എന്തൂട്ട് മണ്ടന്‍മാരാണ് പഞ്ചാബുകാര്‍, ഗെയിലിനെ പുറത്തിരുത്തിയതിനെതിരെ സച്ചിന്‍
ഐപിഎല്ലില്‍ പതിവ് പോലെ ആകെ തകര്‍ന്ന കിംഗ്സ് ഇലവന്‍ പഞ്ചാബ് വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സൂപ്പര്‍ താരം ക്രിസ് ഗെയിലിനെ ഇതാദ്യമായി കളത്തിലിറക്കാന്‍ പഞ്ചാബ് തയ്യാറായതാണ് ടീമിന് നേട്ടമായത്. മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ഗെയില്‍ 45 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ 53 റണ്‍സെടുത്തു.
ഇത്രയും ദിവസം പുറത്തിരുന്നതിന്റെ ടീം മാനേജുമെന്റിന് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ആ ഇന്നിംഗ്സ്. ഇതോടെ ഗെയിലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ സന്തോഷവും കൂടെ പഞ്ചാബ് ടീമിന്റെ ടീം സ്ട്രാറ്റജിയിലെ വൈരുദ്ധവും ചൂണ്ടി കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് ഒരു ചോദ്യത്തോടെയാണ് സച്ചിന്റെ ട്വീറ്റ്. ഗെയില്‍ തിരിച്ചെത്തിയതും മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചതും സന്തോഷം നല്‍കുന്നു. ഇത്രയും മത്സരങ്ങളില്‍ ഗെയിലിനെ പുറത്തിരുത്തിയതുകൊണ്ട് കിംഗ്സ് ഇലവന്‍ എന്താണ് ഉദേശിച്ചത് എന്ന് വ്യക്തമാകുന്നില്ല എന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.
Good to see @henrygayle back and scoring a wonderful 53. Wonder what @lionsdenkxip were thinking by leaving him out all this while. #RCBvKXIP #IPL2020 pic.twitter.com/OeTPWbC5t3
— Sachin Tendulkar (@sachin_rt) October 15, 2020
ഗെയില്‍ തിളങ്ങിയപ്പോള്‍ മത്സരം എട്ട് വിക്കറ്റിന് കിംഗ്സ് ഇലവന്‍ വിജയിച്ചു. കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരായി മികവ് തുടരുന്നതിനാല്‍ വണ്‍ഡൗണായാണ് ഗെയ്ല്‍ ബാറ്റിംഗിന് ഇറങ്ങിയത്. 299 ട്വന്റി 20 ഇന്നിംഗ്‌സുകളില്‍ ഏഴാം തവണയാണ് ഗെയില്‍ ഓപ്പണറല്ലാതെ ബാറ്റ് ചെയ്യാന്‍ എത്തിയത്. ഓപ്പണര്‍മാര്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നതിനാല്‍ ടീം ആവശ്യപ്പെട്ടയിടത്ത് ബാറ്റ് ചെയ്യാന്‍ എത്തി എന്നായിരുന്നു മത്സരശേഷം ഗെയ്ലിന്റെ പ്രതികരണം.
മത്സരത്തില്‍ ബാംഗ്ലൂരിന്റെ 171 റണ്‍സ് അവസാന പന്തില്‍ പുരാന്റെ സിക്സറിലാണ് പഞ്ചാബ് മറികടന്നത്. കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ മായങ്ക് അഗര്‍വാള്‍ 25 പന്തില്‍ 45 റണ്‍സെടുത്തു. ഓപ്പണറായിറങ്ങി 49 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് കളിയിലെ താരം