അക്കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കു, മകന് നിര്‍ണ്ണായക നിര്‍ദേശം നല്‍കി സച്ചിന്‍

ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മകനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഉപദേശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കുട്ടികള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കണമെന്ന് എല്ലാ മാതാപിതാക്കളോടുമായി സച്ചിന്‍ അഭ്യര്‍ഥിച്ചു. തന്റ കുടുംബം തനിക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും സച്ചിന്‍ പറയുന്നു.

‘കുടുംബം നല്‍കിയ ഉറച്ച പിന്തുണയിലാണ് ഞാന്‍ ക്രിക്കറ്റ് കരിയര്‍ പടുത്തുയര്‍ത്തിയത്. അതില്‍ ശോഭിക്കാന്‍ കഴിഞ്ഞത്. കരിയറിലെ പ്രശ്‌നങ്ങള്‍ക്ക് സഹോദരന്‍ അജിത് ടെണ്ടുല്‍ക്കര്‍ പരിഹാരം കണ്ടെത്തി പിന്തുണച്ചു. മറ്റൊരു സഹോദരന്‍ നിതിന്‍ ജന്മ ദിനത്തില്‍ ഒരു പെയിന്റിങ് സമ്മാനിച്ചു. എന്റെ അമ്മ എല്‍ഐഎസിയിലാണ് ജോലി ചെയ്തത്. പിതാവ് പ്രൊഫസറായിരുന്നു. ഇവരെല്ലാം എനിക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്‍കി. അതുകൊണ്ട് എല്ലാ മാതാപിതാക്കളോടുമായി കുട്ടികള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.’ സച്ചിന്‍ പറഞ്ഞു.

‘എനിക്ക് കുടുംബം ഒരുക്കിത്തന്ന എല്ലാ സാഹചര്യങ്ങളും എന്റെ മകനു ഒരുക്കി നല്‍കാന്‍ ഞാന്‍ ശ്ര?ദ്ധിക്കാറുണ്ട്. നിങ്ങള്‍ സ്വയം അഭിനന്ദിക്കുമ്പോള്‍ മാത്രമേ മറ്റുള്ളവരും നിങ്ങളെ അഭിനന്ദിക്കു. എന്റെ പിതാവ് എന്നെ നിരന്തരം ഓര്‍മപ്പെടുത്തിയതു പോലെ കളിയില്‍ പൂര്‍ണമായി ശ്ര?ദ്ധിക്കുക. എന്റെ മകനോട് ഞാനും സ്ഥിരമായി ഇതാണ് പറയുന്നത്’ സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

‘ക്രിക്കറ്റ് മതിയാക്കിയ സമയത്ത് മാധ്യമങ്ങളോട്, എന്റെ മകനെ ക്രിക്കറ്റിലേക്ക് വരാനും വളരാനുമുള്ള സമയവും സാഹചര്യവും നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എന്റെ അഭ്യര്‍ഥന മാനിച്ചു. അവരോട് പ്രത്യേക നന്ദി’ സച്ചിന്‍ പറഞ്ഞു.

‘ഒരിക്കല്‍ ഓസ്‌ട്രേലിയന്‍ പര്യടന കാലത്ത് ഞാന്‍ നിരവധി പരിക്കുകളുടെ പിടിയിലായിരുന്നു. ഇരു കാലുകളിലും അന്ന് ശസ്ത്രക്രിയ നടത്താന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ അഞ്ജലി ഓസ്‌ട്രേലിയയിലെത്തി എന്റെ ശസ്ത്രക്രിയ റദ്ദാക്കി. പരിക്കിന്റെ അസ്വസ്ഥ നല്ലവണ്ണം എനിക്കുണ്ടായിരുന്നു. അഞ്ജലി എന്നെ നന്നായി പരിപാലിച്ചു’ സച്ചിന്‍ വ്യക്തമാക്കി.

You Might Also Like