റഷ്യൻ ഫുട്ബോൾ താരത്തിന് ഇടിമിന്നലേറ്റു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Image 3
FeaturedFootball

പരിശീലനത്തിനിടെ ഇടിമിന്നലേറ്റ് റഷ്യൻ ഫുട്‌ബോൾ താരം. റഷ്യൻ ടീമായ എഫ്സി സ്നാമ്യ ട്രുഡെയുടെ പതിനാറുകാരനായ ഗോൾകീപ്പറായ ഇവാൻ സബോർസ്കിയാണ് ദാരുണ സംഭവത്തിനിരയായത്. താരം അപകടനില തരണം ചെയ്തുവെങ്കിലും ചികിത്സയിൽ തന്നെയാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

വാരാന്ത്യം തോറുമുള്ള പരിശീലന സെഷനിടെ ടീമംഗങ്ങളിൽ നിന്നും മാറി പരിശീലനം നടത്തുമ്പോഴാണ് താരത്തിന് അപ്രതീക്ഷിതമായി ഇടിമിന്നലേറ്റത്. സബോർസ്കിയുടെ കഴുത്തിലുണ്ടായിരുന്ന ലോഹമാല കാരണമാണു താരത്തിന് മിന്നലേറ്റതെന്നാണു കരുതപ്പെടുന്നത്.

https://twitter.com/Olaaaitan_/status/1280452338575122432?s=19

മിന്നലേറ്റ ഉടനെ സഹതാരങ്ങളും പരിശീലകരും ചേർന്ന് താരത്തിന് പ്രാഥമിക ചികിത്സ നൽകുകയും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവിടെ നിന്നും കൂടുതൽ ചികിത്സക്കായി താരത്തെ ഹെലികോപ്ടറിൽ മോസ്കോ നഗരത്തിലേക്കു കൊണ്ടു പോയി. സബോർസ്കിയുടെ കാമുകിയാണ് താരം അപകടനില തരണം ചെയ്ത വിവരം അറിയിച്ചത്.

അപകടനില തരണം ചെയ്തെങ്കിലും താരം ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയെന്നും താരത്തിന്റെ കാമുകി അറിയിച്ചു. മിന്നലിന്റെ യാതൊരു ലക്ഷണങ്ങളും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ലെന്നും താരത്തിന്റെ ജീവൻ രക്ഷിച്ച സഹതാരങ്ങളോടും പരിശീലകരോടും നന്ദി പറയുന്നുവെന്നും സബോർസ്കിയുടെ സഹോദരി പറഞ്ഞു.