സിക്‌സുകളുടെ ഘോഷയാത്ര, വീണ്ടും ഗെയിലാട്ടം, അവസാന പന്തില്‍ പഞ്ചാബിന് നാടകീയ ജയം
ഐപിഎല്ലില്‍ 13ാം സീസണില്‍ അരങ്ങേറ്റത്തിനിറങ്ങിയ ക്രിസ് ഗെയില്‍ പ്രായം വെറും നമ്പര്‍മാത്രമാണെന്ന് തെളിയിച്ചപ്പോള്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് അവസാന പന്തില്‍ ആവേശ ജയം. എട്ട് വിക്കറ്റിനാണ് ബംഗളൂരുവിനെ പഞ്ചാബ് തകര്‍ത്തത്.
ബംഗളൂരു ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് അവസാന പന്തില്‍ മറികടക്കുകയായിരുന്നു. പഞ്ചാബിനായി നായകന്‍ കെഎല്‍ രാഹുലും ക്രിസ് ഗെയിലും അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 49 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സും സഹിതം 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പാള്‍ ഗെയില്‍ 45 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സും സഹിതം 53 റണ്‍സെടുത്ത് പുറത്തായി. മറ്റൊരു പഞ്ചാബ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 25 പന്തില്‍ 45 റണ്‍സെടുത്തു.
അവസാന പന്തില്‍ ഒരു റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിനായി പൂരാന്‍ സിക്‌സ് നേടി. ചഹല്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ മൂന്ന പന്തില്‍ ഗെയില്‍ ഒരു റണ്‍സും നാലാം പന്തില്‍ രാഹുല്‍ റണ്‍സൊന്നും എടുക്കാതിരിക്കുകയും ചെയ്തതോടെ മത്സരം കൂടുതല്‍ നാടകീയമാകുകയായിരുന്നു. അഞ്ചാം പന്തില്‍ റണ്ണിനായി ഓടി ഗെയില്‍ പുറത്തായി. ഇതോടെയാണ് പഞ്ചാബ് അനായാസ ജയം അവസാന പന്തിലേക്ക് വരെ നീട്ടിയത്.
നേരത്തെ ബംഗളൂരുവിനായി വിരാട് കോഹ്ലിയാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 39 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 48 റണ്‍സാണ് കോഹ്ലി നേടിയത്. ക്രിസ് മോറിസ് എട്ട് പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഫിഞ്ച് 20, പടിക്കല്‍ 18, സുന്ദര്‍ 13, ദുബെ 23, ഡിവില്ലേഴ്‌സ് രണ്ട് എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.