ടീം ഇന്ത്യയില്‍ തമിഴന്മാര്‍ക്ക് ക്രൂരമായ അവഗണന, ലോകകപ്പ് ടീമിനെതിരെ ഇന്ത്യന്‍ താരം

Image 3
CricketCricket News

ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പില്‍ വിഭാഗീകയത ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം എസ് ബദ്രിനാഥ് ടീം ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജനെ ഉള്‍പ്പെടുത്താത്തതാണ് ബദ്രിനാഥിനെ പ്രകോപിപ്പിക്കുന്നത്. ടീം ഇന്ത്യ തമിഴ്‌നാട് താരങ്ങളെ അവഗണിക്കുന്നത് പതിവാണെന്ന് ബദ്രിനാഥ് കുറ്റപ്പെടുത്തി.

അതെസമയം ഐപിഎല്‍ 2024 സീസണില്‍ മികച്ച ഫോമിലുള്ള സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതിനെ ബദ്രിനാഥ് പ്രശംസിച്ചു.

‘ടി നടരാജന്‍ ടി20 ലോകകപ്പ് ടീമില്‍ വേണമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കളിക്കാര്‍ക്ക് മറ്റുള്ളവരെക്കാള്‍ ഇരട്ടി മികവ് പുലര്‍ത്തിയാലേ അവസരം കിട്ടൂ. കഠിന പ്രയത്‌നം നടത്തിയിട്ടും തമിഴ്‌നാട് താരങ്ങള്‍ അവഗണിക്കപ്പെടുന്നു. ഈ അവഗണന ഞാനും അനുഭവിച്ചിട്ടുണ്ട്. എങ്കിലും വിമര്‍ശനങ്ങളുണ്ടെങ്കിലും മികച്ച സ്‌ക്വാഡിനെയാണ് ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്’ ബദ്രിനാഥ് എക്‌സില്‍ പ്രതികരിച്ചു.

ഈ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി നടരാജന്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ ഇതൊന്നും സെലക്ടര്‍മാര്‍ മുഖവിലക്കെടുത്തില്ല. പകരം ലോകകപ്പ് ടീമില്‍ ഉള്‍പെടുത്തിയത് 9 കളിയില്‍ 12 വിക്കറ്റുള്ള അര്‍ഷ്ദീപ് സിംഗിനെയും, 9 കളിയില്‍ 6 വിക്കറ്റ് മാത്രമുള്ള മുഹമ്മദ് സിറാജിനേയുമാണ്. ഇതാണ് ബദ്രിനാഥിന്റെ വിമര്‍ശനത്തിനാധാരം.