എനിക്കൊരു അവസരം തരൂ, പരാജയപ്പെട്ടാല്‍ ഇനി ഞാന്‍ ചോദിക്കില്ല, ചരിത്രമായ വാശി

Image 3
CricketTeam India

ധനേഷ് ദാമോദരന്‍

ചില പൊടുന്നനെയുള്ള തീരുമാനങ്ങള്‍ ഒരു മനുഷ്യന്റെ മാത്രമല്ല ചിലപ്പോള്‍ ഒരു രാജ്യത്തിന്റെ തലവര മാറ്റിയെഴുതിയേക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് 27 വര്‍ഷം മുമ്പ് ന്യൂസിലന്‍ഡിലെ ഓക്ലാന്‍ഡില്‍ കണ്ടത് .1995 ല്‍ വേള്‍ഡ് കല്ലുമായി 30 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 80 കോടി രൂപയായിരുന്നു ഭീമമായ ആ കരാര്‍ പുതുക്കിയത്.

അതിന്റെ പ്രധാന കാരണം ഒരു വര്‍ഷം മുമ്പ് നവജ്യോത് സിംഗ് സിദ്ദുവിന്റെ കഴുത്തിന് സംഭവിച്ച ഉളുക്ക് ആണെന്ന് പറയേണ്ടിവരും.

‘ ഞാന്‍ ഓപ്പണറായി ഇറങ്ങാം പരാജയപ്പെട്ടാല്‍ ഇനി ഒരു അവസരം ചോദിക്കില്ല ‘

അന്ന് സച്ചിന്‍ കേണപേക്ഷിക്കുകയായിരുന്നു .1994 ലെ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ഏക ടെസ്റ്റ് സമനിലയില്‍ കലാശിച്ച ശേഷം നടന്ന ചതുര്‍ മത്സര ഏകദിന പരമ്പരയിലെ നേപ്പിയറിലെ മക് ലീന്‍ പാര്‍ക്കില്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ അരങ്ങേറ്റ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ എതിരാളികളുടെ 240 റണ്‍സ് പിന്തുടര്‍ന്ന് 212 ന് പുറത്തായതോടെ പരമ്പരയില്‍ 1-0 ന് പിന്നിലായ ഇന്ത്യക്ക് ഒരു വിജയം അനിവാര്യമായിരുന്നു .

എന്നാല്‍ തോല്‍വിക്കു പിന്നാലെ കൂനിന്മേല്‍ കുരു എന്ന പോലെ സമീപകാലത്ത് ഏറ്റവും നന്നായി കളിക്കുന്ന സിദ്ദുവിന് അവസാനനിമിഷം പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യമാച്ചില്‍ 42 പന്തില്‍ 34 റണ്‍സ് എടുത്ത സിദ്ദു തൊട്ടുമുമ്പായി ശ്രീലങ്കക്കെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ 3 മാച്ചുകളില്‍ 46, 79, 108 റണ്‍സുമായി പരമ്പരയിലെ മാന്‍ ഓഫ് ദ സീരീസ് കൂടി ആയിരുന്നു. മാത്രമല്ല 66 മാച്ചില്‍ 2699 റണ്‍സുമായി 41.5 ശരാശരിയില്‍ റണ്‍സ് അടിച്ചിരുന്ന സിദ്ദു ഇന്ത്യന്‍ ടീമിലെ വിശ്വസ്തന്‍ കൂടിയായിരുന്നു.

അക്കാലത്ത് ഏകദിനത്തില്‍ 40 ശരാശരി പുലര്‍ത്തുന്ന മറ്റൊരു ഇന്ത്യക്കാരനും ഇല്ലായിരുന്നു . അതുകൊണ്ടുതന്നെ തീര്‍ച്ചയായും സിദ്ദു മടങ്ങിവരുമ്പോള്‍ ഓപ്പണിങ് റോള്‍ ഭദ്രമായി ഇരിക്കുന്നത് കൊണ്ടുതന്നെ പകരം തത്കാലികമായി ഒരാളെ കണ്ടെത്താനായിരുന്നു ടീം മാനേജ്‌മെന്റിന്റെ ശ്രമം. ടീമില്‍ മറ്റൊരു റിസര്‍വ് ഓപ്പണര്‍ ഇല്ലാത്തതിനാല്‍ എന്ത് ചെയ്യുമെന്ന് മാനേജര്‍ അജിത്ത് വഡേക്കറും നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ചര്‍ച്ചയിലായിലേര്‍പ്പെടുമ്പോഴായിരുന്നു 21കാരനായ സച്ചിന്‍ പുതിയ ആവശ്യം പറഞ്ഞത്.

ഏറെ ആലോചനക്ക് ശേഷം മാനേജ്‌മെന്റ് താല്‍ക്കാലികമായി പച്ചക്കൊടി കാട്ടി .സച്ചിനെ ഓപ്പണിങ് ഇറക്കിയാലും മറ്റൊരു മധ്യനിരക്കാരനെ കളിപ്പിക്കാന്‍ ബുദ്ധിമുട്ട് ഇല്ലാത്തത് സച്ചിന് അനുകൂലമായി . ഇന്ത്യ പക്ഷേ മധ്യനിരയില്‍ പുതിയ ഒരു ബാറ്റ്‌സ്മാനു പകരം രാജേഷ് ചൗഹാനെ കുംബ്‌ളെയുടെ സഹായിയായി ഇറക്കാനാണ് തീരുമാനിച്ചത്.

1989 ലെ ചരിത്ര അരങ്ങേറ്റത്തിനു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോഴും ഏകദിനങ്ങളില്‍ ശ്രീകാന്ത് ,സിദ്ധു ,അസ്ഹറുദ്ദീന്‍, മഞ്ജരേക്കര്‍ ചിലപ്പോള്‍ കപില്‍ദേവ് എന്നിവര്‍ക്ക് ശേഷം ഇറങ്ങേണ്ടിവരുന്നതു കൊണ്ടു തന്നെ ചില ഒറ്റപ്പെട്ട പ്രകടനങ്ങള്‍ മാത്രം കാഴ്ചവെക്കുന്ന സച്ചിനെ അതുകൊണ്ടുതന്നെ മുന്‍ഗാമിയായ ഗാവസ്‌കറിനെ പോലെ പോലെ ഒരു ടെസ്റ്റ് ക്രിക്കറ്റര്‍ ആയി മാത്രം വിലയിരുത്തപ്പെട്ട സച്ചിന് തോട് പൊട്ടിച്ച് പുറത്തു വരാന്‍ അവസരങ്ങള്‍ കൂടുതല്‍ കിട്ടിയതുമില്ല .

1992 ലോകകപ്പില്‍ 2 അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും സച്ചിന്റെ ആകെ പ്രകടനം ശരാശരി മാത്രമായിരുന്നു .ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു .അരങ്ങേറി 5 വര്‍ഷം പിന്നിട്ട് കഴിഞ്ഞിട്ടും ടെസ്റ്റ് ക്രിക്കറ്റില്‍ 8 സെഞ്ച്വറികള്‍ നേടിയ സച്ചിന് പക്ഷേ ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞതുമില്ല .69 മാച്ചുകള്‍ അതിനോടകം കളിച്ച സച്ചിന് നേടാന്‍ കഴിഞ്ഞത് വെറും 12 അര്‍ധ സെഞ്ചുറികള്‍ മാത്രമായിരുന്നു. 1758 റണ്‍സുകള്‍ നേടിയ സച്ചിന്റെ ശരാശരി 30 നടുത്തും സ്‌ട്രൈക്ക് റേറ്റ് 75 ല്‍ താഴെയുമായിരുന്നു . ഒരു ഘട്ടത്തില്‍ ശരാശരി 26 ലേക്ക് എത്തിയിരുന്ന സച്ചിന്റെ സ്‌ട്രൈക്ക് റേറ്റ് മഞ്ജരേക്കറിനേള്‍ അല്പം മാത്രം കൂടുതല്‍ ആയിരുന്നു .

തന്റെ പ്രകടനങ്ങള്‍ പ്രതീക്ഷക്കൊത്തുയരാത്തത് സച്ചിനെയും നിരാശനാക്കിയിരുന്നു. അതുകൊണ്ടാകാം ഒരു അവസരത്തിന് കാത്തു നിന്ന സച്ചിന്‍ പൊതുവേയുള്ള നാണംകുണുങ്ങി സ്വഭാവം മാറ്റിവെച്ച് ടീം മാനേജ്‌മെന്റിനോട് തന്റെ ആവശ്യം തുറന്നുപറഞ്ഞത് .പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായതന്നെ മാറുന്ന കാഴ്ചയാണ് കണ്ടത് .ഓക്ലന്‍ഡില്‍ തന്റെ 70 ആം ഏകദിന മത്സരത്തില്‍ വയസ്സില്‍ അജയ് ജഡേജയ്‌ക്കൊപ്പം സച്ചിന്‍ ആദ്യമായി പുതിയ റോളിലിറങ്ങി.

സീമിംഗ് പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 142 റണ്‍സിന് പുറത്തായി . കപില്‍ദേവ് 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും ശ്രീനാഥ് 17 റണ്‍സിന് 2 വിക്കറ്റും മൂന്നാം പേസര്‍ അംഗോള 27ന് 2 ഉം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍ രാജേഷ് ചൗഹാന്‍ 43 റണ്‍സ് വഴങ്ങി 3 വിക്കറ്റും വീഴ്ത്തി . അതിമനോഹരമായി പന്തെറിഞ്ഞ കുംബ്‌ളെ 10 ഓവറില്‍ 29 റണ്‍ മാത്രമേ വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാന്‍ പറ്റിയില്ല. എന്നും കിവീസിന്റെ രക്ഷകനായ ക്രിസ് ഹാരിസ് പുറത്താകാതെ നേടിയ 50 റണ്‍സ് മാത്രമായിരുന്നു കിവീസിന് ജീവന്‍ നല്‍കിയത് .

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങുമ്പോള്‍ സച്ചിന്റെ മനസ്സില്‍ പദ്ധതികള്‍ വേറെയായിരുന്നു. ആദ്യ 15 ഓവര്‍ മുതലെടുത്ത് ആക്രമിച്ച് പരമാവധി റണ്‍സെടുക്കാനുള്ള തന്ത്രം സച്ചിന്‍ പരീക്ഷിച്ചു .2 വര്‍ഷം മുന്‍പുള്ള ലോകകപ്പില്‍ ഇതേ ന്യൂസിലണ്ട് ഗ്രൗണ്ടുകളില്‍ ഗ്രേറ്റ് ബാച്ച് പരീക്ഷിച്ച അതേ തന്ത്രം സച്ചിന്‍ പുനരാവിഷ്‌കരിച്ചു . ഗ്രേറ്റ് ബാച്ചിനു ശേഷം ജയസൂര്യ ആണ് ഈ വിപ്ലവത്തിന് ഒരു തുടക്കം കുറിച്ചതെന്ന് പലതും പറയുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് ആ ബഹുമതിക്ക് അര്‍ഹന്‍.

ഓക്ലണ്ടിലെ ചെറിയ ഗ്രൗണ്ടിന്റെ സവിശേഷത സച്ചിന്‍ ബുദ്ധിപരമായി മുതലെടുത്തതോടെ ബൗണ്ടറികളുടെ പ്രവാഹമായിരുന്നു. ഡാനി മോറിസന്റെ 130 കിലോമീറ്ററില്‍ വന്ന പന്തുകള്‍ സച്ചിന്‍ തുടരെസ്‌ട്രെയിറ്റ് ബൗണ്ടറികള്‍ പായിച്ചപ്പോള്‍ മറ്റൊരു ഓപ്പണിങ്ങ് ബൗളര്‍ ക്രിസ് പ്രിംഗിളിന്റെ പന്തുകള്‍ക്ക് പിന്നാലെ ഫീല്‍ഡര്‍മാര്‍ ഓടിത്തളരുകയായിരുന്നു .മോറിസണ്‍ 6 ഓവറില്‍ 46 റണ്‍സ് വഴങ്ങിയപ്പോള്‍ പ്രിംഗിള്‍ നല്‍കിയത് 6 ഓവറില്‍ 41 റണ്‍സ് .

അതോടെ ആ കാലഘട്ടത്തിലെ ഏറ്റവും പിശുക്കനായ ബോളര്‍ ഗവിന്‍ ലാര്‍സണ് നായകന്‍ പന്ത് നല്‍കി . വിക്കറ്റ് ടു വിക്കറ്റ് പന്തെറിഞ്ഞ് ബാറ്റ്‌സ്മാനെ പ്രതിരോധത്തിലാക്കുന്ന ലാര്‍സണെ ലൈന്‍ മാറ്റാന്‍ പ്രേരിപ്പിച്ച് തുടരെ ക്രീസ് ഇറങ്ങിയ സച്ചിന്‍ മറുതന്ത്രം മെനഞ്ഞു . സമ്മര്‍ദത്തിലായി ലാര്‍സണിന്റെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ സച്ചിന്‍ തുടര്‍ച്ചയായി ബോണ്ടുകള്‍ കടത്തിയതോടെ 2 ഓവറില്‍ 24 റണ്‍സ് വഴങ്ങിയ ലാര്‍സണെ നായകന്‍ കെന്‍ റുഥര്‍ ഫോര്‍ഡിന് പിന്‍വലിക്കേണ്ടി വന്നു .

18 റണ്‍സ് നേടിയ ജഡേജ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 61ലെത്തിയിരുന്നു. വണ്‍ ഡൗണ്‍ പൊസിഷനില്‍ ഇറങ്ങിയ തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ വിനോദ് കാംബ്‌ളിയെ ഒരറ്റത്തു നിര്‍ത്തി സച്ചിന്‍ നിറഞ്ഞാടി .ഷോട്ട് സെലക്ഷന്‍ ,ടൈമിംഗ് ,കരുത്ത് എല്ലാം ആവാഹിച്ച ക്ലാസ് ഇന്നിംഗ്‌സ് ആണ് ഓക്ലന്‍ഡില്‍ കണ്ടത് .

സച്ചിന്‍ കളിച്ചത് വെറും15 ഓവറുകള്‍ മാത്രമായിരുന്നു. ഒടുവില്‍ സ്പിന്നര്‍ മാത്യു ഹാര്‍ട്ടിനെ മുന്നോട്ടു കളിക്കാന്‍ ശ്രമിച്ച് ബൗളര്‍ക്ക് തന്നെ പിടികൊടുത്തു സച്ചിന്‍ മടങ്ങുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 17 റണ്‍സ് മാത്രമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് അന്നേ വരെ ഒരു വിദേശ മണ്ണില്‍ കണ്ടിട്ടില്ലാത്ത ഒരു വെടിക്കെട്ട് അതിനോടകം നടന്നുകഴിഞ്ഞിരുന്നു.

49 പന്തുകളില്‍ 15 ഫോര്‍, 2 സിക്‌സറുകള്‍ .നേടിയത് 82 റണ്‍സ്.ബാറ്റ്‌സ്മാന്‍മാര്‍ ശരാശരി 130 പന്തുകള്‍ നേരിട്ട് സെഞ്ചുറി നേടുന്ന അക്കാലത്ത് കേട്ടുകേള്‍വിയില്ലാത്ത ഒരു പ്രകടനം .

23.2 ഓവറില്‍ അസ്ഹറും മഞ്ജരേക്കറും ഇന്ത്യയെ തീരത്തെത്തിക്കുമ്പോള്‍ 5 ഓവറില്‍ 19ന് ഒരു വിക്കറ്റെടുത്ത മാത്യു ഹാര്‍ട്ടിനും 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ ക്രിസ് ഹാരിസും മാത്രമാണ് കിവീസ് നിരയില്‍ പരിക്കില്ലാതെ രക്ഷപ്പെട്ടത് .

ഒരുതരത്തിലും തന്നെ ഓപ്പണിങ് പോസിഷനില്‍ നിന്നും മാറ്റാന്‍ പറ്റാത്ത വിധത്തിലുള്ള അസാധ്യ പ്രകടനം കാഴ്ചവെച്ച സച്ചിന്‍ അടുത്ത മാച്ചില്‍ വെല്ലിങ്ടണിലെ ബേസിന്‍ റിസര്‍വില്‍ വീണ്ടും മനോഹരമായി കളിച്ചു .75 പന്തില്‍ 63 റണ്‍സ് നേടിയ സച്ചിന്‍ വീണ്ടും മിന്നും പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യയ്ക്ക് 12 റണ്‍സ് വിജയം .തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നില്‍ .ഇക്കുറി ടീമിലേക്ക് തിരിച്ചെത്തി വണ്‍ ഡൗണ്‍ പൊസിഷനില്‍ ഇറങ്ങിയ സിദ്ദു 77 പന്തില്‍ 71 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

അടുത്ത മത്സരത്തില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ ആമി സ്റ്റേഡിയത്തില്‍ സച്ചിന്‍ വീണ്ടും അഴിഞ്ഞാടിയപ്പോള്‍ ഇന്ത്യ പരമ്പര വിജയം സ്വപ്നം കണ്ടു . 26 പന്തുകളില്‍ 8 ഫോറുകളടക്കം 40 റണ്‍സെടുത്ത സച്ചിന്‍ ആപാര ഫോമിലായിരുന്നു .ലാര്‍സന്റെ പന്തില്‍ ക്‌ളീന്‍ ബൗള്‍ഡായി സച്ചിന്‍ മടങ്ങുമ്പോള്‍ ഇന്ത്യ 61 ലെത്തിയിരുന്നു. എന്നാല്‍ സച്ചിനെ കൂടാതെ 68 റണ്‍സ് മാത്രം നേടിയ ജഡേജ ഒഴികെയുള്ളവര്‍ കളി മറന്നപ്പോള്‍ ചെറിയ സ്‌കോറില്‍ പുറത്തായ ഇന്ത്യക്കെതിരെ ന്യൂസിന്‍ഡ് 6 വിക്കറ്റിന് ജയിച്ചു പരമ്പര സമനിലയിലായി .

പരമ്പര 2-2 ന് സമനിലയില്‍ പിരിഞ്ഞുവെങ്കിലും സീരീസ് അവസാനിക്കുമ്പോള്‍ സച്ചിന്‍ മാത്രമായിരുന്നു ചര്‍ച്ചാവിഷയം .ആദ്യമാച്ചില്‍ ഇതില്‍ 19 പന്തില്‍ 15 റണ്‍സ് ,പിന്നീട് 49 പന്തില്‍ 82 റണ്‍സ് ,75 പന്തില്‍ 63 ,അവസാന മച്ചില്‍ 26 പന്തില്‍ 40 . 50 ശരാശരിയില്‍ ആകെ നേടിയത് 200 റണ്‍സ്.അതും 169 പന്തില്‍ അത്ഭുതപ്പെടുത്തുന്ന പ്രഹര ശേഷിയോടെ .

ഇന്ത്യയുടെ അടുത്ത പാറക്കല്‍ ഷാര്‍ജയിലേക്ക് യുഎഇ, ഓസ്‌ട്രേലിയ, ബദ്ധവൈരികളായ പാക്കിസ്ഥാന്‍ ഉള്‍പ്പെടുന്ന ആസ്‌ട്രേലേഷ്യ കപ്പിനായിരുന്നു . ആദ്യമത്സരത്തില്‍ യുഎഇ ക്കെതിരെ 77 പന്തില്‍ 63 റണ്‍സ് നേടി ഫോം തുടര്‍ന്ന സച്ചിന്‍ തൊട്ടടുത്ത പാകിസ്താനെതിരായ മാച്ചില്‍ വിശ്വരൂപം കാണിച്ചു. കരിയറില്‍ 2000 റണ്‍സ് തികച്ച മാച്ചില്‍ ആക്രത്തെ തുടര്‍ച്ചയായി രണ്ടു സിക്‌സര്‍ പറത്തിയത് കണ്ട് ഇന്ത്യന്‍ ആരാധകര്‍ ആവേശം കൊണ്ടു . സച്ചിന്‍ രണ്ടാമത്തെ സിക്‌സര്‍ പറത്തിയതിന് പിന്നാലെ എറിഞ്ഞ പന്ത് സച്ചിന്റെ ഹെല്‍മറ്റ് തകര്‍ത്തപ്പോള്‍ വരാനിരിക്കുന്ന കാലത്തെ ഒരു യുദ്ധ പ്രഖ്യാപനം കൂടി ആയി അത് .

10 ഫോറുകളും 3 സിക്‌സറുകളും നിറഞ്ഞ സച്ചിന്റെ 64 പന്തില്‍ 73 റണ്‍സ് ഇന്നിംഗ്‌സ് ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത് കണ്ടത് .അടുത്ത മാച്ചില്‍ ആസ്‌ട്രേലിയക്കെതിരെ 7 പന്തില്‍ 6 റണ്‍സിന് പുറത്തായെങ്കിലും പാകിസ്ഥാനെതിരായ ഫൈനല്‍ മാച്ചില്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും സച്ചിനില്‍ മാത്രമായിരുന്നു .എന്നാല്‍ 26 പന്തില്‍ നിന്നും 24 റണ്‍സ് അടിച്ച് അട്ടാവുര്‍ റഹ്മാന്റെ പന്തില്‍ അമീര്‍ സൊഹൈല്‍ പിടിച്ച് സച്ചിന്‍ പുറത്തായപ്പോള്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു .

250 റണ്‍സ് ചെയ്ത ഇന്ത്യ ഇറങ്ങിയ ഇന്ത്യ 8 ആമത്തെ ഓവറില്‍ 47 റണ്‍സില്‍ നില്‍ക്കെ സച്ചിന്‍ പുറത്തായശേഷം പിടിച്ചുനിന്ന് അര്‍ദ്ധ സെഞ്ച്വറി നേടിയ കാംബ്‌ളിക്കും ഒപ്പം 45 മുതല്‍ നാല് സിക്‌സര്‍ പറത്തി 44 റണ്‍സടിച്ച അതുല്‍ ബദാദെയും മാത്രം പിടിച്ചുനിന്ന ഇന്ത്യ ഒടുവില്‍ 211 റണ്‍സിന് പുറത്തായി കളി തോറ്റപ്പോള്‍ ഏറ്റവും നിരാശപ്പെട്ടത് സച്ചിന്‍ തന്നെയായിരുന്നു .ഇന്ത്യ തോറ്റെങ്കിലും അപ്പോഴേക്കും പുതിയ ഒരു തരംഗം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു .

പിന്നീട് ലോക ക്രിക്കറ്റ് എന്നത് സച്ചിനെ ചുറ്റിപ്പറ്റിയായിരുന്നു. സച്ചിന്‍ പ്രകടനങ്ങള്‍ ടെലിവിഷനുകളെ വില്പനയെ പോലും സ്വാധീനിച്ചു തുടങ്ങി . ഏകദിന ക്രിക്കറ്റില്‍ പുതിയ വിപ്ലവം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു .1996 ലോകകപ്പ് ആയപ്പോഴേക്കും ഓസ്‌ട്രേലിയ പോലുള്ള ടീമുകള്‍ ഇന്ത്യയുടെ വഴിയെ തങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കൂടുതല്‍ പന്ത് കളി ക്കണമെന്ന ഉദ്ദേശ്യത്തോടെ മാര്‍ക്ക് വോ എന്ന ക്ലാസിക് പ്ലെയറെ ഓപ്പണറാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയും അതേ പാത പിന്തുടര്‍ന്ന് അവരുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ ഡാരില്‍ കള്ളിനനെ ഓപ്പണിങ് ഇറക്കി പരീക്ഷിച്ചു .ഒരുപക്ഷേ വെസ്റ്റിന്‍ഡീസ് ബ്രയന്‍ ലാറ എന്ന ഇതിഹാസത്തെ അതു പോലെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെയും ലാറയുടേയും തലവര തന്നെ മാറിയേനെ .

1991 ല്‍ ഉദാരവത്കരണത്തിന്റെ വാതായനങ്ങള്‍ തുറന്നതോടു കൂടി 1977 ല്‍ രാജ്യം വിട്ടു പോയ കൊക്കോകോള 91 വീണ്ടും തിരിച്ചെത്തിയത് സച്ചിനെ ഇമേജിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. സച്ചിനൊപ്പം ഉണ്ടെങ്കില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിജയം നേടാമെന്ന ലളിതമായ തന്ത്രമാണ് അവര്‍ പിന്തുടര്‍ന്നത് .

1996 ആയപ്പോഴേക്കും 114 മേച്ചില്‍ 2 വര്‍ഷം മുന്‍പ് വരെയുണ്ടായിരുന്ന സച്ചിന്റെ 30 ശരാശരി 40 ന് മുകളിലും സ്‌ട്രൈക്ക് റേറ്റ് 82 ലുമെത്തി .10 വര്‍ഷം കഴിഞ്ഞ് 2004 ആയപ്പോഴേക്കും സച്ചിന്റെ ആവറേജ് അക്കാലത്തെ ഏറ്റവും മികച്ച 45 ലും പ്രഹര ശേഷി 86 ലുമെത്തി . ഒടുവില്‍ 24 വര്‍ഷത്തെ കരിയറിന് ശേഷം വിടവാങ്ങുമ്പോള്‍ 18,426 റണ്‍സും 44.83 ശരാശരിയില്‍ 86.24 സ്‌ട്രൈറ്റ് ക്രിക്കറ്റും പുലര്‍ത്തിയ സച്ചിന്‍ എത്ര മാത്രം സ്ഥിരത പുലര്‍ത്തിയെന്നത് കണക്കുകള്‍ പറയും .

സച്ചിന്റെ പ്രകടനങ്ങള്‍ അസ്ഹര്‍ എന്ന ക്യാപ്റ്റന്റ വിജയശതമാനം കുത്തന്നെ ഉയര്‍ത്തുകയും അസ്ഹറിന് ചരിത്ര വിജയങ്ങളും ടൂര്‍ണമെന്റ് വിജയങ്ങള്‍ നേടുന്നതിലും നിര്‍ണായക പങ്കു വഹിച്ചു . ഒരു പുതിയ തലത്തിലേക്കുയര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ 1996 ലോകകപ്പ് സെമി ,2003 ഫൈനല്‍ ,സര്‍വോപരി 2011 കിരീട വിജയങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ ഇന്നു കാണുന്ന ക്രിക്കറ്റ് ജ്വരത്തിന്റെയും ഒരു പങ്ക് സച്ചിന്‍ ഓപ്പണറായി ഇറങ്ങിയ മാര്‍ച്ച് 27 എന്ന ദിവസത്തിനു കൂടിയാണ് .

ക്രിക്കറ്റിന്റെ ആധുനികവല്‍ക്കരണ കാലഘട്ടത്തില്‍ അതിന്റെ സൗന്ദര്യ വല്‍ക്കരണത്തിനും പ്രചാരണത്തിനും സര്‍വ്വോപരി പണമൊഴുക്കിനും ഒരു വിഗ്രഹം ആവശ്യമായിരുന്നു .അവിടെ വിഗ്രഹ പ്രതിഷ്ഠ നടത്താന്‍ അവര്‍ക്ക് കിട്ടിയ ഏറ്റവും യോജിച്ച ആള്‍ സച്ചിന്‍ തന്നെ ആയിരുന്നു .ആ ചലിക്കുന്ന വിഗ്രഹത്തിന് പിറകെ യുവാക്കള്‍ ക്രിക്കറ്റ് ഒരു പാഷനാക്കി കച്ചകെട്ടി ഇറങ്ങുന്ന കാഴ്ച പതിവായി .സച്ചിന്റെ ഇന്നിങ്ങ്‌സുകള്‍ യുവതലമുറകള്‍ക്ക് കാണാപാഠമായി .

സച്ചിനെക്കാള്‍ തച്ചു തകര്‍ക്കുന്നവര്‍ പിന്നീട് ഏറെ പേര്‍ വന്നു എന്നാല്‍ അവരുടെയൊക്കെ കരിയര്‍ വളരെ ശുഷ്‌കമായിരുന്നു. തച്ചുതകര്‍ക്കലിനൊപ്പം സാങ്കേതികതയും സന്നിവേശിപ്പിച്ച് സച്ചിന്‍ കളിച്ച മുഴുവന്‍ കാലത്തും തന്റെ ശൈലിയില്‍ ചില ചില മാറ്റങ്ങള്‍ വരുത്തി അതുപോലെതന്നെ നിലനിന്നു. സച്ചിന്റെ കളികളില്‍ സൗന്ദര്യബോധം ഉണ്ടായിരുന്നു .സാങ്കേതികത്തികവുണ്ടായിരുന്നു. പ്രഹരശേഷി ഉണ്ടായിരുന്നു സമ്പൂര്‍ണ്ണ നിറഞ്ഞിരുന്നു .

എല്ലാം ഒത്തു ചേര്‍ന്ന ക്രിക്കറ്റിലെ ഇതിഹാസത്തിന് അന്ന് ഈഡന്‍ പാര്‍ക്കില്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയും സച്ചിന്റെ ഭാവിയും എന്താകുമെന്ന് ചില ക്രിക്കറ്റ് പ്രേമികളെങ്കിലും ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍