന് സമനില വഴങ്ങേണ്ടി വന്നു.

ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് സിംബാബ്വേ കൂടി പങ്കെടുത്ത ട്രൈ നേഷന്‍ ഏകദിന പരമ്പര നടന്നത്. ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിലും പരാജയത്തിന്റെ വക്കുവരെ എത്തിയതാണ്. പക്ഷെ റോബിന്‍ സിങ്ങിന്റെ വീരോചിത ഇന്നിംഗ്‌സ്(32 പന്തില്‍ 48 റണ്‍സ്) മത്സരം ടൈ ആക്കാന്‍ സഹായിച്ചു. പിന്നീട് സൗത്ത് ആഫ്രിക്കയോട് തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍. പോര്‍ട്ട് എലിസബേത്തില്‍ നടന്ന അടുത്ത മത്സരത്തില്‍ സിംബാബ്വെയോടും തോല്‍വി. ആദ്യ രണ്ടു മത്സരങ്ങളിലും ഓപണര്‍ ആയി 0, 6 എന്നീ സ്‌കോറുകള്‍ മാത്രം നേടിയ സച്ചിന്‍ അടുത്ത മൂന്നു മത്സരങ്ങളുല്‍ സ്വയം താഴേക്കിറങ്ങി. എങ്കിലും കഥയ്ക്ക് വല്യ വ്യത്യാസമൊന്നും ഉണ്ടായില്ല. നേടിയ സ്‌കോറുകള്‍ 1, 14, 41.

അങ്ങനെ ആദ്യ അഞ്ചു മത്സരങ്ങളില്‍ നിന്ന് 4 പരാജയവും 1 ടൈയും എന്ന പരിതാപകരമായ അവസ്ഥയിലാണ് ലീഗിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ സിംബാബ്വെയെ നേരിടാന്‍ ഇന്ത്യ എത്തുന്നത്. ഭാഗ്യത്തിന് സൗത്ത് ആഫ്രിക്ക മൂന്നു പ്രാവശ്യവും സിംബാബ്വെയെ തോല്പിച്ചിരുന്നു.

ബെനോനിയിലാണ് ആ മത്സരം നടന്നത്. ഇന്ത്യക്ക് വിജയിച്ചാലും മികച്ച റണ്‍റേറ്റ് ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ടോസ് ലഭിച്ച സച്ചിന്‍ സിംബാബ്വെയെ ബാറ്റിങ്ങിന് അയച്ചു. ബൗളര്‍മാരുടെ മികവില്‍ അവരെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാം എന്നായിരുന്നു സച്ചിന്റെ പ്ലാന്‍. പക്ഷെ ക്യാപ്റ്റന്‍ അലിസ്റ്റര്‍ ക്യാമ്പ്‌ബെല്‍(86) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, സിംബാബ്വെ 240 എന്ന മോശമല്ലാത്ത സ്‌കോറിലെത്തി. ഫൈനലില്‍ കടക്കണമെങ്കില്‍, 40 ഓവറില്‍ ജയിക്കണം എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം.

അവസാന മത്സരത്തില്‍ നേടിയ 41 റണ്‍സ്, ഓപ്പണര്‍ സ്ഥാനത്തേക്ക് തിരിച്ചു വരാനുള്ള ആത്മവിശ്വാസം സച്ചിന് നല്‍കി. ഗാംഗുലിക്കൊപ്പം ഇന്നിംഗ്‌സ് തുടങ്ങിയ സച്ചിന്‍ തുടക്കം മുതല്‍ തന്നെ തന്റെ നയം വ്യക്തമാക്കി. നിശ്ചയദാര്‍ഢ്യത്തോടെയുള്ള ബാറ്റിംഗ്. ലക്ഷ്യം നേടിയേ അടങ്ങൂ എന്ന വാശി ആ കണ്ണുകളില്‍ നിഴലിച്ചു.

19 ല്‍ ഗാംഗുലിയെയും(14), 34 ല്‍ അസറുദ്ദിനെയും(2) തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. അടുത്തത് കൂട്ടിനെത്തിയത് രാഹുല്‍ ദ്രാവിഡ്. സച്ചിന് പിന്തുണ കൊടുക്കുക എന്ന ചുമതല മാത്രമേ ദ്രാവിഡിന് ഉണ്ടായിരുന്നുള്ളു. 27 പന്തില്‍ 17 റണ്‍സ് മാത്രമേ എടുത്തുള്ളൂ എങ്കിലും, ആ ചുമതല ദ്രാവിഡ് ഭംഗിയായി നിറവേറ്റി. 119 ല്‍ ദ്രാവിഡ് ഔട്ട്. അടുത്തതായി ജഡേജ ക്രീസില്‍. . 119 റണ്‍സില്‍ 3 വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും റണ്‍റേറ്റ് 6 നിലനിര്‍ത്താന്‍ ടീമിന് സാധിച്ചു. സച്ചിന്റെ ബാറ്റില്‍ നിന്ന് ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പാഞ്ഞു. പുള്‍ ഷോട്ടിന് ശേഷം കവര്‍ ഡ്രൈവ്, അടുത്തത് സ്‌ട്രെയ്റ്റ് ഡ്രൈവ് അങ്ങനെ മനോഹരമായ ഷോട്ടുകളിലൂടെ സച്ചിന്‍ ടീമിനെ മുന്നോട്ട് നയിച്ചു.

28 ആം ഓവര്‍. സ്‌കോര്‍ 158. ഫുള്‍ ഫ്‌ലോയില്‍ കളിച്ചു വരവെ ക്രെയ്ഗ് ഇവാന്‌സിന്റെ സ്ലോ ബോളിന്റെ ഗതി അറിയാതെ ബാറ്റ് വെച്ച സച്ചിന് പിഴച്ചു. പന്ത് നേരെ മിഡ്വിക്കറ്റില്‍ ക്യാമ്പ്‌ബെല്ലിന്റെ കയ്യില്‍. അപ്രതീക്ഷിതമായ വിക്കറ്റ്. സോഫ്റ്റ് ഡിസ്മിസ്സല്‍. 97 പന്തില്‍ 8 ഫോറുകളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 104 റണ്‍സുമായി ക്യാപ്റ്റന്‍ പുറത്ത്.

ഫൈനലില്‍ കടക്കാന്‍ ഇനി വേണ്ടത് 76 പന്തില്‍ 83 റണ്‍സ്. ആ സീരീസില്‍ അതുവരെയുള്ള ഇന്ത്യയുടെ പ്രകടനം വെച്ച് ഒട്ടും പ്രതീക്ഷക്ക് വകയില്ലാത്ത സാഹചര്യം.

ഇപ്പോള്‍ അജയ് ജഡേജയ്ക്ക് കൂട്ടായി ക്രീസില്‍ റോബിന്‍ സിംഗ്. കളിയുടെ 30 ആം ഓവര്‍. സ്‌കോര്‍ 163. ഇവാന്‌സിന്റെ പന്തില്‍ ലോങ്ങ് ഓഫില്‍ സിക്‌സറിന് ജഡേജയുടെ ശ്രമം. പന്ത് നേരെ ഗൈ വിറ്റാലിന്റെ കൈകളിലേക്ക്. സിംബാബ്വെയുടെ ഏറ്റവും വിശ്വസ്തനായ ഒരു ഫീല്‍ഡറാണ് വിറ്റാല്‍. ജഡേജയുടെയും സച്ചിന്റെയും മറ്റ് ഇന്ത്യന്‍ കണികളുടെയും ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചു. പക്ഷെ, ദൈവം അന്ന് ഇന്ത്യയുടെ കൂടെയായിരുന്നു. വിറ്റാലിന്റെ കൈകളില്‍ തട്ടി പന്ത് താഴേക്ക്. അവിശ്വസനീയമായിരുന്നു അത്. വളരെ നിര്‍ണായക നിമിഷത്തില്‍ ഭാഗ്യം ഇന്ത്യയുടെ കൂടെ നിന്നു.

കളിയിലെ വഴിത്തിരിവ് ആയിരുന്നു ആ ഡ്രോപ്പ് ക്യാച്ച്. പിന്നീട് ശ്രദ്ധയോടെ കളിച്ച ജഡേജ – റോബിന്‍ സഖ്യം സിംഗിളുകളെ ഡബിളുകളാക്കി, ഡബിളുകളെ ത്രിബിളുകളാക്കി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മെല്ലെ മെല്ലെ ലക്ഷ്യത്തിലേക്ക്. അവസാനം 39.2 ഓവറില്‍ സിംബാബ്വേ സ്‌കോര്‍ മറികടക്കുമ്പോള്‍ 66 പന്തില്‍ 56 റണ്‍സുമായി ജഡേജയും, 29 പന്തില്‍ 38 റണ്‍സുമായി റോബിന്‍ സിങ്ങും പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. രണ്ടു പേരും നേടിയത് ഓരോ ബൗണ്ടറിയും ഒരു സിക്സും മാത്രം.

വര്‍ഷങ്ങള്‍ക്കിപ്പുറവും സച്ചിന്റെ മികച്ച ഇന്നിങ്സുകളില്‍ ഒന്നായി നിര്‍ണായക സമയത്ത്, സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ നേടിയ ഈ സെഞ്ചുറി , വാഴ്ത്തപ്പെടുന്നു. ഫൈനലില്‍ എത്തിയെങ്കിലും വിജയിക്കാവുന്ന അവസ്ഥയില്‍ നിന്നും കളി കൈവിട്ട് ഇന്ത്യ പരാജയം ഏറ്റു വാങ്ങി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍