ചരിത്രം മാറ്റിയെഴുതി റൊണാൾഡോ, സ്വന്തമാക്കിയത് അറുപതു വർഷം പഴക്കമുള്ള യുവന്റസ് റെക്കോർഡ്

ടോറിനോക്കെതിരെ ഇന്നലെ നടന്ന സീരി എ മത്സരത്തിൽ സീരി എയിലെ ആദ്യ ഫ്രീ കിക്ക് ഗോൾ കണ്ടെത്തിയതിനൊപ്പം റൊണാൾഡോ സ്വന്തമാക്കിയത് അറുപതു വർഷം പഴക്കമുള്ള ഗോൾവേട്ടയുടെ റെക്കോർഡ്. യുവന്റസിനു വേണ്ടി ഒരു സീസണിൽ ഇരുപത്തിയഞ്ചോ അതിലധികമോ ഗോളുകൾ ലീഗിൽ നേടുന്ന താരമെന്ന നേട്ടമാണ് അറുപതു വർഷത്തിനിപ്പുറം റൊണാൾഡോ സ്വന്തമാക്കിയത്.

1960-61 സീസണിൽ യുവന്റസിനു വേണ്ടി അർജൻറീനയിൽ ജനിച്ച ഇറ്റാലിയൻ താരമായ ഒമർ സിവോറി നേടിയ ഗോൾവേട്ടയുടെ റെക്കോർഡിനൊപ്പമാണ് റൊണാൾഡോ എത്തിയത്. ആ സീസണിലെ സീരി എ സ്വന്തമാക്കാൻ സിവോറി യുവന്റസിനെ സഹായിച്ചതു പോലെ ഇത്തവണ റൊണാൾഡോയുടെ കരുത്തിലാണ് യുവന്റസ് സീരി എ കിരീടത്തിലേക്കു കുതിക്കുന്നത്.

കഴിഞ്ഞ സീസണിൽ യുവന്റസിനൊപ്പം സീരി എ കിരീടം സ്വന്തമാക്കിയ റൊണാൾഡോ ഇരുപത്തിയൊന്നു തവണയാണ് ലീഗിൽ വലകുലുക്കിയത്. അതേ സമയം ഇത്തവണ ഇരുപത്തിയാറു മത്സരങ്ങളിൽ നിന്നും ഇരുപത്തിയഞ്ചു തവണ ഗോൾ കണ്ടെത്താൻ കഴിഞ്ഞ താരം യുവന്റസിന്റെ ടോപ് സ്കോറർ കൂടിയാണ്.

ഇന്നലെ ഒരു ഫ്രീ കിക്ക് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ റൊണാൾഡോയുടെ കരുത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുവന്റസ് വിജയം നേടിയത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ലാസിയോയുമായി ഏഴു പോയിന്റിന്റെ വ്യത്യാസത്തിലാണ് യുവന്റസ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

You Might Also Like