ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ആദ്യ പോര്, അവന്‍ ബാറ്റ്‌കൊണ്ട് ഗര്‍ജിക്കുകയായിരുന്നു

കെ നന്ദകുമാര്‍പിള്ള

1990 കളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ എന്തോ സൗന്ദര്യപ്പിണക്കം സംഭവിച്ചിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം 1986/87 നു ശേഷം ഓസ്ട്രേലിയന്‍ ടീം ടെസ്റ്റ് കളിക്കാനായി ഇന്ത്യയിലേക്ക് വന്നത് 1996 ലാണ്. അതും ഒരേയൊരു ടെസ്റ്റ്. 1998 ലാണ് ഒരു കമ്പ്‌ലീറ്റ് ടെസ്റ്റ് അവര്‍ ഇന്ത്യയില്‍ കളിച്ചത്. അതുപോലെ തന്നെ, 1991/92 ല്‍ അഞ്ചു ടെസ്റ്റ് പരമ്പര കളിച്ച ശേഷം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോയത് 1999/00 ലാണ്.

ഈ കാലയളവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകോത്തര ബാറ്റ്സ്മാന്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒപ്പം ഷെയിന്‍ വോണ്‍ ലോകമെമ്പാടുമുള്ള ബാറ്റ്സ്മാന്‍മാരുടെ ഉറക്കം കെടുത്തുന്ന ബൗളര്‍ ആയി മാറുകയും ചെയ്തു. പക്ഷെ ഈ രണ്ടു പ്രതിഭകളുടെ ടെസ്റ്റിലെ ഏറ്റുമുട്ടല്‍ കാണാന്‍ ക്രിക്കറ്റ് ലോകത്തിനു 1997/98 വരെ കാത്തിരിക്കേണ്ടി വന്നു. (1991 ല്‍ വോണിന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സിഡ്നിയില്‍ സച്ചിനും കളിച്ചിരുന്നു).

1998 മാര്‍ച്ച് 6 മുതല്‍ 10 വരെ ചെന്നൈയിലായിരുന്നു കാത്തിരിപ്പിനു അവസാനം കുറിച്ച ആ മത്സരം. സീരീസിന് മുന്‍പ് തന്നെ ഇത് സച്ചിന്‍ – വോണ്‍ ഏറ്റുമുട്ടല്‍ സീരീസായി വാഴ്ത്തപ്പെട്ടു. മീഡിയ അത്രത്തോളം പ്രാധാന്യം കൊടുത്ത ഒരു സീരീസ് അതിനു മുന്‍പ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ക്രിക്കറ്റ് പ്രേമികള്‍ അക്ഷമയോടെ ആ ദിവസത്തിനായി കാത്തിരുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി. ടോസ് ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ അസറുദ്ദിന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാര്‍ മോംഗിയയും സിധുവും, വണ്‍ ഡൌണ്‍ ദ്രാവിഡും അര്‍ദ്ധ സെഞ്ചുറികള്‍ നേടി മികച്ച തുടക്കം നല്‍കി. ഇന്ത്യ വന്‍ സ്‌കോറിലേക്ക് എന്ന പ്രതീതി. സ്‌കോര്‍ 126 ല്‍ രണ്ടാം വിക്കറ്റ് ആയി സിധു പുറത്തായപ്പോഴാണ് സച്ചിന്‍ ക്രീസിലേക്ക് വന്നത്. അദ്ദേഹം ബൗണ്ടറിയോടെ തുടങ്ങി. പക്ഷെ ആദ്യം ചിരിക്കാനുള്ള യോഗം വോണിനായിരുന്നു. വോണിന്റെ പന്ത് ഫ്രണ്ട് ഫുട് ഡ്രൈവിന് ശ്രമിച്ച സച്ചിന് പിഴച്ചു. ടേണ്‍ ചെയ്ത പന്ത് സച്ചിന്റെ ബാറ്റില്‍ ഉരസി, സ്ലിപ്പില്‍ മാര്‍ക്ക് ടെയ്ലറുടെ കയ്യില്‍. 5 പന്തില്‍ 4 റണ്‍സ് മാത്രമായിരുന്നു സച്ചിന്റെ സമ്പാദ്യം. സ്റ്റേഡിയം നിശബ്ദമായി. ടീവിയില്‍ മത്സരം വീക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ നിരാശരായി. പിന്നീട് വോണിന്റെയും സഹ സ്പിന്നര്‍ ഗവിന്‍ റോബര്‍ട്‌സന്റെയും കടന്നാക്രമണത്തില്‍ പിടിച്ചു നില്കാനാകാതെ ആദ്യ ഇന്നിംഗില്‍ 257 നു ഇന്ത്യ ഓള്‍ ഔട്ട് . വോണും റോബര്‍ട്‌സനും 4 വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഓസ്ട്രേലിയയുടെ തുടക്കവും മികച്ചതായിരുന്നില്ല. 8 നു 201 എന്ന നിലയിലേക്ക് പതിച്ച ഓസിസിനു വേണ്ടി ഒന്‍പതാം വിക്കറ്റില്‍ ഹീലി – റോബര്‍ട്‌സണ്‍ സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാര്‍ക്ക് വോയും ഹീലിയും റോബര്‍ട്‌സനും അര്‍ദ്ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ ഒന്നാമിന്നിങ്‌സില്‍ ഓസ്ട്രേലിയന്‍ സ്‌കോര്‍ 328 റണ്‍സ്. കുംബ്ലെ നാലു വിക്കറ്റ് എടുത്തു.

രണ്ടാം ഇന്നിങ്‌സില്‍ 71 റണ്‍സ് കടവുമായി ഇറങ്ങിയ ഇന്ത്യക്ക് വീണ്ടും ഓപ്പണര്‍മാര്‍ മോശമല്ലാത്ത തുടക്കം നല്‍കി. 115 റണ്‍സില്‍ രണ്ടാം വിക്കറ്റ് നഷ്ടപ്പെട്ട ശേഷമാണ് സച്ചിന്‍ ക്രീസിലെത്തിയത്.

ഇപ്രാവശ്യം തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു സച്ചിന്റെ വരവ്. അത്യധികം അക്രമണോല്‌സുക ബാറ്റിംഗ് ആണ് സച്ചിന്‍ അവിടെ കാഴ്ചവെച്ചത്. ആദ്യത്തെ കുറച്ച് പന്തുകള്‍ സൂക്ഷിച്ചു കളിച്ച ശേഷം, വോണിന്റെ പന്തില്‍ പോയിന്റിലൂടെ തന്റെ ആദ്യ ബൗണ്ടറി നേടി. അടുത്തത് വോണിന്റെ ഷോട്ട് ബോള്‍. അത് കവറിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞു. എല്ലാ ബൗളേഴ്സിനെയും ഒരേപോലെ ശിക്ഷിച്ച സച്ചിന്‍ 64 പന്തില്‍ അര്ധസെഞ്ചുറിയും 127 പന്തില്‍ സെഞ്ചുറിയും നേടി. അവസാനം 191 പന്തില്‍ 155 റണ്‍സ് എടുത്തു നില്‍ക്കേ, ഇന്ത്യന്‍ സ്‌കോര്‍ 418/ 4 എന്ന നിലയില്‍ ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

വളരെ മനോഹരമായ ഒരു ഇന്നിംഗ്‌സ് ആയിരുന്നു സച്ചിന്റേത്. ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയുടെയും മനസ് നിറച്ച ഇന്നിംഗ്‌സ്. വോണിന്റെ മേല്‍ വ്യക്തമായ മേധാവിത്തം കുറിച്ച ഇന്നിംഗ്‌സ്. അതില്‍, ഏറ്റവും കൗതുകകരമായി തോന്നിയത് സച്ചിന്റെ സ്റ്റാന്‍ഡ് ആയിരുന്നു. ലെഗ് സ്റ്റമ്പിന് പുറത്തു പന്ത് പിച്ച് ചെയ്യിച്ച ശേഷം ടേണ്‍ ചെയ്ത് വോണ്‍, മറ്റു രാജ്യങ്ങള്‍ക്കെതിരെ കുറെ വിക്കറ്റുകള്‍ നേടിയിരുന്നു. അത് വോണിന്റെ മാജിക്കല്‍ ബോള്‍ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. അത് മനസിലാക്കി, ലെഗ് സ്റ്റമ്പിന് പുറത്ത് ഗാര്‍ഡ് എടുത്താണ് സച്ചിന്‍ വോണിന്റെ പന്തുകളെ നേരിട്ടത്. ശരിക്കും അത് വോണിനെ നിരായുധനാക്കി എന്നതാണ് സത്യം.

അതോടെ ഓഫ്-മിഡില്‍ സ്റ്റമ്പില്‍ പന്തെറിയാന്‍ വോണ്‍ നിര്‍ബന്ധിതനായി. ആ പന്തുകള്‍ ബൗണ്ടറിയില്‍ എത്തിക്കുന്നതില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വിജയിക്കുകയും ചെയ്തു എന്നിടത്താണ് ഇന്ത്യക്ക് ആ സീരീസില്‍ ഇന്ത്യക്ക് ഓസ്ട്രേലിയക്ക് മേല്‍ വിജയം നേടാനായത്.

348 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് നാലാം ദിനം കളിച്ച 15 ഓവറില്‍ തന്നെ 3 വിക്കറ്റ് നഷ്ടപ്പെട്ടു. 31 / 3 എന്ന നിലയില്‍ കളി അവസാനിപ്പിച്ച ഓസീസ് പിറ്റേ ദിവസം 168 നു ഓള്‍ ഔട്ട് ആയി. കുംബ്ലെ നാലും രാജു മൂന്നും രാജേഷ് ചൗഹാന്‍ രണ്ടും ശ്രീനാഥ് ഒരു വിക്കറ്റും എടുത്തു. ഇന്ത്യക്ക് 179 റണ്‍സ് വിജയം.

ഓര്‍മയില്‍ ഒരിക്കലും മായാത്ത ഒരു മത്സരവും ഒരു ഇന്നിങ്സുമായിരുന്നു അത്. അടുത്ത ടെസ്റ്റ് കല്‍ക്കത്തയിലും ഇന്ത്യ വിജയിച്ചു. പക്ഷെ ബാംഗളൂരില്‍ നടന്ന അവസാന ടെസ്റ്റ് വിജയിച്ച് ഓസ്‌ട്രേലിയ മുഖം രക്ഷിച്ചു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like