ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അഭ്യന്തര കലാപം, ഡികോക്ക് മത്സരത്തിന് തൊട്ട് മുമ്പ് പിന്മാറി

ടി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് അപ്രതീക്ഷിതമായി പിന്മാറി ടീമിലെ സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായി ക്വിന്റണ്‍ ഡികോക്ക്. ടീമിലെ അഭ്യന്തര കലാപമാണ് ഡികോക്കിന്റെ പിന്മാറ്റത്തിലേക്ക് നയിച്ചതെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഡികോക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതെന്നാണ് ടോസ് വേളയില്‍ നായകന്‍ തെംബ ബവൂമ വ്യക്തമാക്കിയത്. ഡിക്കോക്കിന് പകരം റീസ ഹെന്‍ഡ്രിക്സാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ഓസീസിനോട് തോറ്റ കഴിഞ്ഞ മത്സരത്തില്‍ നിന്ന് പ്രോട്ടീസ് ടീമിലെ ഏക മാറ്റം ഡിക്കോക്കിന്റെ അസാന്നിധ്യമാണ്.

‘വലിയ ഞെട്ടല്‍, എന്തോ ആഭ്യന്തര പ്രശ്നം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പുകയുന്നുണ്ട്’ എന്നായിരുന്നു ടോസിന് പിന്നാലെ സ്റ്റാര്‍ സ്പോര്‍ട്സില്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്സന്‍ പ്രതികരിച്ചത്. ഇത് അഭ്യൂഹങ്ങള്‍ക്ക് തീപിടിയ്ക്കാന്‍ കാരണമായിട്ടുണ്ട്. . ഡിക്കോക്കിന്റെ അസാന്നിധ്യം വെസ്റ്റ് ഇന്‍ഡീസിന് മുന്‍തൂക്കം നല്‍കും എന്നായിരുന്നു ഇതിഹാസ താരം ബ്രയാന്‍ ലാറ പ്രതികരിച്ചത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസും ഒരു മാറ്റം വരുത്തി. മക്കോയ് പുറത്തായപ്പോള്‍ ഹെയ്ഡല്‍ വാല്‍ഷാണ് പകരമെത്തിയത്. ഇരുവരും ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയോടും പരാജയപ്പെട്ടു.

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, റീസ ഹെന്‍ഡ്രിക്സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.

വെസ്റ്റ് ഇന്‍ഡീസ്: ലെന്‍ഡല്‍ സിമണ്‍സ്, എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പുരാന്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ഡ്വെയ്ന്‍ ബ്രാവോ, അകീല്‍ ഹൊസീന്‍, ഹെയ്ഡല്‍ വാല്‍ഷ്, രവി രാംപോള്‍.

You Might Also Like