റോണോ കോളയുടെ വിലയിടിച്ചോ? ഇല്ലെന്ന് മാർക്കറ്റിംഗ് വിദഗ്ദർ

Image 3
Euro 2020

ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിനിടെ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ കൊക്കക്കോള കുപ്പികൾ എടുത്തുമാറ്റിയത് വലിയ വാർത്തായായിരുന്നു. ഇതുമൂലം കൊക്കക്കോള കമ്പനിക്ക് ഷെയർ മാർക്കറ്റിൽ വലിയ തിരിച്ചടി നേരിട്ടെന്നായിരുന്നു വാർത്തകൾ.

കോളക്ക് ഒരു ദിവസം കൊണ്ട് നാല് ബില്യൺ ഡോളറോളം നഷ്ടം വന്നെന്നാണ് കണക്ക്. എന്നാൽ ഈ വാർത്തകൾ അർദ്ധസത്യം മാത്രമാണെന്നാണ് സ്പോർട്സ് മാർക്കറ്റിംഗ് വിദഗ്ദർ ഇപ്പോൾ പറയുന്നത്. യഥാർത്ഥത്തിൽ തിങ്കളാഴ്‌ച റോണോയുടെ പ്രസ് മീറ്റ് നടക്കുന്നതിന് മുൻപ് തന്നെ ഷെയർമാർക്കറ്റിൽ കോളയുടെ ഷെയർ വില ഇടിയുന്നുണ്ടായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം.

റോണോയുടെ പ്രസ് മീറ്റ് കാരണമാണ് കോളയുടെ ഷെയർ വില ഇടിഞ്ഞത് എന്നുപറയുന്നത് മണ്ടത്തരമാണ്. യൂറോപ്പിലെ ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി പ്രസ് മീറ്റിൽ ഒരു താരം എന്തുപറയുന്നു എന്ന് നോക്കിയല്ല അമേരിക്കയിലെ ഷെയർമാർക്കറ്റിൽ ആളുകൾ തീരുമാനം എടുക്കുന്നത്. സ്പോർട്സ് മാർക്കറ്റിംഗ് വിദഗ്ദനായ ടിം ക്രോ പറയുന്നു. 20വർഷത്തോളം കൊക്കകോളയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു ക്രോ.

കൂടാതെ, ക്രിസ്റ്റിയാനോ സംസാരിച്ചത് കൊക്കക്കോള കമ്പനിക്ക് എതിരായല്ലെന്നും ക്രോ ചൂണ്ടിക്കാട്ടുന്നു. പത്രസമ്മേളനത്തിനായി തയ്യാറാക്കിയ മേശയിൽ ഉണ്ടായിരുന്ന എല്ലാ ഉൽപന്നങ്ങളും കൊക്കക്കോള കമ്പനിയുടേത്  തന്നെയാണ്. എന്തിന്, താരം ഉയർത്തിക്കാട്ടിയ വെള്ളം പോലും കൊക്കക്കോളയുടേതാണ്. ഇതെങ്ങനെ കമ്പനിക്കെതിരായി വ്യാഖ്യാനിക്കാൻ കഴിയും? ക്രോ ചോദിക്കുന്നു.