21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തെ തെരഞ്ഞെടുത്ത് സ്റ്റാര്‍ സ്‌പോട്‌സ്, അതൊരു ഇന്ത്യയ്ക്കാരന്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായി ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ തെരഞ്ഞെടുത്ത് പ്രമുഖ സ്‌പോട്‌സ് ചാനലായ സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ആരാധകര്‍ക്കിടയിലും കമന്റെറ്റര്‍മാര്‍ക്കിടയിലും നടത്തിയ പോളിന്റെ അടിസ്ഥാനത്തിലാണ് 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായി സച്ചിനെ തെരഞ്ഞെടുത്തത്.

ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ പിന്നിലാക്കി സച്ചിന്‍ പുരസ്‌ക്കാരം നേടിയത്. സച്ചിനും സംഗക്കാരയ്‌ക്കൊപ്പം മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്ക് കാലിസ്, ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് എന്നിവരാണ് പോളില്‍ ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയ പോളില്‍ സ്റ്റീവ് സ്മിത്തായിരുന്നു സച്ചിന് പുറകില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നത്.

200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 53.78 ശരാശരിയില്‍ 51 സെഞ്ചുറിയും 68 ഫിഫ്റ്റിയുമടക്കം 15921 റണ്‍സ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയിട്ടുണ്ട്. ജാക്ക് കാലിസാകട്ടെ 55.37 ശരാശരിയില്‍ 13289 റണ്‍സും കുമാര്‍ സംഗക്കാര 57.40 ശരാശരിയില്‍ 12,400 റണ്‍സും നേടിയിട്ടുണ്ട്. 2010 ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സ്റ്റീവ് സ്മിത്ത് 77 മത്സരങ്ങളില്‍ നിന്നും 61.80 ശരാശരിയില്‍ 7540 റണ്‍സ് നേടിയിട്ടുണ്ട്.

ആരാധകര്‍ക്കൊപ്പം സുനില്‍ ഗാവസ്‌കര്‍, ഇയാന്‍ ബിഷപ്പ്, ഹര്‍ഭജന്‍ സിങ്, ഷെയ്ന്‍ വാട്‌സന്‍, ഗൗതം ഗംഭീര്‍ അടക്കമുള്ള താരങ്ങളും സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളും പോളില്‍ പങ്കെടുത്തിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ബാറ്റ്‌സ്മാനും സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 51 സെഞ്ചുറി ടെസ്റ്റില്‍ സച്ചിന്‍ നേടിയിട്ടുണ്ട്. 45 സെഞ്ചുറി നേടിയിട്ടുള്ള ജാക്ക് കാലിസും 41 സെഞ്ചുറി നേടിയ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങുമാണ് ഈ റെക്കോര്‍ഡില്‍ സച്ചിന് പുറകിലുള്ളത്. കുമാര്‍ സംഗക്കാര 38 സെഞ്ചുറിയും സ്റ്റീവ് സ്മിത്ത് 27 സെഞ്ചുറിയും നേടിയിട്ടുണ്ട്.

You Might Also Like