വിദേശ ലീഗില്‍ കളിക്കാന്‍ ഒരുങ്ങി ശ്രീശാന്ത്, ബിഗ് ബാഷില്‍ പന്തെറിഞ്ഞേക്കും

Image 3
CricketCricket News

ക്രിക്കറ്റില്‍ നിന്ന വിലക്കു നീങ്ങിയതോടെ സര്‍വ്വ സജ്ജമായി കളിക്കളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇതിന്റെ ഭാഗമായി വിദേശത്തു കളിക്കാന്‍ അനുമതി തേടിയിരിക്കുകയാണ ശ്രീശാന്ത് ഇപ്പോള്‍.

ഓസ്ട്രേലിയയിലെ ബിഗ് ബാഷ, ന്യൂസിലാന്‍ഡിലെ ക്രിക്കറ്റ് ലീഗ് തുടങ്ങിയവയില്‍ കളിക്കാനുള്ള സാദ്ധ്യത തേടുകയാണെന്ന് താരം വ്യക്തമാക്കി. ചെന്നൈ ലീഗില്‍ കളിക്കാനും പദ്ധതിയുണ്ടെന്നു പറഞ്ഞ ശ്രീശാന്ത് മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ഏതാനും ക്ലബ്ബുകളില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടുണ്ടെന്നും പറഞ്ഞു.

അതെസമയം ശ്രീശാന്തിനു വിദേശ ലീഗുകളില്‍ കളിക്കാനുള്ള അനുമതി ബി.സി.സി.ഐ നല്‍കാനുള്ള സാദ്ധ്യത കുറവാണ്. കാരണം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച താരങ്ങളെ മാത്രമേ വിദേശ ലീഗില്‍ കളിക്കാന്‍ അനുവദിക്കുന്നുള്ളൂ. ശ്രീശാന്താവട്ടെ അന്താരാഷ്ട്ര ക്രിക്കറ്റ്, ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ നിന്നും വിരമിച്ചിട്ടുമില്ല. രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാന്‍ ഇത്തവണ ഡിസംബര്‍, ജനുവരി എങ്കിലുമാകുമെന്നതിനാല്‍ അതുവരെ കളിക്കാതിരിക്കാനാകില്ലെന്ന ശ്രീശാന്ത് പറഞ്ഞു.

37 വയസ്സുണ്ടെങ്കിലും വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്താമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ശ്രീശാന്ത്. ഫിറ്റ്‌നസ് തെളിയിച്ചാലുടന്‍ ശ്രീയെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതു മുതല്‍ കേരളത്തിന്റെ അണ്ടര്‍ 23 ടീമിനൊപ്പം പരിശീലനം നടത്തി കൊണ്ടിരിക്കുകയാണ് ശ്രീശാന്ത്. വിലക്കിനു ശേഷം തിരിച്ചെത്തിയ ശ്രീശാന്ത് കൊച്ചിയില്‍ ഇന്നലെ പരിശീലനം നടത്തി.