റൊണാൾഡ്‌ കൂമാൻ ഇനി ബാഴ്‌സയെ പരിശീലിപ്പിക്കും, പ്രഖ്യാപനം ഉടനുണ്ടായേക്കും

ബാഴ്സയുടെ പുതിയ പരിശീലകനായി മുൻ ബാഴ്‌സലോണ ഇതിഹാസവും നിലവിൽ ഹോളണ്ടിന്റെ പരിശീലകനായ റൊണാൾഡ് കൂമാനെ ബാഴ്സ കണ്ടുവെച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. ഇറ്റലിയിലെ പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ഫുട്ബോൾ ലോകത്തെ അറിയിച്ചത്.

ഫുട്ബോൾ ലോകത്തെ ഏറ്റവും വിശ്വസനീയമായ വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകനാണ് അദ്ദേഹം. ഈ ആഴ്ച്ച തന്നെ ഔദ്യോഗികമായ സ്ഥിരീകരണം ബാഴ്‌സ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നിലവിൽ ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ച് ബാഴ്‌സയുടെ പരിശീലകനായി ചുമതല ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഹോളണ്ടുകാരനായ കൂമാൻ ബാഴ്സലോണക്ക് വേണ്ടി ആറു വർഷക്കാലത്തോളം പന്തു തട്ടിയിട്ടുണ്ട്. 1989 മുതൽ 1995 വരെ ബാഴ്സയുടെ ജേഴ്സി അണിഞ്ഞ ഇദ്ദേഹം ഇരുന്നൂറിനടുത്ത് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. അൻപതിൽ കൂടുതൽ ഗോളുകളും ഇദ്ദേഹം നേടിയിട്ടുണ്ട്.അത്കൊണ്ട് തന്നെ ബാഴ്സയുടെ ശൈലികളെ കുറിച്ച് കൂടുതൽ അടുത്തറിഞ്ഞിട്ടുള്ള  പരിശീലകനാണ് കൂമാൻ.

ഇതിന് മുൻപ് ബാഴ്‌സയുടെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ചയാളാണിദ്ദേഹം. കൂടാതെ വലൻസിയ, എവെർട്ടൻ, ഹോളണ്ട് എന്നീ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പന്നതയുമായിട്ടാണ് ബാഴ്‌സയുടെ പരിശീലകസ്ഥാനത്തേക്ക് കൂമാനെത്തുന്നത്. ബയേണുമായി ദയനീയമായി തകർന്നടിഞ്ഞ ഒരു ടീമിന്റെ പുനർനിർമാണമാണ് കൂമാന്റെ ലക്ഷ്യമായി ബാഴ്‌സ മുന്നോട്ടുവെക്കുക.

You Might Also Like