മെസിയിൽ നിന്നും യൂറോപ്യൻ ഗോൾഡൻ ഷൂ നേടിയെടുക്കാൻ റൊണാൾഡോ ഒരുങ്ങുന്നു

Image 3
FeaturedFootball

കഴിഞ്ഞ തവണ മെസി സ്വന്തമാക്കിയ യൂറോപ്യൻ ഗോൾഡൻ ഷൂ ഇത്തവണ റൊണാൾഡോയുടെ കൈകളിലെത്താനുള്ള സാധ്യത വർദ്ധിക്കുന്നു. നിലവിൽ ബയേൺ മ്യൂണിക്ക് താരം ലെവൻഡോസ്കിയാണ് ഗോൾഡൻ ഷൂ റാങ്കിങ്ങിൽ മുന്നിലുള്ളതെങ്കിലും ജർമൻ ലീഗ് അവസാനിച്ചത് പോളണ്ട് താരത്തിനു തിരിച്ചടിയായേക്കും.

സീസൺ പുനരാരംഭിച്ചതിനു ശേഷം യുവന്റസിനു വേണ്ടി ഒട്ടുമിക്ക മത്സരങ്ങളിലും ഗോൾ നേടുന്ന റൊണാൾഡോ നിലവിൽ ലെവൻഡോവ്സ്കിക്ക് ആറു ഗോൾ മാത്രം പിന്നിലാണ്. ബുണ്ടസ് ലിഗ മത്സരങ്ങൾ അവസാനിക്കുകയും സീരി എയിൽ ഇനി ആറു മത്സരങ്ങൾ ബാക്കി നിൽക്കുകയും ഉണ്ടെന്നിരിക്കെ ഇത് റൊണാൾഡോക്ക് നിഷ്പ്രയാസം മറികടക്കാൻ കഴിയുമെന്ന് ആരാധകർ കരുതുന്നു.

ഇത്തവണ ഗോൾഡൻ ബൂട്ട് നേടിയാൽ അതു താരത്തിന്റെ കരിയറിൽ അഞ്ചാമത്തേതാകും. കഴിഞ്ഞ മൂന്നു വർഷമായി യൂറോപ്പിലെ ടോപ് സ്കോറർമാരിൽ മൂന്നാം സ്ഥാനത്തു പോലും വരാൻ കഴിയാതിരുന്ന താരം 2014/15 സീസണിലാണ് അവസാനമായി ഗോൾഡൻ ബൂട്ട് നേടുന്നത്.

സീസൺ പുനരാരംഭിച്ച് ആദ്യ മത്സരങ്ങളിൽ മികവു കാണിക്കാൻ കഴിയാതിരുന്ന റൊണാൾഡോ പിന്നീട് തന്റെ ഗോളടിമികവ് വീണ്ടെടുത്തിട്ടുണ്ട്. അതിനു ശേഷം ഏഴു തവണ ലക്ഷ്യം കണ്ട പോർച്ചുഗൽ നായകന്റെ നാലു ഗോളുകൾ പെനാൽട്ടിയിലൂടെ ആയിരുന്നു.