റയൽ മാഡ്രിഡിനു ട്രെബിൾ കിരീടങ്ങൾ ലക്‌ഷ്യം, ജർമനിക്ക് വേണ്ടി കളിക്കുന്നില്ലെന്ന് തീരുമാനിച്ച് റൂഡിഗർ

ഈ മാസം നടക്കാനിരിക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള ജർമൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ ഒഴിവാക്കപ്പെട്ട താരങ്ങളിൽ പ്രധാനിയാണ് അന്റോണിയോ റുഡിഗാർ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ മുപ്പതുകാരനായ താരത്തിനെ ഒഴിവാക്കിയത് പുതിയ താരങ്ങൾക്ക് അവസരം നൽകി പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാനാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതങ്ങിനെയല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് ടീമിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അന്റോണിയോ റുഡിഗർ ജർമനിക്ക് വേണ്ടി കളിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പരിശീലകനായ ഹാൻസി ഫ്ലിക്കിനോട് ഇക്കാര്യം താരം ആവശ്യപ്പെട്ടു. അപ്രധാനമായ മത്സരങ്ങളായതിനാൽ താരത്തിന്റെ ആവശ്യം പരിഗണിച്ച് റുഡിഗറെ ഒഴിവാക്കുകയായിരുന്നു. നിക്കളാസ് സൂളെ, തോമസ് മുള്ളർ, ലെറോയ് സാനെ എന്നിവരും ജർമൻ സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല.

ലീഗിൽ ബാഴ്‌സലോണയുമായി ഒൻപതു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന റയൽ മാഡ്രിഡ് കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യപാദത്തിൽ ബാഴ്‌സലോണയോടും തോറ്റിരുന്നു. എന്നാൽ ഇതിനെ രണ്ടിനെയും മറികടക്കാൻ റയൽ മാഡ്രിഡിന് കഴിയും. അതിനു പുറമെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് കഴിഞ്ഞ സീസണിലേക്കാൾ എളുപ്പമുള്ള വഴിയാണ് റയൽ മാഡ്രിഡിന് ലഭിച്ചിരിക്കുന്നത്.

ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയ ടീമാണെങ്കിലും ഇതുവരെയും റയൽ മാഡ്രിഡ് ട്രിബിൾ നേട്ടം സ്വന്തമാക്കിയിട്ടില്ല. ഈ സീസണിൽ അതിനു വേണ്ടി പൊരുതാൻ കഴിയുമെന്നതിനാലാണ് റുഡിഗാർ ജർമൻ ടീമിനായി കളിക്കുന്നില്ലെന്നു തീരുമാനിച്ചത്. ലാറ്റിനമേരിക്കൻ ടീമായ പെറു, യൂറോപ്യൻ ടീമായ ബെൽജിയം എന്നിവർക്കെതിരെയാണ് ജർമനി കളിക്കുന്നത്.

You Might Also Like