ലക്ഷ്യം ഹാട്രിക്ക്, യുവന്റസ് വിടില്ലെന്ന ശക്തമായ സൂചനകൾ നൽകി റൊണാൾഡോ

Image 3
FeaturedFootball

ഈ സീസണു ശേഷം യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങളെ ഇല്ലാതാക്കി സൂപ്പർതാരം റൊണാൾഡോ. ഇത്തവണത്തെ സീരി എ കിരീടം സ്വന്തമാക്കിയതിനു ശേഷം മൂന്നാമത്തെ ലീഗ് കിരീടത്തിനായി ഒരുങ്ങിയെന്നാണ് താരം പറയുന്നത്. അടുത്ത സീസണിലെ ഇറ്റാലിയൻ ലീഗ് യുവന്റസ് സ്വന്തമാക്കിയാൽ തുടർച്ചയായി അവർ നേടുന്ന പത്താമത്തെ ലീഗ് നേട്ടമായിരിക്കുമത്.

“യുവന്റസ് തുടർച്ചയായി നേടിയ ഒൻപതു കിരീടങ്ങളിൽ രണ്ടെണ്ണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. അതെളുപ്പമാണെന്നു തോന്നുമെങ്കിലും കഴിവും അർപ്പണബോധവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ കഴിയു. ഇനി മൂന്നാമത്തെ കിരീടമാണു ലക്ഷ്യം.” റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഈ സീസണു ശേഷം റൊണാൾഡോ യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, പിഎസ്ജി എന്നിങ്ങനെ നിരവധി ക്ലബുകളും താരവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടയിൽ ഫ്രഞ്ച് ക്ലബ് മാഴ്സെയെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ താരത്തെ ടീമിലെത്തിക്കാനുള്ള താൽപര്യവും വ്യക്തമാക്കിയിരുന്നു.

ഈ സീസണിലും യുവന്റസിനു വേണ്ടി ടോപ് സ്കോററായത് റൊണാൾഡോ തന്നെയായിരുന്നു. നിരവധി റെക്കോർഡുകളും താരം ഇറ്റാലിയൻ ക്ലബിനൊപ്പം സ്വന്തമാക്കി. ഇനി ചാമ്പ്യൻസ് ലീഗ് കിരീടമാണ് റൊണാൾഡോ യുവന്റസിനൊപ്പം ലക്ഷ്യം വെക്കുന്നത്.