“യഥാർത്ഥ സുഹൃത്തുക്കളെ മനസിലാക്കാൻ കഴിഞ്ഞു, ഞാനിപ്പോൾ നല്ലൊരു മനുഷ്യനാണ്”- വെളിപ്പെടുത്തലുമായി റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നതെങ്കിലും അത് നിറവേറ്റാൻ താരത്തിന് കഴിഞ്ഞില്ല. ആദ്യത്തെ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ടോപ് ഫോറിൽ എത്തിക്കാൻ കഴിയാതിരുന്ന താരം അതിനടുത്ത സീസണിൽ പൂർണമായും നിറം മങ്ങുകയും ചെയ്‌തു.

പുതിയ പരിശീലകനായ എറിക് ടെൻ ഹാഗ് തനിക്ക് അവസരങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് ക്ലബിനെതിരെ രൂക്ഷമായ വിമർശനം നടത്തിയാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. കഴിഞ്ഞ ദിവസം അതേക്കുറിച്ച് താരം സംസാരിക്കുകയുണ്ടായി. കരിയറിലെ മോശം സമയമായിരുന്നു അതെന്നാണ് റൊണാൾഡോ പറയുന്നത്.

“ചില കാര്യങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് നമ്മുടെ പക്ഷത്ത് ആരൊക്കെയുണ്ടെന്ന് മനസിലാക്കാൻ കഴിയുക. പ്രയാസമുള്ള സമയത്ത് നമ്മുടെ കൂടെ ആരൊക്കെയുണ്ടെന്ന മനസിലാക്കാൻ കഴിയും. എനിക്ക് കരിയറിലെ മോശം സമയം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രശ്‌നമൊന്നുമില്ല. അതിൽ പശ്ചാത്തപിക്കാനും സമയമില്ല.”

“നല്ലതായാലും മോശമായാലും ജീവിതം മുന്നോട്ടു പോകുന്നു, അതെന്റെ വളർച്ചയുടെ ഭാഗമായിരുന്നു. മലയുടെ മുകളിൽ നിൽക്കുമ്പോൾ താഴെ നടക്കുന്നത് കാണാൻ പറ്റില്ല. ഇപ്പോഴെനിക്ക് കൂടുതൽ തിരിച്ചറിവുണ്ട്, അത് പ്രധാനമായിരുന്നു. ഇതുപോലൊരു ഘട്ടത്തിലൂടെ ഞാൻ കടന്നു പോയിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ ഞാനൊരു നല്ല മനുഷ്യനാണ്.” റൊണാൾഡോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റെക്കോർഡ് ട്രാൻസ്‌ഫറിൽ സൗദി ലീഗിലേക്കാണ് റൊണാൾഡോ ചേക്കേറിയത്. അവിടെ മികച്ച പ്രകടനവും താരം നടത്തുന്നുണ്ട്. നിലവിൽ പോർച്ചുഗൽ ടീമിനൊപ്പം യൂറോ കപ്പ് യോഗ്യത മത്സരത്തിനായി ഇറങ്ങാൻ തയ്യാറെടുക്കുകയാണ് റൊണാൾഡോ.

You Might Also Like