ഇൻസ്റ്റയിലും സമ്പന്ന താരമായി റോണോ; ലോകത്ത് ഒന്നാമത്, മെസ്സിയും നെയ്മറും ബഹുദൂരം പിന്നിൽ

Image 3
Euro 2020

ഹോളിവുഡ് താരവും WWE സൂപ്പർതാരവുമായ ഡ്വയ്ൻ ജോൺസണെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ നിന്നും ഏറ്റവുമധികം പണംവാരുന്ന താരമായി മാറി. ഇതാദ്യമായാണ് ഒരു കായിക താരം ഈ ലിസ്റ്റിൽ ഒന്നാമതെത്തുന്നത്. ഇതുവരെ ഹോളിവുഡ് നടീനടന്മാരോ, ഗായകരോ മാത്രമാണ് ഈ ലിസ്റ്റിൽ മുകളിൽ ഉണ്ടായിരുന്നത്.

1.6 മില്യൺ ഡോളറാണ് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിന് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ലഭിക്കുന്നത്. രണ്ടാമത്തെ സ്ഥാനത്തുള്ള ഡ്വയ്ൻ ജോൺസൻ 1.52 മില്യൺ ഡോളറും, മൂന്നാം സ്ഥാനത്തുള്ള ഗായിക അരിയാന ഗ്രാൻഡെ 1.51 മില്യൺ ഡോളറുമാണ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് ഈടാക്കുന്നത്.

റൊണാൾഡോക്ക് പുറമെ ആദ്യ പത്തുപേരിൽ ഉൾപ്പെട്ട മറ്റൊരു ഫുട്ബോൾ താരം ലയണൽ മെസ്സിയാണ്. 1.1 മില്യൺ ഡോളറാണ് ഒരു പോസ്റ്റിന് മെസ്സി ഈടാക്കുന്നത്. ബ്രസീൽ സൂപ്പർതാരം നെയ്‌മർ ലിസ്റ്റിൽ പതിനാറാമതാണ്. കായികതാരങ്ങളിൽ നെയ്മർക്ക് പിറകിൽ നാലാമത് വിരാട് കോഹ്ലിയാണ്. അഞ്ചുകോടിയോളം രൂപയാണ് ഒരുപോസ്റ്റിന് കോഹ്ലി ഈടാക്കുന്നത്.

2021ൽ മാത്രം 125 മില്യൺ ഫോളോവർമാർ കൂടിയ റൊണാൾഡോ നിലവിൽ 300മില്യൺ ഫോളോവർമാരുമായി ലോകത്തെ ഏറ്റവും പ്രശസ്തനായ താരമാണ്. എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും കൂട്ടിയാൽ റൊണാൾഡോയുടെ ആരാധകരുടെ എണ്ണം 550 മില്യൺ കടക്കും.


റൊണാൾഡോയുടെ സോഷ്യൽ മീഡിയ ആരാധകരുടെ ‘പവർ’ ഈയടുത്ത് കോർപറേറ് ഭീമനായ കൊക്കക്കോള പോലും അറിഞ്ഞിരുന്നു. കോളക്കെതിരെ റൊണാൾഡോ നടത്തിയ ഒരൊറ്റ പരാമർശം മൂലം കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് വിപണിയിൽ കൊക്കക്കോള നേരിട്ടത്.