കണ്ണീരോടെ റോണോയുടെ വാക്കുകൾ; അയാൾ ആ ടീമിനെ വിജയിപ്പിക്കുന്നത് ഇങ്ങനെയാണ്.

2016 യൂറോകപ്പിൽ പോർച്ചുഗൽ ഫൈനലിന് ഇറങ്ങുമ്പോൾ ഫുട്ബോൾ പ്രേമികളെല്ലാം ആഗ്രഹിച്ചത് ക്രിസ്റ്റിയാനോ റൊണാൾഡോ യൂറോ കപ്പിൽ മുത്തമിടണം എന്നായിരിക്കും. എന്നാൽ പരിക്കുമൂലം മത്സരം പാതിവഴിപോലും പിന്നിടുന്നതിന് മുന്നേ കളിക്കളത്തിന് പുറത്തുപോയ റൊണാൾഡോ കാണികളെ തെല്ലൊന്ന് നിരാശയിലാക്കി. പിന്നീട് സൈഡ്‌ലൈനിൽ ടീമംഗങ്ങളെ പ്രചോദിപ്പിക്കാൻ പരിക്കേറ്റ കാലുമായി ഓടിനടക്കുന്ന റൊണാൾഡോയുടെ ചിത്രം ആ പോരാളിയുടെ പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യമായിരുന്നു.
മത്സരം അവസാനിച്ച ശേഷം ഡ്രസിങ് റൂമിൽ വികാരാധീനനായി റൊണാൾഡോ കളിക്കാരുമായി സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഫൈനലിൽ എട്ടാം മിനിറ്റിൽ ഫ്രാൻസിന്റെ ദിമിത്രി പയറിന്റെ ടാക്കിളിൽ കാലിനു പരിക്കുപറ്റിയ റൊണാൾഡോയ്ക്ക് 25ആം മിനിറ്റു വരെയേ കളിക്കളത്തിൽ തുടരാനായിരുന്നുള്ളൂ.
പുറത്തുപോയ റൊണാൾഡോ എന്നാൽ ഒരു നിമിഷം വിശ്രമിക്കാൻ പോലും കൂട്ടാക്കിയില്ല. പരിശീലകൻ ഫെർണാണ്ടോ സാന്റോസിനൊപ്പം ടെക്നിക്കൽ ഏരിയയിൽ ഓടിനടന്ന് കളിക്കാരെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. മത്സരം അധികസമയത്ത് മുൻ സ്വാൻസീ താരം എഡർ നേടിയ ഗോളിലൂടെ പോർച്ചുഗൽ വിജയിക്കുകയും റൊണാൾഡോ കപ്പുയർത്തുകയും ചെയ്തു.
ശേഷം ഡ്രസിങ് റൂമിൽ റൊണാൾഡോ കളിക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചത് ഏറെ വികാരാധീനനായാണ്. തന്റെ ചിരകാലാഭിലാഷം പൂവണിയിച്ച സഹതാരങ്ങളെയും, പരിശീലകനെയും ആനന്ദാശ്രുക്കളോടെ അദ്ദേഹം നന്ദി അറിയിച്ചു.
പരിശീലകൻ സാന്റോസിനോട് എന്റെ നന്ദി ഞാൻ അറിയിക്കുന്നു. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഇതൊന്നും സാധിക്കുമായിരുന്നില്ല. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിത്. ആരും പോർച്ചുഗൽ കപ്പുയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇന്നത് സാധ്യമായി.
ഓരോ കളിക്കാരെയും കോച്ചിങ് സ്റ്റാഫിനെയും എന്റെ അളവില്ലാത്ത നന്ദി ഞാൻ അറിയിക്കുന്നു. വ്യക്തിപരമായും, ക്ലബ് ഫുട്ബോളിലും അളവില്ലാത്ത നേട്ടങ്ങൾ എനിക്ക് സ്വന്തമായുണ്ട്. എന്നാൽ അതൊന്നും തന്നെ ഇതിന്റെ മുന്നിൽ ഒന്നുമല്ല. ഇങ്ങനെയായിരുന്നു റൊണാൾഡോയുടെ വാക്കുകൾ.
കൂടാതെ, താൻ ആ ദിവസം നാലോ അതിലധികമോ തവണ കരഞ്ഞുപോയെന്നും, അതിന്റെ പേരിൽ സഹോദരന്റെ ശാസന പോലും ഏറ്റുവാങ്ങേണ്ടി വന്നെന്നും റൊണാൾഡോ പിന്നീട് ഓർമ്മിച്ചിരുന്നു. ഇത്തവണ കളിക്കാൻ ഇറങ്ങുമ്പോൾ യൂറോകപ്പ് നിലനിർത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചൊവാഴ്ച ഹംഗറിക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. ഇന്ത്യൻ സമയം വൈകീട്ട് 9.30 നാണ് മത്സരം നടക്കുക.