റൊണാൾഡോക്ക് നിരാശയുടെ കാലം, തുടർച്ചയായ രണ്ടാമത്തെ സീസണിലും കിരീടമില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് വലിയ നിരാശയാണ് സമ്മാനിച്ചത്. ആദ്യത്തെ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും കിരീടങ്ങളൊന്നും സ്വന്തമാക്കാൻ  അവർക്ക് കഴിഞ്ഞില്ല. ഈ സീസണിനിടയിൽ പരിശീലകനും ക്ലബുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയിരുന്നു.

അൽ നസ്റിലേക്ക് എത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടവരൾച്ചക്ക് അവസാനമുണ്ടാകും എന്നാണു പ്രതീക്ഷിച്ചതെങ്കിലും ഈ സീസണിലും താരത്തിന് നിരാശ മാത്രമാണ് ബാക്കിയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ ഇത്തിഫാകുമായി സമനില വഴങ്ങിയതോടെ ലീഗ് കിരീടം നേടാമെന്ന അൽ നസ്‌റിന്റെ പ്രതീക്ഷകൾ പൂർണമായും ഇല്ലാതായി. ഒരു മത്സരം ബാക്കി നിൽക്കെ ഒന്നാം സ്ഥാനത്തുള്ള അൽ നസ്‌റിനെക്കാൾ അഞ്ചു പോയിന്റ് പിന്നിലാണ് അൽ നസ്ർ.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് കരിയറിൽ ആദ്യമായാണ് ഇത്രയും വലിയ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. പ്രൊഫെഷണൽ കരിയർ ആരംഭിച്ചതിനു ശേഷം ഇതുവരെ തുടർച്ചയായ രണ്ടു സീസണുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കിരീടമില്ലാതെ അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ  വിജയം നേടാൻ കഴിഞ്ഞിരുന്നെങ്കിൽ അവസാന മത്സരം വരെ പ്രതീക്ഷ നിലനിർത്താൻ അൽ നസ്റിന് കഴിയുമായിരുന്നു.

അൽ നസ്ർ കിരീടങ്ങളില്ലാതെ സീസൺ അവസാനിപ്പിച്ചെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനായി മികച്ച പ്രകടനമാണ് നടത്തിയത്. ജനുവരിയിൽ ടീമിലെത്തിയ താരം പതിനാലു ഗോളുകൾ ലീഗിൽ അടിച്ചു കൂട്ടി. ഈ സീസണിൽ കിരീടമില്ലാത്ത അവസാനിച്ചതിനാൽ വരുന്ന സമ്മറിൽ റൊണാൾഡോ സൗദി അറേബ്യ വിട്ട് യൂറോപ്പിലേക്ക് തന്നെ തിരികെ വരുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

You Might Also Like