റൊണാൾഡോ യുവന്റസ് വിടുന്നു, താരത്തിന്റെ ഏജന്റ് പിഎസ്ജി നേതൃത്വവുമായി ചർച്ചയിൽ

ലിയോണിനെ മറികടക്കാൻ കഴിയാതെ ചാമ്പ്യൻസ് ലീഗിൽ നിന്നും യുവന്റസ് പുറത്തായതിനു പിന്നാലെ റൊണാൾഡോയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമാകുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം താരം ഇറ്റാലിയൻ ക്ലബ് വിടുന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്കു ചേക്കേറാൻ താരത്തിന്റെ ഏജന്റ് ക്ലബ് പ്രതിനിധികളുമായി ചർച്ചകൾ നടത്തുകയാണെന്നാണ് ഫൂട്ട്മെർകാടോ റിപ്പോർട്ടു ചെയ്യുന്നത്.

റയൽ മാഡ്രിഡിനൊപ്പം നാലു തവണ ചാമ്പ്യൻസ് ലീഗ് നേടിയ റൊണാൾഡോ ഇറ്റലിയിലെത്തിയതു തന്നെ യുവന്റസിനെ യൂറോപ്യൻ കിരീടം ചൂടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ സ്ഥിരമായി കിട്ടുന്ന രണ്ടു ലീഗ് കിരീടം നേടിയതൊഴിച്ചാൽ ഇറ്റാലിയൻ ക്ലബിനെ പുതിയ നേട്ടങ്ങളിലേക്ക് എത്തിക്കാൻ റൊണാൾഡോക്കു കഴിഞ്ഞില്ല. എന്നാൽ രണ്ടു സീസണിലും ടീമിന്റെ ടോപ് സ്കോറർ താരമായിരുന്നു.

കഴിഞ്ഞ നവംബറിൽ തന്നെ യുവൻറസ് വിടുന്ന കാര്യം റൊണാൾഡോ ചിന്തിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുവന്റസിൽ തിളങ്ങാൻ കഴിയാത്തതിനെ തുടർന്ന് പിഎസ്ജിയിലേക്കു ചേക്കേറുന്നതിനെ കുറിച്ച് റൊണാൾഡോ ചിന്തിച്ചെങ്കിലും പുതുവർഷം പിറന്നതിനു ശേഷം താരം മികച്ച ഫോമിലായിരുന്നു. എന്നാൽ നിരാശപ്പെടുത്തുന്ന രീതിയിൽ യുവന്റസ് പുറത്തായത് മാറിച്ചിന്തിക്കാൻ താരത്തെ പ്രേരിപ്പിക്കുന്നുണ്ട്.

യുവന്റസ് പരിശീലകനായി പിർലോ എത്തിയതും റൊണാൾഡോ ക്ലബ് വിടുന്ന കാര്യം ചിന്തിക്കാൻ കാരണമായിട്ടുണ്ടെന്നു സൂചനകളുണ്ട്. ക്ലബിൽ നല്ല അധികാരമുള്ള വ്യക്തിയായ പിർലോയുടെ ശൈലിക്ക് അനുയോജ്യനല്ലെന്നു തോന്നിയാൽ റൊണാൾഡോയെ ടീമിൽ നിന്നും തഴയാൻ അദ്ദേഹം മടിക്കില്ല. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിലുള്ളതെന്നും പറയപ്പെടുന്നു.

You Might Also Like