ബാഴ്സയിൽ മെസിക്കൊപ്പം കളിക്കാൻ ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി

Image 3
FeaturedFootball

മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിലെ മികച്ച താരങ്ങളുടെ പട്ടികയിൽ തങ്കലിപികളിൽ എഴുതിവെക്കപ്പെട്ട ഒരു താരമാണ് ഇംഗ്ലീഷ് ഇതിഹാസം വെയിൻ റൂണി. എന്നാൽ തന്റെ പ്രതിഭയുടെ പാരമ്യത്തിൽ കാറ്റാലൻ വമ്പന്മാരായ ബാഴ്സക്ക് വേണ്ടി കളിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നു മനസു തുറന്നിരിക്കുകയാണ് വെയിൻ റൂണി. അതിനായി 2010ൽ യുണൈറ്റഡിനു ട്രാൻസ്ഫർ അപേക്ഷ പോലും നൽകാൻ തയ്യാറായെന്നു റൂണി വെളിപ്പെടുത്തുന്നു.

യുണൈറ്റഡിനെ വരെ ഞെട്ടിച്ച ഈ നീക്കത്തിനു ശേഷം രണ്ടു മൂന്നു ദിവസം താൻ സ്പെയിനിൽ പെപ്‌ ഗാർഡിയോളയുടെ ബാഴ്സലോണ ശൈലിയിൽ എങ്ങനെ ഇണങ്ങിചേരുമെന്നായിരുന്നു ചിന്തിച്ചിരുന്നതെന്നു റൂണി ഓർമ്മകൾ പുതുക്കി. യുണൈറ്റഡ് പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് അക്കാലത്തെ ഏറ്റവും മികച്ച ക്ലബ്ബായ ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള ആഗ്രഹത്തെക്കുറിച്ച് മനസു തുറന്നത്.

“ആ രണ്ടു ദിവസങ്ങളിൽ ആ സമയത്ത് സ്പെയിനിലേക്കു ചേക്കേറാനും കളിക്കാനും തയ്യാറായി നിൽക്കുന്ന മനസ്സായിരുന്നു എന്റേത്. ആ സമയത്ത് എനിക്കു ബാഴ്‌സയിലേക്ക് ചേക്കേറാനാനായിരുന്നു താത്പര്യം. പക്ഷെ അന്ന് ബാഴ്സയെക്കാൾ സംഭവ്യമായത് റയൽ മാഡ്രിഡായിരുന്നു. ഒപ്പം ചെൽസിയും എനിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നു.”

“ഒരു ദിവസം ഞാൻ അതിനെക്കുറിച്ചു ഒരിടത്തിരുന്നു അഗാധമായി ചിന്തിച്ചതിനെക്കുറിച്ചു ഓർക്കുന്നു. മെസി, സാവി,ഇനിയേസ്റ്റ, ബുസ്കെറ്റ്സ് എന്നിവർക്കൊപ്പം ബാഴ്സയിൽ കളിക്കുന്നത് ഞാൻ മനസ്സിൽ സങ്കൽപ്പിച്ചിരുന്നു.ആ കാലത്ത് മെസി ഇപ്പോൾ കളിക്കുന്നത് പോലെ അല്ല കളിച്ചിരുന്നത്. അദ്ദേഹം നമ്പർ 9 പൊസിഷനിൽ നിന്നും അകലെയായാണ് കളിച്ചിരുന്നത്. ഞാൻ ആ ടീമിലേക്ക് താൻ ശരിക്കും ചേരുമെന്നുവരെ ചിന്തിച്ചിരുന്നു. എനിക്ക് പന്ത് തരാനായി പിറകിൽ താരങ്ങൾ ഓടുന്നത് വരെ ഞാൻ മനസ്സിൽ ആലോചിച്ചിരുന്നു. അങ്ങനെയെല്ലാം ചിന്തിച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നു. ” റൂണി വെളിപ്പെടുത്തി

.