മുപ്പത്തിയഞ്ചു വാര അകലെ നിന്നും മാരക ഫ്രീകിക്ക് ഗോൾ, സൗദി ലീഗിൽ റൊണാൾഡോയുടെ അഴിഞ്ഞാട്ടം

യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാൾഡോ തന്റെ തകർപ്പൻ ഫോം തുടരുന്നു. ഇന്നലെ സൗദി ലീഗിൽ അഭക്കെതിരെ നടന്ന മത്സരത്തിൽ ടീം ഒരു ഗോളിന് പിന്നിൽ നിന്ന് തോൽവിയെ തുറിച്ചു നോക്കുമ്പോൾ ഫ്രീ കിക്ക് ഗോൾ നേടി ടീമിന്റെ തിരിച്ചു വരവിനു തുടക്കമിട്ടത് ക്രിസ്റ്റ്യനോ റൊണാൾഡോയാണ്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ നസ്ർ വിജയം നേടിയിരുന്നു.

മത്സരത്തിന്റെ ഇരുപത്തിയാറാം മിനുട്ടിലാണ് അൽ നസ്‌റിനെ ഞെട്ടിച്ച ഗോൾ ലീഗിലെ പന്ത്രണ്ടാം സ്ഥാനക്കാരായ അഭ നേടുന്നത്. എഴുപത്തിയെട്ടാം മിനുട്ട് വരെയും ആ ഗോളിൽ അവർ മുന്നിലായിരുന്നു. എന്നാൽ എഴുപത്തിയെട്ടാം മിനുട്ടിൽ കിട്ടിയ ഫ്രീ കിക്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അവതരിച്ചു. മുപ്പത്തിയഞ്ചു വാര അകലെനിന്നും റൊണാൾഡോ എടുത്ത നക്കിൾ ബോൾ ഫ്രീ കിക്ക് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ ഗോളായി മാറി.

റൊണാൾഡോയുടെ ഫ്രീകിക്ക് ഗോൾ അൽ നസ്റിന് പുതിയൊരു ഊർജ്ജം നൽകി. അതിനു ശേഷം മത്സരത്തിൽ നിരന്തരം ആക്രമണങ്ങൾ നടത്തിയ ടീമിന് എൺപത്തിയഞ്ചാം മിനുട്ടിൽ ഒരു പെനാൽറ്റി ലഭിക്കുകയും ചെയ്‌തു. ബ്രസീലിയൻ താരം ടാലിസ്‌ക പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ അൽ നസ്ർ വിജയം നേടുകയായിരുന്നു. വിജയത്തോടെ സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദിനു ഒരു പോയിന്റ് മാത്രം പിന്നിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അൽ നസ്ർ.

ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയതോടെ സൗദി ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾനേട്ടം ഒൻപതായി വർധിച്ചു. ജനുവരിയിൽ ടീമിലെത്തിയാണ് റൊണാൾഡോ ഇത്രയും ഗോളുകൾ അടിച്ചു കൂട്ടിയിരിക്കുന്നത്. പതിനഞ്ചു ഗോളുകൾ നേടിയ അൽ ഇത്തിഹാദ് താരം ഹംദല്ല ഒന്നാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ അൽ നസ്ർ താരം ടാലിസ്‌ക പതിനാലു ഗോളുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ലിസ്റ്റിൽ ആറാം സ്ഥാനത്താണ്.

You Might Also Like