കളിയരങ്ങൊഴിഞ്ഞ് വെയിൻ റൂണി, ഇംഗ്ലീഷ് ക്ലബ്ബായ ഡെർബി കൗണ്ടിയുടെ പരിശീലസ്ഥാനം ഏറ്റെടുത്തു.

ചുവന്ന ചെകുത്താന്മാരുടെ പ്രിയപ്പെട്ട റൂണി ഫുട്ബോളിൽ നിന്നും ഔദ്യോഗികമായി ബൂട്ടഴിച്ചിരിക്കുകയാണ്. എന്നാൽ ഇതോടെ ഫുട്ബോൾ ജീവിതത്തിൽ നിന്നും അരങ്ങൊഴിയാൻ റൂണി തയ്യാറായിട്ടില്ല.ഡെർബി കൗണ്ടി ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തിരിക്കുകയാണ് ഈ 35കാരൻ. അസിസ്റ്റന്റ് കെയർടേക്കർ മാനേജർ സ്ഥാനത്തു നിന്നും രണ്ടരവർഷത്തേക്കായാണ് വെയിൻ റൂണിയെ ഡെർബി കൗണ്ടി മാനേജറായി സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലീഷ് ക്ലബ്ബായ എവർട്ടണിലൂടെയാണ് വെയിൻ റൂണിയെ ആദ്യം ഫുട്ബോൾ ലോകം കാണുന്നത്. 2002ൽ പതിനാറാം വയസിൽ ആഴ്‌സണലിനെതിരെ മത്സരത്തിന്റെ അവസാനത്തിൽ നേടിയ വിജയഗോളിലൂടെ പ്രീമിയർ ലീഗിന്റെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാൻ റൂമിക്ക് സാധിച്ചിരുന്നു. അതിനു ശേഷം 2004ലാണു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഐതിഹാസിക ട്രാൻസ്ഫർ നടക്കുന്നത്. ഒരു പതിനെട്ടുകാരന് അന്നു നൽകിയേക്കാവുന്ന ഏറ്റവും വലിയ തുകയായ 27 മില്യൺ പൗണ്ടിനാണ് യുണൈറ്റഡ് റൂണിയെ സ്വന്തമാക്കുന്നത്.

പിന്നീട് കണ്ടത് ഒരു ഇംഗ്ലീഷ് യുവ താരത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ എണ്ണം പറഞ്ഞ കരിയറാണ്. എവർട്ടനു വേണ്ടി 77 മത്സരങ്ങളിൽ നിന്നും വെറും 17 ഗോളുകളാണെങ്കിൽ 559 മത്സരങ്ങളിൽ നിന്നായി 258 ഗോളുകൾ സ്വന്തമാക്കി യുണൈറ്റഡിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറാൻ റൂണിക്ക് സാധിച്ചു. യുണൈറ്റഡിനൊപ്പം 13 വർഷം പന്തു തട്ടാൻ റൂമിക്ക് സാധിച്ചു.

പിന്നീട് 2018ൽ പ്രീമിയർ ലീഗിലെ ആദ്യക്ലബ്ബായ എവർട്ടണിലേക്ക് കൂടുമാറുകയായിരുന്നു. പതിനെട്ടു മാസങ്ങൾക്ക് ശേഷം അമേരിക്കൻ ക്ലബ്ബായ ഡിസി യുണൈറ്റഡിനു വേണ്ടിയും പിന്നീട് ഇംഗ്ലീഷ് ക്ലബ്ബായ ഡെർബി കൗണ്ടിക്കായും റൂണി ബൂട്ടുകെട്ടി. 120 മത്സരങ്ങളിൽ നിന്നായി 53 ഗോളുകളോടെ ഇംഗ്ലണ്ടിന്റെയും എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് റൂണി. ഇംഗ്ലണ്ടിനായി മൂന്നു ലോകകപ്പുകൾ കളിച്ച റൂണി 2018 ലോകകപ്പിന് ശേഷമാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുന്നത്.

You Might Also Like