പരാഗിനെ റാഞ്ചാന്‍ കണ്ണുതള്ളുന്ന കോടികളുമായി ആര്‍സിബി, കോഹ്ലിയ്ക്ക് അതുതന്നെ വേണം

Image 3
CricketIPL

ഐപിഎല്ലില്‍ ദിവസങ്ങള്‍ക്കകം നടക്കുന്ന താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അസാമീസ് താരം റിയാഗ് പരാഗിനെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സ്വന്തമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഏഴ് കോടി രൂപയാണത്രെ പരാഗിനായി ആര്‍സിബി മാറ്റിവെച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ രാജസ്ഥാനില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനമേറ്റ താരമാണ് പരാഗ്. 2019 മുതല്‍ രാജസ്ഥാന്റെ താരമാണ് പരാഗ്.

പരാഗിനെ കൂടാതെ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡര്‍, ഇന്ത്യന്‍ താരം അമ്പാടി റായിഡു എന്നിവരേയും ബംഗളൂരു ടീമിലെത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രമുഖ വാര്‍ത്ത ഏജിന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹോള്‍ഡറാകട്ടെ സണ്‍റൈസസ് ഹൈദരാബാദിന്റെ താരമായിരുന്നു. നിലവില്‍ തകര്‍പ്പന്‍ ഫോമില്‍ കളിയ്ക്കുന്ന താരം ഈയടുത്ത് ഇംഗ്ലണ്ടിനെതിരെ ഫോട്രിക്ക് നേടി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 12 കോടി രൂപയാണത്രെ ഹോള്‍ഡറിനായി ആര്‍സിബി മാറ്റി വെച്ചിരിക്കുന്നത്.

അമ്പാടി റായിഡുവാകട്ടെ ഐപിഎല്ലിലെ ഏറ്റവും വിജയികളിലൊന്നാണ്. വ്യത്യസ്ത ടീമുകളിലായി അഞ്ച് തവണയാണ് അമ്പാടി റായിഡു ഐപിഎല്‍ കിരീടം നേടിയത്. 2013, 15, 17 വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനായും 2018, 21 വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായും അമ്പാടി റായിഡു ഐപിഎല്‍ കിരീടം സ്വന്തമാക്കി. എട്ട് കോടി രൂപ മുടക്കിയാണ് അമ്പാടി റായിഡുവിെ ടീമിലെത്തിക്കാന്‍ ആര്‍സിബി ഒരുങ്ങുന്നത്.

നിലവില്‍ വിരാട് കോഹ്ലി, ഗ്ലെന്‍ മാക്‌സ് വെല്‍, മുഹമ്മദ് സിറാജ് എന്നിവരേയാണ് ആര്‍സിബി നിലനിര്‍ത്തിയിരിക്കുന്നത്. കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ പുതിയ സീസണില്‍ ആര്‍സിബിയ്ക്ക് പുതിയ ക്യാപ്റ്റനേയും കണ്ടെത്തണം.