അറിയപ്പെടാതെ പോയ ഹീറോ, ഓള്‍റൗണ്ടര്‍മാരിലെ ഇതിഹാസമാണ് ആയാള്‍, ബാറ്റിംഗില്‍ കോഹ്ലിയേക്കാളും ബൗളിംഗില്‍ സ്‌റ്റെയ്‌നെക്കാളും ശരാശരിയുമുണ്ടായിരുന്നു
ധനേഷ് ദാമോധരന്‍
ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ അയാള്‍ക്ക് ഇരിപ്പുറക്കുന്നില്ലായിരുന്നു. ടീം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി അയാള്‍ ഭൂരിഭാഗവും സൈഡ് ബെഞ്ചിലായിരുന്നു . കളിച്ചത് വെറും നാല് ലിസ്റ്റ് എ മാച്ചുകള്‍ മാത്രം. കഴിഞ്ഞ മാച്ചിലിണെങ്കില്‍ ബാറ്റ് ചെയ്യാന്‍ അവസരവും കിട്ടിയില്ല എറിയാന്‍ പറ്റിയതാകട്ടെ വെറും 4 ഓവറുകള്‍ മാത്രവും . 243 റണ്‍സ് ചെയ്ത ടീമിന്റെ ആറാം വിക്കറ്റും നഷ്ടമായിക്കഴിഞ്ഞിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ വെറും 150 റണ്‍സ് മാത്രം.
ഒരു അവസരത്തിനായി അയാള്‍ കാത്തുനില്‍ക്കുകയായിരുന്നു ആ സുവര്‍ണാവസരം അയാള്‍ ഇരു കൈകളും നീട്ടി മുതലാക്കി പുറത്താകാതെ 50 റണ്‍ അടിച്ചപ്പോള്‍ ടീമിന് അപ്രതീക്ഷിതമായ ഒരു മിന്നും വിജയം .
എസക്‌സിനു വേണ്ടി പിന്നീടയാള്‍ ചരിത്രമായി. അഞ്ഞൂറിലധികം മത്സരങ്ങള്‍ അവര്‍ക്കു വേണ്ടി കളിച്ച അയാള്‍ കരിയറില്‍ 25,000 ത്തിലധികം പന്തുകളെറിഞ്ഞു. മുപ്പതിനായിരത്തോളം റണ്‍സുകള്‍ നേടി .ഒടുവില്‍ ആ ടീമിന്റ നായകപദവി കൂടി അലങ്കരിച്ചു ചാമ്പ്യന്‍ഷിപ്പ് വിജയങ്ങള്‍ പോലും നേടിക്കൊടുത്തു മിന്നും താരമായി .
കേപ്ടൗണില്‍ ജനിച്ചു നെതര്‍ലന്‍ഡ്‌സിനു വേണ്ടി പാഡണിഞ്ഞ റയാന്‍ ടെന്‍ ഡുഷാറ്റെ എന്ന മഹാനായ അസോസിയേറ്റ് പ്ലെയറുടെ ജീവിത വീഥികളില്‍ കഥകളേറെ പറയാനുണ്ട്.
കെവിന്‍ പീറ്റേഴ്‌സന്‍ അടക്കമുള്ളവരെ പോലെ ദക്ഷിണാഫ്രിക്കയിലെ ടീം സെലക്ഷനിലെ ദയാവായ്പിന് കാത്ത് നില്‍ക്കാതെ കേപ്ടൗണ്‍ വിട്ട് അയാള്‍ മറ്റൊരു ലോകത്തേക്ക് കാലെടുത്ത് വെക്കുമ്പോള്‍ അയാളുടെ കോച്ചോ ഒപ്പം കളിച്ചവരോ അയാള്‍ 17 വര്‍ഷം ലോകക്രിക്കറ്റിലെ വന്‍ വേദികളില്‍ താരമാകുമെന്നോ രണ്ട് ലോകകപ്പുകള്‍ കളിക്കുമെന്നോ ഐപിഎല്‍ താരമാകുമെന്നോ ഗ്ലോബല്‍ T20 കളിലെ ചൂടന്‍ വിഭവമാകുമോ എന്നൊക്കൊ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അത് പുച്ഛിച്ചു തള്ളിയേനെ.
അസോസിയേറ്റ് രാജ്യങ്ങളെപ്പറ്റിയോ അവരുടെ താരങ്ങളെ പറ്റിയോ ഓര്‍മ്മിപ്പിക്കുന്ന തക്ക വിധത്തിലുള്ള വ്യത്യസ്തമായ പ്രകടനങ്ങള്‍ വലിയ രീതിയില്‍ ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല .വലിയ വേദികളില്‍ ചില മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമാകുമ്പോഴും ആ തീപ്പൊരികള്‍ ഒരു വലിയ ചിതയാക്കാന്‍ അവര്‍ക്ക് അവസരങ്ങള്‍ അധികം ലഭിക്കാറില്ല എന്നതാണ് സത്യം.
എന്നാല്‍ റയന്‍ ടെന്‍ഡു ഷാറ്റെയുടെ കരിയര്‍ തികച്ചും വ്യത്യസ്തമാണ് .സ്വന്തം പേരിലും പ്രകടനങ്ങളിലും കരിയറിലെ നാള്‍വഴികളിലും റെക്കോര്‍ഡ് പുസ്തകങ്ങളിലും ആ വ്യത്യസ്തതകള്‍ കാണാം .ലോകക്രിക്കറ്റിലെ തന്നെ എങ്ങനെ ഉച്ചരിക്കണം എന്ന് ആശയക്കുഴപ്പമുള്ള പേര് കൂടാതെ താന്‍ ജനിച്ച ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം കളിച്ചിരുന്നുവെങ്കില്‍ ജാക്വസ് കാലിനൊപ്പമോ അതിനുമുകളിലോ പേര് രേഖപ്പെടുത്താനുള്ള കഴിവ് ഉണ്ടായിട്ടും ദുര്‍ബലരായ ഒരു രാജ്യത്തിന് വേണ്ടി കളിക്കുക ,8 വര്‍ഷത്തെ ഇടവേളക്കുശേഷം ദേശീയ ടീമിലേക്ക് ഒരു മിന്നുന്ന തിരിച്ചുവരവ് നടത്തുക ,അവസാന ഏകദിന മത്സരത്തില്‍ ഒരു സെഞ്ചുറി നേടുക, ഐപിഎല്ലില്‍ കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടുന്ന ആദ്യത്തെ അസോസിയേറ്റ് താരമവുക. എല്ലാറ്റിനുമുപരി വിരാട് കോലി എന്ന മഹാനായ ബാറ്റ്‌സ്മാനേക്കാള്‍ മികച്ച ഏകദിന കരിയര്‍ ആവറേജ് പുലര്‍ത്തുക .റയാനെ പറ്റി ഏറെ പറയാനുണ്ടാകും .
ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ നാലിലൊന്നും മത്സരം മാത്രം കളിച്ച 33 ഏകദിനങ്ങളില്‍ 67 ബാറ്റിങ്ങ് ശരാശരി പുലര്‍ത്തുന്നു എന്നത് അയാളുടെ കണക്കുകളില്‍ നിഴല്‍ വീഴ്ത്തുന്നില്ല . വളരെ പരിമിതമായ അവസരങ്ങളിലും കളിച്ച രാജ്യങ്ങള്‍ക്കെതിരെയെല്ലാം മികവുപുലര്‍ത്തിയ അയാള്‍ക്ക് ഏത് ടീമിനെതിരെയും മികവു പുലര്‍ത്താന്‍ പറ്റുമെന്ന് 2011 ലോകകപ്പില്‍ കുറിച്ച രണ്ട് സെഞ്ച്വറികള്‍ കണ്ടാല്‍ മാത്രം മതി. കൗണ്ടിയില്‍ എസക്‌സിന്റെ എക്കാലത്തെയും മികച്ച നായകന്‍ കൂടിയായ റയാന്‍ 45.17 ശരാശരിയില്‍ നേടിയ 10,766 ഫസ്റ്റ് ക്‌ളാസ് റണ്‍സുകളും ലോകത്തെ ഗ്ലോബല്‍ T20 കളിലെ പ്രകടനങ്ങളും അയാള്‍ ഒരു ടെസ്റ്റ് രാജ്യത്തിനു വേണ്ടി കളിച്ചിരുന്നെങ്കില്‍ എവിടെ എത്തിയേനെ എന്നതിന്റെ ഉദാഹരണം കൂടിയാണ് .
2003 ല്‍ ഗ്രെയിം സ്മിത്ത് നായകനായ ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേണ്‍ പ്രോവിന്‍സ് ടീമിനുവേണ്ടി കളിച്ച് കളി തീരാന്‍ 32 പന്ത് ബാക്കിനില്‍ക്കെ വന്ന ചെറുപ്പക്കാരന്‍ 16 പന്തില്‍ 44 റണ്‍സ് അടിച്ചതോടെ അയാളുടെ സമയം തെളിഞ്ഞു .എസക്‌സിന്റ എക്കാലത്തെയും മികച്ചവനായ ഗ്രഹം ഗൂച്ച് കണ്ടെത്തിയ പ്രതിഭയുടെ അടുത്ത മാച്ചിലെ ബാളിങും കണ്ടതോടെ നേരെ ഒരു ട്രയല്‍സിലൂടെ മൂന്നുവര്‍ഷ കോണ്‍ട്രാക്ട് ഒപ്പിടുമ്പോള്‍ ആ ടീമിലുണ്ടായിരുന്നത് ഫ്‌ലവര്‍ സഹോദരന്മാരും നാസര്‍ ഹുസൈനും റോണി ഇറാനിയും അടങ്ങുന്ന കൊമ്പന്മാര്‍ ആയിരുന്നു .
ജോണ്ടി റോഡ്‌സിനെയും കെപ്‌ളര്‍ വെസല്‍സിനെയും ആരാധിച്ചു നടന്ന ടെന്‍ഡോ എന്ന് വിളിപ്പേരുള്ള ക്രിക്കറ്റിലും റഗ്ബിയിലും പ്രാഗല്‍ഭ്യം തെളിയിച്ച വെസ്റ്റേണ്‍ പ്രൊവിന്‍സിനു വേണ്ടി കരിയര്‍ തുടങ്ങി ഗ്രഹാം ഗൂച്ച് വഴി പ്രൊവിന്‍സ് കോച്ചായ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പീറ്റര്‍ കേഴ്സ്റ്റനിലൂടെ പിന്നീട് ഡച്ച് പൗരത്വം വഴി നെതര്‍ലണ്ടിനു വേണ്ടി കളിച്ച ടെന്‍ഡോ ആദ്യകാലങ്ങളില്‍ 10 ആമനായി ഇറങ്ങുന്ന ഒരു ബൗളര്‍ മാത്രമായിരുന്നു .പിന്നീട് അയാള്‍ പടിപടിയായി ബാറ്റിംഗ് മികവ് തെളിയിച്ചു.
2005 ല്‍ ലിസ്റ്റ് എ യില്‍ ഡച്ചിനു വേണ്ടി അരങ്ങേറ്റം കുറിച്ച് അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അയര്‍ലണ്ടിന് എതിരെ 84 റണ്‍ നേടി മികവ് തെളിയിച്ചു .
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സമ്മര്‍ദമില്ലാതെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയും ആവശ്യം വരുമ്പോള്‍ ബിഗ് ഹിറ്റിങ്ങിലൂടെ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്യുന്ന റയാന്‍ ഇന്നിങ്ങ്‌സ് കൊണ്ടു പോകാന്‍ അതിസമര്‍ത്ഥനാണ് .ഒപ്പം തന്റെ സെന്‍സിബിള്‍ ബൗളിങ്ങിലൂടെ ബാറ്റിങ്ങ് നിരയെ ബുദ്ധിമുട്ടിക്കുക കൂടി ചെയ്യുമ്പോള്‍ അയാള്‍ ഒരു ഒന്നാന്തരം യൂട്ടിലിറ്റി ക്രിക്കറ്റര്‍ ആകുന്നു .
2006-ലെ ഐസിസി ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ തുടര്‍ച്ചയായ ഇന്നിംഗ്‌സുകളില്‍ 84 ,158, 138 ,100, 259 നോട്ടൗട്ട് എന്നിങ്ങനെ സ്‌കോര്‍ ചെയ്ത ടെന്‍ഡോ കാനഡയ്‌ക്കെതിരെ നടന്ന മാച്ചില്‍ അസാമാന്യ ഓള്‍റൗണ്ട് മികവ് പ്രകടിപ്പിച്ചു .എസക്‌സ് 239/6 സ്‌കോര്‍ കുറിച്ചപ്പോള്‍ പുറത്താകാതെ 131 റണ്‍സും നേടിയത് ടെന്‍ഡോ ആയിരുന്നു .തുടര്‍ച്ചയായ നാലാം മാച്ചില്‍ ടെന്‍ഡോയുടെ മൂന്നാമത്തെ സെഞ്ച്വറി ആയിരുന്നു അത് .കാനഡയെ 103 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയപ്പോള്‍ ടെന്‍ഡോ വെറും 20 റണ്‍സിന് 6 വിക്കറ്റുകള്‍ പിഴുതു .
2008 ല്‍ ടെന്‍ഡോയുടെ മിന്നും പ്രകടനങ്ങള്‍ക്ക് ബഹുമതിയായി ICC അസോസിയേറ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കുകയുണ്ടായി.
2007 ല്‍ നടന്ന ലോകകപ്പ് സമയത്താണ് ടെന്‍ഡോയെ ലോകം ആദ്യം ശ്രദ്ധിക്കുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് ബര്‍മുഡക്കെതിരെ തന്റെ ആദ്യ ഏകദിന സെഞ്ചുറി കണ്ടെത്തിയ ടെന്‍ഡോ ജമൈക്കയില്‍ നടന്ന വാം അപ്പ് മാച്ചില്‍ ഇന്ത്യക്കെതിരെ 5 വിക്കറ്റ് പ്രകടനം നടത്തി . സെവാഗിനെ ക്‌ളീന്‍ ബൗള്‍ ചെയ്ത ടെന്‍ഡോ സഹ ഓപ്പണര്‍ ഗാംഗുലിയേയും പിന്നാലെ യുവരാജ് സിങ് ,ധോണി എന്നിവരെയും പുറത്താക്കി .300 റണ്‍ നേടിയ ഇന്ത്യക്കെതിരെ 115 റണ്‍സിന് പുറത്തായി വന്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും നാലാമനായി ഇറങ്ങി ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തി 39 പന്തില്‍ 31 റണ്‍ നേടിയ ടെന്‍ഡോയുടെ ഓള്‍റൗണ്ട് മികവ് ഒരു അസോസിയേറ്റ് താരം എന്നതിലുപരി ലോകത്തെ ഏത് ടീമിലും ഇടം കണ്ടെത്തുവാന്‍ കഴിവുണ്ടെന്ന പ്രഖ്യാപനം കൂടിയായിരുന്നു . 3.5 ഓവര്‍ മാത്രം എറിഞ്ഞ് 12 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ യുവരാജ് ആണ് അന്ന് ഹോളണ്ടിനെ തകര്‍ത്തത് .
പിന്നാലെ 2007 ലോകകപ്പില്‍ സൗത്താഫ്രിക്കക്കെതിരെ 57 റണ്‍ നേടിയ ടെന്‍ഡോ സകോട്ട്‌ലണ്ടിനെതിരെ പുറത്താകാതെ 79 റണ്‍ നേടിയപ്പോള്‍ ഡച്ച് വിജയവും നേടി .
2009 ഐസിസി T 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതോടെ ടെന്‍ഡോ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.ഒരു ഘട്ടത്തില്‍ 10 ഓവറില്‍ വിക്കറ്റ് പോകാതെ 100 ലധികം റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍മാരായ ബൊപ്പാരയേലും ലൂക്ക് റോഞ്ചിയേയും വീഴ്ത്തിയ ടെന്‍ഡോ ഇംഗ്ലീഷ് സ്‌കോര്‍ 162 ലൊതുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു . .പിന്നാലെ നെതര്‍ലണ്ട്‌സ് അവസാന പന്തില്‍ വിജയിക്കുമ്പോള്‍ 17 പന്തില്‍ 22 റണ്‍സുമായി ടെന്‍ഡോ ക്രീസില്‍ തന്നെയുണ്ടായിരുന്നു .
ലോക വേദികളിലെ മികവ് ടെന്‍ഡോയെ T20 ലീഗുകാരുടെ ഇഷ്ടതാരമാക്കി മാറ്റി . അനായാസമായ ഹീറ്റിംഗ് ,തന്ത്രപരമായ ബൗളിങ്ങ്, ലെഗ് സൈഡിലേക്കുള്ള തൂക്കിയടികള്‍ സവിശേഷതയാക്കിയ ടെന്‍ഡോയെ സ്വന്തമാക്കാന്‍ കരാറുകാര്‍ മത്സരിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു കരാര്‍ ഒപ്പിടുമ്പോള്‍ IPL കോണ്‍ട്രാക്ട് ലഭിച്ച ആദ്യത്തെ അസോസിയേറ്റ് പ്ലെയര്‍ കൂടിയായി ടെന്‍ഡോ.ഇന്ത്യയില്‍ IPL കൂടാതെ ബംഗ്‌ളാദേശ്, ന്യൂസിലണ്ട് , ന്യൂസിലണ്ട്, സിംബാബ് വെ,സൗത്ത് ആഫ്രിക്ക അടക്കം 6 ടെസ്റ്റ് രാജ്യങ്ങളില്‍ ഡൊമസ്റ്റിക് ടൂര്‍ണമെന്റുകളില്‍ മത്സരിച്ച ടെന്‍ഡോ തന്റെ താരമൂല്യം ഉയര്‍ത്തി .
2010 ല്‍ മുഹമ്മദ് ഷഹ്‌സാദ്, ട്രെന്റ് ജോണ്‍സണ്‍, കെവിന്‍ ഒബ്രിയന്‍ എന്നി വമ്പന്‍മാരെ പിന്തള്ളിയാണ് ഐസിസി അസോസിയേറ്റ് പ്ലെയര്‍ ഓഫ് ദ ഇയര്‍ബഹുമതി നേടിയത്. അക്കാലയളവില്‍ 5 ഏകദിന മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും 3 അര്‍ധ സെഞ്ചുറിയും നേടിയ ടെന്‍ഡോയുടെ ശരാശരി 121.33 ഉം സ്‌ട്രൈക്‌റേറ്റ് 79.30 ഉം ആയിരുന്നു . അക്കാലയളവില്‍ T20 യിലാണെങ്കില്‍ ശരാശരി 47 ആയിരുന്നു. ICC ഇന്റര്‍കോണ്ടിന്റ് ടൂര്‍ണമെന്റില്‍ കെനിയയ്‌ക്കെതിരെ 22 ഫോറുകളും 7 സിക്‌സറുമടക്കം 212 റണ്‍സ് നേടിയ അതേ മാച്ചില്‍ 174 റണ്‍സിന് 7 വിക്കറ്റുകള്‍ കൂടി നേടി ടെന്‍ഡോ ചരിത്രമെഴുതി .
2011 ലോകകപ്പ് എത്തുമ്പോഴേക്കും ടെന്‍ഡോ ലോകമറിയുന്ന വലിയ താരമായി മാറിയിരുന്നു .മുന്‍നിര താരങ്ങളെ വെല്ലുവിളിക്കുന്ന പ്രകടനം നടത്തിയ ടെന്‍ഡോ ലോകകപ്പില്‍ 2 സെഞ്ചുറികള്‍ നേടി സച്ചിനും ABD ക്കും ജയവര്‍ധനെക്കും ദില്‍ഷനും തരംഗക്കുമൊപ്പമെത്തി .
ഇംഗ്ലണ്ടിനെതിരെ നടന്ന മാച്ചില്‍ 110 പന്തില്‍ 119 റണ്‍സ് നേടിയപ്പോള്‍ ഡച്ച് ടീം സ്‌കോര്‍ 292 ലെത്തി .വീണ്ടും ഇംഗ്‌ളണ്ടിനെതിരെ ഒരു അട്ടിമറി പ്രതീതി ഉണര്‍ത്തികളി തോറ്റെങ്കിലും ടെന്‍ഡോയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു .ബാറ്റിങ്ങിനു പുറമെ റണ്‍സൊഴുകിയ പിച്ചില്‍ 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി 2 വിക്കറ്റ് കൂടി പിഴുത് തന്റെ മൂല്യം തെളിയിച്ചു . അന്ന് ഒരു ടെസ്റ്റ് ടീമിനെതിരേ സെഞ്ചുറി നേടിയ ആദ്യത്തെ ഡച്ചുകാരനായ ടെന്‍ഡോ ഒരു അസോസിയേറ്റ് രാജ്യക്കാരന്‍ ടെസ്റ്റ് ടീമിനെതിരെ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറിനും ഉടമയായി.
ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ പുറത്താകാതെ 53 റണ്‍സ് നേടിയ ടെന്‍ഡോ അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 300 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ നേടിയത് 106 റണ്‍സായിരുന്നു . ടെന്‍ഡോയുടെ അവസാന ഏകദിന മത്സരം കൂടിയായിരുന്നു അത് .അവസാന ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയ ബഹുമതി അദ്ദേഹം കരസ്ഥമാക്കിയെങ്കിലും ടീം വീണ്ടും പരാജയപ്പെട്ടു. വെറും 24 മാച്ചുകളില്‍ നിന്നും 1000 ഏകദിന റണ്‍സ് നേടിയും ടെന്‍ഡോ വിസ്മയമായി .
പിന്നീട് അദ്ദേഹം ഹോളണ്ടിന് വേണ്ടി കളിച്ചത് ചുരുക്കം മാച്ചുകള്‍ മാത്രമായിരുന്നു .2017 ല്‍ വീണ്ടും അദ്ദേഹം മടങ്ങി വന്നു.2021 T20 ലോകകപ്പിന് ക്വാളിഫിക്കേഷന്‍ നേടിക്കൊടുക്കാനും ടെന്‍ഡോക്ക് പറ്റി . അതിനിടയില്‍ ഗ്ലോബല്‍ T20 കളിലും മിന്നും പ്രകടനം നടത്തുന്നതിനൊപ്പം തന്റെ ക്ലബ് എസക്‌സിനെ അദ്ദേഹം ഉയരങ്ങളിലെത്തിക്കുകയും ചെയ്തു .
2013 ല്‍ സ്‌കോട്ട്‌ലണ്ടിനെതിരായ 40 ഓവര്‍ മത്സരത്തില്‍ 368 റണ്‍സ് അടിച്ചപ്പോള്‍ 110 റണ്‍സ് നേടിയ ഹമിഷ് റൂഥര്‍ഫോര്‍ഡിനൊപ്പം നാലാം വിക്കറ്റില്‍ 22 ഓവറില്‍ 230 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഒരു ലിസ്റ്റ് റെക്കോര്‍ഡ് സൃഷ്ടിച്ചപ്പോള്‍ ആ മാച്ചില്‍ ടെന്‍ഡോ കുറിച്ചത് 98 പന്തില്‍ 180 റണ്‍സായിരുന്നു .72 പന്തില്‍ ആറു സിക്‌സറും അഞ്ചു ഫോറുമടക്കം നൂറില്‍ എത്തിയ ടെന്‍ഡോ പിന്നീടുള്ള 26 പന്തുകള്‍ കഴിഞ്ഞപ്പോള്‍ ആകെ 23 ബൗണ്ടറികള്‍ നേടിയിരുന്നു .അതിലെ 15 ബൗണ്ടറികള്‍ ബൗണ്ടറി വരക്ക് വെളിയിലും .
2016ല്‍ എസക്‌സ് അവരുടെ നായകസ്ഥാനം ടെന്‍ഡോയെ ഏല്‍പ്പിക്കുമ്പോള്‍ അത് അയാള്‍ 13 വര്‍ഷമായി ആ ടീമിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു . എസക്‌സിനെ ഡിവിഷന്‍ ചാമ്പ്യന്മാര്‍ ആക്കിയ സീസണില്‍ 4 സെഞ്ചുറികള്‍ നേടിയ ടെന്‍ഡോയുടെ ശരാശരി 64 ആയിരുന്നു . 25 വര്‍ഷത്തിനു ശേഷം ഗ്രഹാം ഗുച്ചിനെ കൂടാതെ എസ്സക്‌സ് ആദ്യമായി കൗണ്ടി ചാമ്പ്യന്‍ഷിപ്പും നേടിയതും ടെന്‍ഡോയുടെ ക്യാപ്റ്റന്‍സിലായിരുന്നു .
ഒടുവില്‍ 2020 ല്‍ പുതുതലമുറക്ക് ക്യാപ്റ്റന്‍ സ്ഥാനം മാറി കൊടുക്കുമ്പോഴേക്കും 3 വര്‍ഷത്തിനുള്ളില്‍ 2 കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നേടിയ ടെന്‍ഡോ സ്ഥാനമൊഴിയുന്നു മുമ്പ് 58 ഫസ്റ്റ് ക്ലാസ് മാച്ചുകളില്‍ നായകനായപ്പോള്‍ 33 വിജയം നേടിയപ്പോള്‍ 8 എണ്ണത്തില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്.ക്ലബ്ബിനുവേണ്ടി 477 മാച്ചില്‍ പങ്കുചേര്‍ന്ന് ടെന്‍ഡോ 27 സെഞ്ചുറികളും 300 ലധികം വിക്കറ്റുകളും നേടുകയുണ്ടായി .
ഒടുവില്‍ നാല്‍പതാം വയസ്സില്‍ രാജ്യത്തിന് T20 യോഗ്യത നേടിക്കൊടുക്കുന്നതിനുവേണ്ടി തിരിച്ചു വന്ന് ക്വാളിഫയര്‍ കളിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു .
‘ To be dead honest ,it’s not an issue for me ,I dont ever think I’m 40 ,I don’t ever think I’m old ‘
ഏകദിന ക്രിക്കറ്റില്‍ 33 മാച്ചില്‍ 1541 റണ്‍ കുറിച്ച ടെന്‍ഡോയുടെ 67 എന്ന അത്ഭുത ശരാശരി ഇനിയൊരാളും മറി കടക്കാന്‍ സാധ്യതയില്ല. 8 മാച്ചുകള്‍ മാത്രമേ അദ്ദേഹം ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ കളിച്ചുള്ളൂവെങ്കിലും ബാക്കി 25 മാച്ചുകള്‍ ദുര്‍ബലരായ അസോസിയേറ്റ് രാജ്യങ്ങള്‍ക്കെതിരെ എന്നത് അദ്ദേഹത്തിന്റെ പെരുമ കുറക്കില്ല . 33 33 മാച്ചുകളില്‍ 2 മാച്ചില്‍ മാത്രമാണ് ബൗളിംഗിലോ ബാറ്റിംഗിലോ അദ്ദേഹത്തിന് ഇമ്പാക്ട് നല്‍കാന്‍ പറ്റാതിരുന്നത് . 94% മാച്ചിലും തന്റെ പങ്ക് നല്‍കിയ മറ്റൊരു ക്രിക്കറ്ററെ കാണാന്‍ പറ്റില്ല .മാത്രമല്ല 24.13 ശരാശരിയില്‍ 55 വിക്കറ്റ് നേടിയ ടെന്‍ഡോ 3 തവണയാണ് നാലു വിക്കറ്റ് നേട്ടം കുറിച്ചത് .ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ കളിച്ച മാച്ചുകളില്‍ ബാറ്റിംഗില്‍ 54 ഉം ബൗളിംഗില്‍ 38 ഉം ശരാശരിയും പുലര്‍ത്തിയ ടെന്‍ഡോയ്ക്ക് ഏത് തലത്തിലും കളിക്കാനുള്ള മികവുണ്ടായിരുന്നു .
ചെറുപ്പകാലത്ത് ഒരുതരത്തിലുള്ള കോച്ചിംഗ് കിട്ടാതിരുന്നിട്ടും ഒരു ദുര്‍ബല രാജ്യത്തിനുവേണ്ടി കളിച്ചിട്ടും തന്റെ പരിമിതമായ സാഹചര്യങ്ങള്‍ കൊണ്ട് ടെന്‍ഡോ ലോകത്തിന്റ നെറുകയില്‍ലെത്തി.ഡെറിക് നാനസിന് ശേഷം ഐപിഎല്‍ കളിച്ച അസോസിയേറ്റ് താരമായ ടെന്‍ഡോ 2011 ലോകകപ്പിലും IPL ലും ഇന്ത്യയില്‍ കളിച്ച ടെന്‍ഡോ ഇന്ത്യയെയും കളിച്ച ഇന്ത്യയെയും ഇന്ത്യന്‍ ഭക്ഷണത്തേയും ഏറെ ഇഷ്ടപ്പെടുന്നു .5 വര്‍ഷം KKRന് വേണ്ടി IPL കളിച്ച ടെന്‍ഡോ നായകന്‍ ഗൗതം ഗംഭീര്‍ തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് പറയാറുണ്ടായിരുന്നു .
ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ മികച്ച ഒരു ടീമിന്റെ ഭാഗമായി ഏറെ വര്‍ഷം കളിച്ചിരുന്നെങ്കില്‍ ടെന്‍ഡോ ഏറ്റവും മികച്ച ഒരു വേള്‍ഡ് ക്‌ളാസ് യൂട്ടിലിറ്റി ക്രിക്കറ്റര്‍ ആയേനെ. 202 ഫസ്റ്റ് ക്‌ളാസില്‍ 44.30 ശരാശരിയില്‍ 29 സെഞ്ച്വറികളും 58 അര്‍ധ സെഞ്ചുറികളുമടക്കം നേടിയ 11298 റണ്‍സുകളും 225 ലിസ്റ്റ് എ മാച്ചുകളില്‍ 11 സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളുമടക്കം 45.17 ശരാശരിയില്‍ നേടിയ 6063 റണ്‍സുകളും കൂടാതെ 214 ഫസ്റ്റ് ക്‌ളാസ് മാച്ചുകളും 174 ലിസ്റ്റ് എ വിക്കറ്റുകളും അക്കാര്യം സാക്ഷ്യപ്പെടുത്തുന്നു .
ഹൃദയംകൊണ്ട് താനെന്നും ഒരു ദക്ഷിണാഫ്രിക്കക്കാരനാണെന്ന് വിശ്വസിക്കുന്ന ടെന്‍ഡോ കഴിഞ്ഞവര്‍ഷം ശ്രീലങ്കന്‍ താരം ദില്‍ഷന്‍ മുനവിറ ‘ഗോട്ട് ‘എന്ന് വിശേഷിപ്പിച്ച് കോലിക്കും ബാബര്‍ അസമിനുമൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തപ്പോള്‍ ‘Appologies to All involved ‘ എന്ന് ട്വീറ്റ് ചെയ്ത സംഭവം ഏറെ കൗതുകകരമായിരുന്നു.
എകദിന ക്രിക്കറ്റില്‍ കോലിയുടെ ശരാശരിയെ വെല്ലുന്ന ടെന്‍ഡോക്ക് തന്നെയാണ് T 20 ല്‍ വിരമിച്ച താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയും .പലപ്പോഴും ഇദ്ദേഹം ഒരു ടെസ്റ്റ് രാജ്യത്തിനു വേണ്ടി കളിച്ചിരുന്നുവെങ്കില്‍ എത്ര ഉയരത്തിലേത്തിയേനെ എന്ന ചിന്തകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ടെന്‍ഡോയെക്കാള്‍ കൂടുതല്‍ ഇടക്കിടെ ഉളവാക്കാന്‍ മറ്റാര്‍ക്കും പറ്റാറില്ല എന്നത് തന്നെയാണ് 17 വര്‍ഷത്തെ കരിയറിലൂടെ ടെന്‍ഡോ സൃഷ്ടിച്ച തരംഗവും
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍