റൊണാൾഡോയുടെ സീരി എ റെക്കോർഡ് ആരാധകരുടെ തള്ള്, പൊളിച്ചടുക്കി സോഷ്യൽ മീഡിയ

Image 3
FeaturedFootball

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്ത്യാനോ റൊണാൾഡോ കളിച്ചിട്ടുള്ള ലീഗുകളിലെല്ലാം നിരവധി നേട്ടങ്ങളും റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ കളിക്കുന്ന യുവന്റസിനു വേണ്ടിയും താരം റെക്കോർഡുകൾ ഓരോന്നായി തന്റെ പേരിലാക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ അതിലൊരു റെക്കോർഡിന്റെ കഥ തെറ്റാണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

സീരി എയിൽ ഏറ്റവുമധികം വേഗത്തിൽ അൻപതു ഗോൾ നേടിയ താരം റൊണാൾഡോയാണെന്ന റെക്കോർഡിന്റെ കഥയാണ് നുണക്കഥയാണെന്ന് സോഷ്യൽ മീഡിയ പറയുന്നത്. രണ്ടു സീസണുകളിലായി യുവന്റസിനു വേണ്ടി അറുപത്തിരണ്ടു മത്സരങ്ങളിൽ നിന്നും അൻപത്തിയൊന്നു ഗോളുകൾ നേടിയ റൊണാൾഡോ ഈ റെക്കോർഡിന് അർഹനാണെന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്യുന്നു.

എന്നാൽ 1949 മുതൽ എസി മിലാനു വേണ്ടി കളിച്ച സ്വീഡിഷ് താരം ഗുണ്ണാർ നോർദാലാണ് ഈ റെക്കോർഡിന് അർഹനെന്നാണ് തെളിവുകൾ സഹിതം ആരാധകർ കണ്ടെത്തിയത്. റൊണാൾഡോ കഴിഞ്ഞ രണ്ടു സീസണുകളിലായി 61 മത്സരങ്ങളിൽ നിന്ന് 51 ഗോളുകൾ നേടിയെങ്കിൽ ഗുണ്ണാർ നോർദാൽ 52 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

1948-49 സീസണിലും അതിന്റെ തൊട്ടടുത്ത സീസണിലുമാണ് നോർദാൽ ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ സീസണിൽ 15 മത്സരങ്ങളിൽ നിന്നും പതിനാറു ഗോളുകൾ നേടിയ അദ്ദേഹം രണ്ടാമത്തെ സീസണിൽ 37 മത്സരങ്ങളിൽ നിന്നും 35 ലീഗ് ഗോളുകളാണ് സ്വന്തം പേരിലാക്കിയത്‌. ആ റെക്കോർഡിന് അർഹൻ റൊണാൾഡോ അല്ലെന്നു തന്നെയാണിതു വ്യക്തമാക്കുന്നത്.