അവനില്ലായിരുന്നെങ്കില്‍ ഇന്ത്യ ആ ലോകകപ്പ് നേടില്ലായിരുന്നു, എന്നിട്ടും ആരും ശ്രദ്ധിക്കാതെ മടങ്ങാനായിരുന്നു വിധി

Image 3
CricketTeam India

ഷമീന്‍ ജയറാം ദാസ്

പ്രതാപത്തിന്റെ രൗദ്രഭാവം.. രുദ്ര പ്രതാപ് സിങ്..

ഇന്ത്യ കിരീടം ചൂടിയ 2007 ലെ ടി 20 ലോകകപ്പ് വിജയത്തിന്റെ ശില്പികളായി പാടിപുകഴ്ത്തപ്പെട്ടവര്‍ ഏറെയാണ്.. തന്ത്രങ്ങള്‍ മെനഞ്ഞ ക്യാപ്റ്റന്‍ ധോനി, ഫൈനലിലെ ടോപ് സ്‌ക്കോറര്‍ ഗംഭീര്‍, ഫൈനലിലെ താരം ഇര്‍ഫാന്‍, ഇംഗ്ലണ്ടിനെയും ഓസീസിനെയും കശാപ്പ് ചെയ്ത യുവി, ഓസീസ് ബാറ്റിംഗിനെ പിഴുതെറിഞ്ഞ ശ്രീശാന്ത് എന്നിങ്ങനെ നീളും.

ഇതിനിടയില്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ താരമായിരുന്നു 12 വിക്കറ്റോടെ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് കൊയ്ത ആര്‍.പി.സിങ്ങ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ഉമര്‍ ഗുല്‍ (13) ന് ഒരു വിക്കറ്റ് മാത്രം പിന്നില്‍ സ്റ്റുവര്‍ട്ട് ക്ലാര്‍ക്കിനും അഫ്രിദിക്കുമൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിരുന്നു.

ആ ഇന്ത്യന്‍ ടീമിലെ സീനിയര്‍ ബൗളറായ ഇര്‍ഫാന്‍ നോക്കി നില്‍ക്കെ എല്ലാ മല്‍സരങ്ങളിലും ഇന്ത്യന്‍ ബൗളിംഗിന്റെ കടിഞ്ഞാണ്‍ പാടിച്ചത് അന്നത്തെ ആ 22 കാരന്‍ പയ്യനായിരുന്നു. ഏകദ്ദേശം രണ്ടു വര്‍ഷം മാത്രം നീണ്ട ടി 20 കരിയറില്‍ ആകെ അയാള്‍ കളിച്ചത് 10 മത്സരങ്ങളും എടുത്തത് 15 വിക്കറ്റുകളുമാണെന്ന് അറിയുമ്പോഴാണ് അതില്‍ 12 വിക്കറ്റും സ്വന്തമാക്കിയത് ലോകകപ്പിലെ 7 മത്സരങ്ങളില്‍ കാഴ്ചവച്ച ബൗളിംഗിന്റെ വശ്യത മനസിലാകുന്നത്.

വശ്യമായ ബൗളിംഗ് ആക്ഷനിലൂടെ പ്രത്യേകിച്ച് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ ഓഫ് സ്റ്റമ്പ് പിഴുതെടുക്കുന്നത് അത് വായുവില്‍ കരണം മറിയുന്ന സമയം രണ്ടു മുഷ്ടികളും ചുരുട്ടി ആര്‍ത്തുവിളിച്ച് ഓടുന്ന ആര്‍.പി ആ ലോകകപ്പിന്റെ ആവേശമായിരുന്നു. ആ ടൂര്‍ണമെന്റിലുടനീളം സ്ഥിരതയോടെ പന്തെറിഞ്ഞ ആര്‍.പി ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബൗളറുമായിരുന്നു..

പിന്നീടൊരിക്കലും അതേ ഫോമിലും സ്ഥിരതയോടും അയാള്‍ പന്തെറിയുന്നത് കണ്ടിട്ടില്ല.. ഏകദിനത്തിലും ടെസ്റ്റിലുമായി അഞ്ചാറു വര്‍ഷം മാത്രം നീണ്ടു നിന്ന അന്താരാഷ്ട്ര കരിയര്‍ അയാളുടെ നല്ല പ്രായത്തില്‍ തന്നെ അവസാനിക്കുന്നതും കണ്ടു…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍