ജർമൻ മതിൽ കടക്കണം; നാണക്കേടിന്റെ ആ റെക്കോർഡ് മാറ്റാനുറച്ച് റൊണാൾഡോ

Image 3
Euro 2020

ലോകത്ത് ഇനി വ്യക്തിഗത നേട്ടങ്ങൾ ഒന്നും നേടാൻ ബാക്കിയില്ലാത്ത താരമാണ് റൊണാൾഡോ. തിങ്കളാഴ്ച ഹംഗറിയുമായുള്ള മത്സരത്തിൽ യൂറോകപ്പിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായും റോണോ മാറിയിരുന്നു. എന്നാൽ ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു റെക്കോർഡ് റൊണാൾഡോക്ക് ഉണ്ട്.

ചിരവൈരികളായാ ജർമനിക്കെതിരെ പലതവണ ബൂട്ട് കെട്ടിയിട്ടും ഒരുതവണ പോലും വലചലിപ്പിക്കാൻ റൊണാൾഡോക്ക് ആയിട്ടില്ല. ഓരോ തവണ പോർച്ചുഗൽ ജർമനിയെ നേരിടാൻ ഒരുങ്ങുമ്പോഴും ഫുട്ബോൾ പന്ധിതരും, ജർമൻ ജേണലിസ്റ്റുകളും ഏറ്റവുമധികം ചർച്ചയാക്കാറുള്ള സംഭവമാണിത്.

ശനിയാഴ്ച ഒരിക്കൽ കൂടി ജർമനിക്കെതിരെ ബൂട്ട് കെട്ടാൻ ഒരുങ്ങുകയാണ് റൊണാൾഡോ. ഇത്തവണ ഏതായാലും ഈ കണക്ക് തീർക്കാൻ ഒരുങ്ങിത്തന്നെയാണ് റൊണാൾഡോ ഇറങ്ങുന്നത്. എന്നാൽ, അതത്ര എളുപ്പമാവില്ല എന്നാണ് കഴിഞ്ഞകാല കണക്കുകൾ വ്യക്തമാക്കുന്നത്.

2006 ലോകകപ്പിലും, 2008 യൂറോയിലും, 2012 യൂറോയിലും, ശേഷം 2014 ലോകകപ്പിലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയപ്പോൾ റൊണാൾഡോ കളത്തിലിറങ്ങി. എന്നാൽ 360 മിനിറ്റുകൾ ജർമനിക്കെതിരെ കളിച്ചപ്പോഴും ഒരുതവണ പോലും ജർമൻ വലയിൽ പന്തെത്തിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനായില്ല.

ശനിയാഴ്ച ഇന്ത്യൻ സമയം 9.30 നാണ് പോർച്ചുഗൽ ജർമനിയുമായി കൊമ്പുകോർക്കുന്നത്. മരണഗ്രൂപ്പിലെ മത്സരത്തിൽ ഇരുടീമുകൾക്കും വിജയം നിർണായകമാണ്.