അമ്പരപ്പിച്ച് എടികെ, അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി സൂപ്പര്‍ താരത്തെ ടീമില്‍ പിടിച്ച് നിര്‍ത്തി

ഐഎസ്എല്‍ ക്ലബായ എടികെ മോഹന്‍ ബഗാനുമായി കാരാര്‍ പുതിയ ഫിജിയിന്‍ സൂപ്പര്‍ താരം റോയ് കൃഷ്ണ. ഒരു വര്‍ഷത്തെയ്ക്കുളള കരാറില്‍ ആണ് റോയ് കൃഷ്ണ ഒപ്പ് വെച്ചിരിക്കുന്നത്. റോയ് കൃഷ്ണ എടികെ വിടും എന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അറുതിയായത്.

കഴിഞ്ഞ രണ്ട് സീസണുകളിലും എടികെക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് റോയ് കൃഷ്ണ. കഴിഞ്ഞ സീസണില്‍ 14 ഗോളുകളും എട്ട് അസിസ്റ്റും എ ടി കെയ്ക്ക് വേണ്ടി സംഭാവന ചെയ്ത താരം ഇതുവരെ ഐ എസ് എല്ലില്‍ 44 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളും 14 അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്.

എ ലീഗ് ക്ലബായ വെല്ലിങ്ടണ്‍ ഫീനിക്‌സില്‍ നിന്നായിരുന്നു റോയ് കൃഷ്ണ രണ്ടു വര്‍ഷം മുമ്പ് എ ടി കെയില്‍ എത്തിയത്. ഫിജിയന്‍ താരമായ റോയ് രാജ്യത്തിനായി ഇതുവരെ 25ല്‍ അധികം ഗോളുകളും നേടിയിട്ടുണ്ട്.

നേരത്തെ 2019-20 സീസണിലായിരുന്നു മുപ്പത്തിമൂന്നുകാരനായ റോയ് കൃഷ്ണ എടികെ മോഹന്‍ ബഗാനിലെത്തിയത്. കന്നി ഐ എസ് എല്‍ സീസണില്‍ എടികെക്കായി 21 മത്സരങ്ങളില്‍ കളിക്കാനിറങ്ങിയ താരം 15 ഗോളുകള്‍ നേടിയതിനൊപ്പം 6 അസിസ്റ്റുകളും സ്വന്തമാക്കി.

നേരത്തെ ഏഴോളം രാജ്യങ്ങള്‍ റോയ് കൃഷ്ണയെ റാഞ്ചാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇന്ത്യക്ക് പുറമെ, യു.എ.ഇ, ഖത്തര്‍,സൗദി അറേബ്യ,ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് റോയിക്ക് ഓഫറുകള്‍ വന്നിരിക്കുന്നത്.

You Might Also Like