ഒരേയൊരു രാജാവ്; ലോകത്തെ ഏറ്റവും ആരാധകരുള്ള താരമായി റൊണാൾഡോ

കളിക്കാൻ തുടങ്ങിയതു മുതൽ റെക്കോർഡുകൾ ഓരോന്നായി തകർത്തു മുന്നേറുകയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിനായും, പിന്നീട് റയൽ മാഡ്രിഡിനായും, ഇപ്പോൾ യുവന്റസിനായും ബൂട്ട് കെട്ടുമ്പോൾ ക്ലബ് തലത്തിലുള്ള ഓരോ റെക്കോർഡും ചവിട്ടി മെതിച്ചായിരുന്നു താരത്തിന്റെ ജൈത്രയാത്ര.

പോർചുഗലിനായും റൊണാൾഡോ നേടിയ റെക്കോർഡുകൾ ആരെയും അസൂയപ്പെടുത്തുന്നതാണ്. അഞ്ചാമത്തെ യൂറോയിൽ ഇറങ്ങുന്ന താരം രാജ്യത്തിനായി ഏറ്റവുമധികം ഗോളുകൾ സ്വന്തം പേരിലാക്കി. കൂടാതെ ഹംഗറിയുമായുള്ള തിങ്കളാഴ്ചത്തെ മത്സരത്തോടെ യൂറോ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായും റോണോ മാറി.

ലോകത്തെമ്പാടുമുള്ള പുൽമൈതാനങ്ങളിൽ വ്യക്തിഗത നേട്ടങ്ങൾ ഒന്നും ബാക്കിയില്ലാത്ത റോണോ ഇപ്പോൾ മൈതാനത്തിന് പുറത്തും കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ തുടരുകയാണ്.

കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ 300 മില്യൺ ഫോളോവേഴ്‌സ് ഉള്ള ആദ്യതാരമായി റൊണാൾഡോ മാറി. രണ്ടാമ സ്ഥാനത്തുള്ള ഡ്വയ്ൻ ജോൺസണെ ബഹുദൂരം (246 മില്യൺ) പിന്നിലാക്കിയാണ് റോണോയുടെ നേട്ടം.

ഇൻസ്റ്റാഗ്രാമിൽ നിന്നും ഏറ്റവുമധികം വരുമാനം നേടുന്ന സെലബ്രിറ്റിയും മറ്റാരുമല്ല. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 50.3 മില്യൺ ഡോളറാണ് റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ മാത്രം നേടിയത്.

You Might Also Like