സര്‍പ്രൈസ് കോള്‍ കാത്ത് ശ്രീ, നടന്നത് ബിസിസിഐയുടെ പ്രതികാരമോ?

Image 3
CricketTeam India

ഐപിഎല്‍ ലേലത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ശ്രീശാന്ത് ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. തന്നെ സ്വന്തമാക്കാന്‍ ഏതെങ്കിലുമൊരു ഐപിഎല്‍ ടീം തയ്യാറാകുമെന്ന് തന്നെയാണ് ശ്രീശാന്ത് ഇപ്പോഴും കരുതുന്നത്. ഇതിനുളള കാത്തിരിപ്പിലാണ് താരം.

നിലവില്‍ ശ്രീശാന്ത് തന്നെ നിശ്ചയിച്ച അടിസ്ഥാന വിലയായ 70 ലക്ഷം രൂപയില്‍ നിന്നും താഴാനും ശ്രീശാന്ത് തയ്യാറാണ്. ഇതിനായുളള നീക്കങ്ങളാണ് ശ്രീശാന്ത് ക്യാമ്പ് ഇപ്പോള്‍ നടത്തുന്നില്ല.

ഐപിഎല്‍ താരലേല പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ ലൈവിലെത്തിയ ശ്രീശാന്ത് വ്യക്തമാക്കിയത് പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല എന്നുതന്നെയായിരുന്നു.

‘ഐപിഎല്ലില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ എട്ടു കൊല്ലം കാത്തിരിക്കാമെങ്കില്‍ ഇനിയും കാത്തിരിക്കാനാകും. 38 വയസ്സേ ആയിട്ടുള്ളൂ. ഐപിഎലില്‍ കളിക്കാന്‍ വിധിച്ചിട്ടുണ്ടെങ്കില്‍ അടുത്ത സീസണില്‍, അല്ലെങ്കില്‍ അടുത്തതില്‍ നിശ്ചയമായും ഉണ്ടാകും. തോറ്റുകൊടുക്കാന്‍ തയാറല്ല. ആരുടെയും സഹതാപവും വേണ്ട. പക്ഷേ എല്ലാവരുടെയും പിന്തുണ തുടരണം. ഇനിയും കഠിനമായി പ്രയത്‌നിക്കും. മുന്നില്‍ മാതൃകയായി ഒട്ടേറെ സൂപ്പര്‍സ്റ്റാറുകളുണ്ട്. ചില കാര്യങ്ങള്‍ നമ്മുടെ വഴിക്കു വരില്ലെന്നാണ് അവര്‍ പഠിപ്പിച്ചിട്ടുള്ളത്. ശ്വാസമുള്ളിടത്തോളം കാലം തോറ്റുകൊടുക്കില്ല. ഏതെങ്കിലും ടീമിന് എന്നെ വേണമെങ്കില്‍ ഇനിയും അവസരമുണ്ട്. ഒരു സര്‍പ്രൈസ് കോള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ക്രിസ് ഗെയ്ലിനു ലഭിച്ചതു പോലെ ഒരവസരമാണ് പ്രതീക്ഷിക്കുന്നത്.’-ശ്രീശാന്ത് പറഞ്ഞു.

ഇതിനു പിന്നാലെ സമൂഹമാധ്യമത്തില്‍ മറ്റൊരു പോസ്റ്റും ശ്രീശാന്തിന്റേതായി വന്നു’ചെന്നായ്ക്കൂട്ടത്തിലേക്ക് എന്നെയെറിഞ്ഞോളൂ, ഞാന്‍ തിരിച്ചു വരും, അവയെത്തന്നെ നയിച്ചുകൊണ്ട്…’ എന്നായിരുന്നു ‘റോക്ക് സ്റ്റാര്‍’ സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെയുള്ള വിഡിയോ പോസ്റ്റ്.

വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലിനു ലഭിച്ചതു പോലൊരു അവസരത്തിനായിട്ടാണു ശ്രീശാന്ത് കാത്തിരിക്കുന്നതെങ്കിലും നിലവിലെ ഐപിഎല്‍ നിയമ പ്രകാരം അതിനു സാധ്യതയില്ല. ഒരു ഐപിഎല്‍ ടീമില്‍ 18 മുതല്‍ 25 വരെ കളിക്കാര്‍ ആകാമെന്നാണു നിയമം. ഇതില്‍ വിദേശ കളിക്കാര്‍ പരമാവധി എട്ട്. ടീമുകളില്‍ ഉള്‍പ്പെട്ട ഏതെങ്കിലും കളിക്കാര്‍ പരുക്കു മൂലമോ മറ്റു കാരണങ്ങളാലോ ഒഴിവായാല്‍ ലേല പട്ടികയില്‍ നിന്ന് അതുവരെ ആരും എടുക്കാത്ത കളിക്കാരനെ ഉള്‍പ്പെടുത്താന്‍ ടീമിന് അവസരമുണ്ട്.

2011ലെ ഐപിഎല്‍ ലേലത്തില്‍ ആരും വിളിച്ചെടുക്കാതിരുന്ന ക്രിസ് ഗെയിലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ ഒരു കളിക്കാരനു പരുക്കു പറ്റിയതിനു പകരമായാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഐപിഎല്‍ ലേല പട്ടികയില്‍ ഉള്‍പ്പെട്ട താരമെന്ന നിലയിലായിരുന്നു ഗെയ്ലിന് ആ രണ്ടാം അവസരം ലഭിച്ചത്. പക്ഷേ ഈ സീസണിലെ ലേല പട്ടികയില്‍ നിന്ന് പുറത്തായതോടെ ശ്രീശാന്തിനു മുന്നില്‍ ഇത്തരം സാധ്യത കൂടിയാണ് അടയുന്നത്.