മെസ്സിക്കൊപ്പം റൊണാൾഡോ; ബാഴ്‌സയിലേക്ക് റോണോക്ക് വഴിതെളിയുന്നു

സമകാലീന ഫുട്ബോളിൽ ഏറ്റവും താരമൂല്യമുള്ള കളിക്കാരാണ് ക്രിസ്റ്റിയാനോ റൊണാൾഡോയും, ലയണൽ മെസ്സിയും. ഒരു ദശാബ്ദത്തോളമായി പരസ്പരം മത്സരിക്കുന്ന ഇരുവരിൽ ആരാണ് മികച്ച താരം എന്നാണ് ഫുട്ബോൾ വാഗ്‌വാദങ്ങൾ മിക്കപ്പോഴും ചെന്നവസാനിക്കുക. ഇരുവരും ഒരുമിച്ച് ഒരു ടീമിനായി ബൂട്ട് കെട്ടുന്നത് സ്വപ്നം കാണാത്ത ഫുട്ബോൾ ആരാധകർ വിരളമായിരിക്കും.


വിദൂരമെന്ന് തോന്നിപ്പിച്ച ആ സ്വപ്നം യാഥാർഥ്യമായേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സിലോണയിലേക്കുള്ള തന്റെ രണ്ടാമത്തെ വരവിൽ ഇങ്ങനെയൊരു വമ്പൻ നീക്കം ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ടയുടെ മനസ്സിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലപോർട്ടയെ ഉദ്ദരിച്ച് സ്‌പെയിനിലെ പ്രമുഖ മാധ്യമായ എഎസിൽ ഹാവിയർ മറ്റയാനാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസിന് മുന്നിൽ ബാഴ്‌സലോണ ഇതു സംബന്ധിച്ച ഓഫർ നിലവിൽ വെച്ചിട്ടില്ലെങ്കിലും അതുടനെയുണ്ടായേക്കും.
റോണോയ്ക്ക് പകരം രണ്ട് പ്രധാന താരങ്ങളെ യുവന്റസിന് കൈമാറാൻ പോലും ബാഴ്‌സ ഒരുക്കമാണ്. അന്റോയിൻ ഗ്രീസ്മാൻ, ഫിലിപ്പെ കുട്ടീന്യോ അല്ലെങ്കിൽ സെർജി റോബർട്ടോ എന്നിവരെയാണ് കൈമാറ്റക്കരാറിന് പരിഗണനയിലുള്ളത്.

രണ്ട് പ്രധാനതാരങ്ങളെ കൈ ഒഴിയുന്നതോടെ റൊണാൾഡോയുടെ ഭീമമായ ശമ്പളം ബാഴ്സയുടെ ബഡ്ജറ്റിനുള്ളിൽ ഒതുങ്ങുമെന്നാണ് കരുതുന്നത്. എന്നാൽ, ഇതുസംബന്ധിച്ചു ഔദ്യോഗികമായി യാതൊരുവിധ ചർച്ചകളും റൊണാൾഡോയുമായി ബാർസ ഇതുവരെ നടത്തിയിട്ടില്ല.


എന്തായാലും വാർത്തകളെ ബാഴ്സ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ബാർസ കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് വാർത്ത ഉണ്ടാക്കുന്നത്.

 

You Might Also Like