അർഹിക്കാത്ത ലഭിച്ച പെനാൽറ്റി വേണ്ടെന്നു പറഞ്ഞു, റൊണാൾഡോക്ക് കയ്യടിച്ച് ആരാധകർ

Image 3
Football News

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. എല്ലാ മത്സരങ്ങളിലും ഗോളുകൾ നേടാൻ കഴിയുന്ന തലത്തിൽ മികച്ച പ്രകടനം നടത്തുന്ന താരം പക്ഷെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗോൾ നേടിയില്ലായിരുന്നു. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ പേഴ്‌സപോളിസുമായുള്ള മത്സരത്തിലാണ് റൊണാൾഡോക്ക് ഗോൾ നേടാൻ കഴിയാതിരുന്നത്. എന്നാൽ അതിനു കാരണം റൊണാൾഡോയുടെ സത്യസന്ധത തന്നെയാണ്.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ അൽ നസ്റിന് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. ഇറാനിയൻ ക്ലബിന്റെ ബോക്‌സിൽ റൊണാൾഡോയെ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. എന്നാൽ അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്ന് വാദിച്ച് ഇറാനിയൻ ക്ലബിന്റെ താരങ്ങൾ റഫറിയെ പൊതിഞ്ഞു. അതേസമയം റൊണാൾഡോയുടെ ഭാഗത്തു നിന്നുമുണ്ടായ പ്രവൃത്തി ആരും ഒരുക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.

ഇറാനിയൻ ക്ലബിന്റെ താരങ്ങൾക്കൊപ്പം ചേർന്ന് പെനാൽറ്റി നൽകിയ റഫറിയുടെ തീരുമാനം തെറ്റായിരുന്നു എന്നു പറയുകയാണ് റൊണാൾഡോ ചെയ്‌തത്‌. അതൊരു ഫൗൾ അല്ലെന്ന് റൊണാൾഡോയും വാദിച്ചതിനു പിന്നാലെ റഫറി വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു. വീഡിയോയിൽ അത് ഫൗൾ അല്ലെന്ന് വ്യക്തമായതോടെ അത് ഒഴിവാക്കുകയും ചെയ്‌തു. അതിനു പിന്നാലെ റൊണാൾഡോയുടെ സത്യസന്ധതയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തു വന്നിരിക്കുന്നത്.

അതേസമയം ഗോൾ നേടാനുള്ള അവസരം സത്യസന്ധത കാണിച്ച് വേണ്ടെന്നു വെച്ചത് അൽ നസ്‌റിന്റെ വിജയം നിഷേധിക്കുകയും ചെയ്‌തു. മത്സരത്തിൽ പതിനേഴാം മിനുട്ടിൽ ഒരു താരം ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയതിനെ തുടർന്ന് പത്ത് പേരുമായി കളിച്ച അൽ നസ്ർ ഗോൾരഹിത സമനിലയാണ് വഴങ്ങിയത്. എങ്കിലും ഗ്രൂപ്പ് ജേതാക്കളായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ അവർക്ക് കഴിഞ്ഞു.